കോഴിക്കോട്: കൊവിഡ് വേളയിലും പിറകോട്ടടിക്കാതെ ബിസിനസിൽ മുന്നേറ്റം സൃഷ്ടിച്ച് സൈബർ പാർക്കുകൾ. സോഫ്‌റ്റ്‌വെയർ കയറ്റുമതിയിൽ കോഴിക്കോട് ഗവ. സൈബർ പാർക്കിന് ഏതാണ്ട് 80 ശതമാനം വർദ്ധന കൈവരിക്കാൻ കഴിഞ്ഞു.
നാലു കമ്പനികളുമായി 2014 - 15ൽ ആരംഭിച്ച പാർക്കിൽ ഇപ്പോൾ 64 ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളുണ്ട്. സ്റ്റാഫായി ആയിരത്തോളം പേരും. 2019 - 20 സാമ്പത്തികവർഷം 14.76 കോടി രൂപയായിരുന്നു ഇവിടെ നിന്നുള്ള സോഫ്‌റ്റ്‌വെയർ കയറ്റുമതിയെങ്കിൽ 2020 - 21 വർഷം 26.16 കോടി രൂപയിലേക്ക് അതു ഉയർന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വർഷത്തിലേറെ നേരിട്ട് ഓഫീസിൽ എത്തുന്നതിന് പകരം വർക്ക് ഫ്രം ഹോം രീതിയായിരുന്നു സ്റ്റാഫിന്. കമ്പനികളുടെ പ്രവർത്തനത്തെ ഇതു തീരെ ബാധിച്ചില്ലെന്ന് കയറ്റുമതി കണക്കുകളിൽ നിന്നു വ്യക്തം. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഒട്ടെല്ലാ കമ്പനികളിലും ഏതാണ്ട് എല്ലാ സ്റ്റാഫും ഓഫീസിൽ തിരിച്ചെത്തിയിരിക്കെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു.
മുഖ്യമായും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും യു.എസിലേക്കുമാണ് കോഴിക്കോട് നിന്നുള്ള സോഫ്‌റ്റ്‌വെയർ കയറ്റുമതി. കോഴിക്കോട്ടെ പ്രധാന ഐ ടി കമ്പനികളിൽ മിക്കതിനും വിദേശ രാജ്യങ്ങളിൽ ഓഫീസുമുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള യു.എൽ സൈബർ പാർക്കിനും കയറ്റുമതിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2020 - 21 സാമ്പത്തിക വർഷത്തെ കയറ്റുമതി നേട്ടം 37. 66 കോടി രൂപയാണ്. തൊട്ടു മുൻപത്തെ വർഷം ഇത് 37 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തികവർഷം ആദ്യ പകുതിയിൽ തന്നെ 21.33 കോടി രൂപയാണ് ഇവിടെ നിന്നുള്ള കയറ്റുമതി. രണ്ടാം പകുതിയോടെ ഇത് 40 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 84 കമ്പനികളിലായി രണ്ടായിരത്തോളം സ്റ്റാഫുണ്ട് ഇവിടെ.
" ഗവ.സൈബർ പാർക്കിൽ കൊവിഡ് കാലയളവിൽ മുപ്പതോളം പുതിയ കമ്പനികളാണ് വന്നത്. ഇടത്തരം കമ്പനികൾക്ക് സൗകര്യപ്രദമായ രീതിയിൽ 42,744 ചതുരശ്ര അടി ഓഫീസ് സൗകര്യം സജ്ജീകരിച്ചു. ഐ.ടി രംഗത്തെ പുത്തനുണർവ് ഇവിടെയുള്ള സ്ഥാപനങ്ങൾക്കും നേട്ടമാകും. ആഗോള ടെക്‌നോളജി മേളയായ ദുബായ് ജൈടെക്‌സിൽ ഇത്തവണ കേരളത്തിൽ നിന്ന് പങ്കെടുത്ത കമ്പനികളിൽ നല്ലൊരു പങ്കും കോഴിക്കോട്ട് നിന്നുള്ളവയാണ്.
വിവേക് നായർ,
ജനറൽ മാനേജർ,
ഗവ. സൈബർ പാർക്ക്
കമ്പനികൾ സ്റ്റാഫ്
ഗവ. സൈബർ പാർക്ക് 64 1000
യു.എൽ സൈബർ പാർക്ക് 84 2000