SignIn
Kerala Kaumudi Online
Thursday, 19 September 2024 1.21 PM IST

മുല്ലപ്പെരിയാറും പന്തംകണ്ട പെരുച്ചാഴിയും

Increase Font Size Decrease Font Size Print Page

niyamasabha

പ്രളയവും പെരുച്ചാഴിയും തമ്മിലെന്താണ് ബന്ധം? എന്തോ ബന്ധമുണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കണ്ടെത്തൽ. സർക്കാരിന് ഒരു കാര്യത്തിലും അന്തമില്ലെങ്കിൽ ഉദ്യോഗസ്ഥർ പന്തംകണ്ട പെരുച്ചാഴികളായിപ്പോകുമെന്നതിൽ അദ്ദേഹത്തിന് സംശയമില്ല. മുൻസർക്കാരിന്റെ കാലത്ത് രാജിവെച്ച മന്ത്രിമാരുടെ വകുപ്പുകളെല്ലാം കൈകാര്യം ചെയ്തതിന്റെ ഒാർമ്മയിലായിരിക്കും ഇൗ കണ്ടെത്തലെന്ന് റവന്യൂമന്ത്രി കെ.രാജൻ തിരുത്തി. ഒരുകാര്യം അദ്ദേഹത്തിന് ഉറപ്പാണ്, മുൻ യു.ഡി.എഫ്.സർക്കാർ സുനാമി കൈകാര്യം ചെയ്തതു പോലെയല്ല തന്റെ സർക്കാർ പ്രളയവും ദുരിതാശ്വാസവും കൈകാര്യം ചെയ്തത്.

മഴയും പ്രളയവും മൂലം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന സഭയിൽ പ്രതിപക്ഷത്തിന് അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുണ്ടായിരുന്നതും പ്രളയം തന്നെ. പ്രളയത്തെ നേരിട്ട് തഴക്കവും പഴക്കവും വന്ന റവന്യൂവകുപ്പിന് സംസ്ഥാനത്തെ മൂന്നാമത്തെ പ്രളയദുരന്തം നേരിടുന്നതിലും ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ കാര്യകാരണസഹിതം വിശദീകരിച്ചപ്പോൾ കേട്ടിരുന്ന മുഖ്യമന്ത്രിക്കും കൈയടിക്കാതിരിക്കാനായില്ല. എന്നാൽ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുല്ലപ്പെരിയാർ നിറഞ്ഞുവരുന്നതിന്റെ ആശങ്ക സഭയിലിട്ടിട്ടാണ് ഇറങ്ങിപ്പോയത്. മുല്ലപ്പെരിയാർ പൊട്ടിവീണ് മുപ്പത്തിയഞ്ച് ലക്ഷം പേർ മരിക്കുമെന്നൊക്കെയാണ് പ്രചരിക്കുന്ന വാർത്തകൾ. പ്രശ്നം പരിഹരിക്കാനോ,വാർത്തകൾ പ്രചരിക്കുന്നത് തടയാനോ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

മുല്ലപ്പെരിയാറിന്റെ ആശങ്കയിൽ കാര്യമുണ്ടെന്ന് തന്നെയാണ് ഇടുക്കിയിൽ നിന്നുള്ള മുൻമന്ത്രി മണിയാശാനും ശ്രദ്ധക്ഷണിക്കലിൽ പറഞ്ഞത്. മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് ഒരു റൂമും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മണിയാശാന്റെ ആശങ്ക തീർത്തുകൊണ്ട് പറഞ്ഞു. തെറ്റായ വാർത്തകൾ പടച്ചുവിടുന്നവരെ നിയമം കൊണ്ട് നേരിടുമെന്നും തമിഴ്നാടിനും കേരളത്തിനും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും പ്രശ്നപരിഹാരചർച്ചയ്ക്ക് അനുയോജ്യമായ ബന്ധമാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ളതെന്ന് മുഖ്യമന്ത്രി ആണയിട്ടു.

നാട്ടിൽ പ്രളയം നടക്കുമ്പോൾ ഉത്തരവാദപ്പെട്ട ദുരന്തനിവാരണ ഉദ്യോഗസ്ഥൻ വിദേശത്തായിരുന്നുവെന്നും അദ്ദേഹത്തെ വിദേശവകുപ്പിൽ നിയമിക്കുന്നതാവും ഉചിതമെന്നും തിരുവഞ്ചൂർ പറഞ്ഞു. ദുരന്തനിവാരണവകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട ചെയർമാൻ മുഖ്യമന്ത്രിയാണെന്നത് മറന്നാണ് തിരുവഞ്ചൂർ സംസാരിക്കുന്നതെന്ന് മന്ത്രി കെ.രാജൻ ഒാർമ്മിപ്പിച്ചു.

പ്രളയത്തെക്കുറിച്ച് സംസാരിക്കാൻ കുട്ടനാട് എം.എൽ.എ ജയരാജൻ പലതവണ എഴുന്നേറ്റെങ്കിലും സമയത്തിൽ പിശുക്കുപുലർത്തിയ സ്പീക്കർ വകവെച്ചുകൊടുത്തില്ല. പ്രതിപക്ഷത്തെ രണ്ടാംകക്ഷിയായ മുസ്ളീം ലീഗിന് ഇന്നലെ ഉത്തരവാദിത്തപ്പെട്ട ആരുമുണ്ടായിരുന്നില്ല. ഇറങ്ങിപ്പോക്ക് പ്രസംഗം നടത്താൻ തുനിഞ്ഞ എൻ.എ.നെല്ലിക്കുന്ന് മന്ത്രിയുടെ പ്രസംഗത്തെ നയാഗ്രാ വെള്ളച്ചാട്ടമെന്ന് വിശേഷിപ്പിച്ച് തുടങ്ങിയപ്പോഴേക്കും സ്പീക്കർ നിയന്ത്രിച്ചു.

വടകരക്കാരിയാണെങ്കിലും കെ.കെ.രമ സഭയുടെ ശ്രദ്ധ ക്ഷണിച്ചത് കുട്ടനാടിനെ വെള്ളത്തിലാക്കുന്ന തോട്ടപ്പള്ളി പൊഴിയിലെ കരിമണൽ ഖനനത്തെക്കുറിച്ചായിരുന്നു. സംഗതി അനവസരത്തിലായിപ്പോയെന്ന്, മറുപടി പറഞ്ഞ വ്യവസായമന്ത്രി പി.രാജീവ് അംഗത്തെ തിരുത്തി. തോട്ടപ്പള്ളി പൊഴിയുണ്ടായിരുന്നത് കൊണ്ടാണ് ഇത്തവണ കുട്ടനാട് മുങ്ങാതിരുന്നത്. അതിൽ യു.ഡി.എഫ്. എം. എൽ. എ. പി.ജെ.ജോസഫിന് പോലും സംശയമില്ല. തോട്ടപ്പളളിയുടെ കാര്യം പറഞ്ഞ് മന്ത്രി വിഷയം മാറ്റാനാണ് ശ്രമിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.കെ.രമയ്ക്ക് പിന്തുണയുമായെത്തി.

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടിയതു കൊണ്ടല്ല, ഡാമുകൾ തോന്നിയതുപോലെ തുറന്നുവിടാതിരുന്നതു കൊണ്ടാണ് ഇക്കുറി കുട്ടനാട് മുങ്ങാതിരുന്നതെന്നും 2018ൽ മുന്നറിയിപ്പ് നൽകാതെ ഡാമുകളെല്ലാം തുറന്നുവിട്ട സർക്കാർ ജനങ്ങളെ മുക്കികൊല്ലുകയായിരുന്നുവെന്ന വിഷ്ണുനാഥിന്റെ പരാമർശം ബഹളത്തിനിടയാക്കി. ഇത് രേഖയിൽ നിന്നൊഴിവാക്കണമെന്ന് നെന്മാറ അംഗം കെ.ബാബു പറഞ്ഞു. പ്രളയദുരിതാശ്വാസം വിശദീകരിച്ചത് താനായത് കൊണ്ട് പ്രതിപക്ഷ നേതാവ് കേട്ടിരിക്കില്ലെന്ന മന്ത്രി രാജന്റെ ആത്മഗതം പ്രതിപക്ഷനേതാവിനെ വേദനിപ്പിച്ചു. കാര്യം പറയുമ്പോൾ തമാശപറഞ്ഞ് നിസാരമാക്കുന്നത് ശരിയല്ലെന്നും സതീശൻ ഒാർമ്മിപ്പിച്ചു.

ഇന്നലെ സഭയിൽ നാല് ബില്ലുകളാണ് ചർച്ചയ്ക്കെടുത്തത്. കയർ തൊഴിലാളി ക്ഷേമനിധിയുടെ അംശാദായം അഞ്ചുരൂപയിൽ നിന്ന് ഇരുപത് രൂപയാക്കാനും കാലാകാലങ്ങളിൽ അംശാദായം കൂട്ടുന്നതിന് നിയമഭേദഗതി ചെയ്യാതെ വിജ്ഞാപനം മതിയെന്നുമുള്ളതായിരുന്നു ഭേദഗതി. സംസ്ഥാനത്ത് നൂറുകോടിക്ക് മേലുള്ള വ്യവസായ നിക്ഷേപം സുഗമമാക്കാൻ കോമ്പോസിറ്റ് ലൈസൻസ് നൽകാനും അത് പുതുക്കുന്നതിനും നിയമപിന്തുണ നല്‌കുന്നതിന് കേരള സൂഷ്മ ചെറുകിട ഇടത്തരം വ്യവസായസ്ഥാപന ഭേദഗതിയും സംസ്ഥാനത്തെ ധാതുഖനനത്തിന് നിയന്ത്രണം കൊണ്ടുവരുന്ന നിയമവും കേരള കള്ള് വ്യവസായ വികസന ബോർഡ് നിയമവും സഭ ഇന്നലെ അംഗീകരിച്ചു.

നിക്ഷേപ സൗഹൃദമാക്കാനുള്ള നിയമത്തിന് കുറവില്ലെങ്കിലും സംസ്ഥാനത്ത് മൂവായിരം കോടി മുതൽ മുടക്കും പതിനായിരംപേർക്ക് തൊഴിലും നൽകിപ്പോന്ന 21വൻകിട സ്ഥാപനങ്ങൾ പൂട്ടിച്ചതിന്റെ ചീത്തപ്പേര് ഇനിയും പോയിട്ടില്ലെന്ന് മഞ്ഞളാംകുഴി അലി ഖേദിച്ചു. നോക്കുകൂലി എന്ന് മിണ്ടാൻ പോലും പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടും നോക്കുകൂലി നൽകാത്തവീട്ടുകാരുടെ കൈയും കാലും തല്ലിയൊടിക്കുന്നത് തടയാനായില്ലെന്ന് കെ.ബാബുവും പറഞ്ഞു. ധാതുഖനനം നിയന്ത്രിക്കുന്ന നിയമത്തിൽ നിന്ന് ചെങ്കല്ലും മണലും ഒഴിവാക്കണമെന്നും അലി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.