ന്യൂഡൽഹി:സംഘർഷഭരിതമായ ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്ന രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച്ച ചരിത്രപരമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവനും ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ തലവനും തമ്മിലുള്ള കൂടിക്കാഴ്ച്ച ലോകത്തിന് സമാധാന സന്ദേശം പകരുന്നതാണ്. കത്തോലിക്ക സഭയ്‌ക്കും വിശ്വാസി സമൂഹത്തിനും മോദി സർക്കാർ നൽകുന്ന പ്രാധാന്യമാണ് വ്യക്തമാകുന്നത്. ആഗോള സമാധാനത്തിനായി നിലകൊള്ളുന്ന നേതാവാണ് ഫ്രാൻസിസ് മാർപ്പാപ്പ. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന് അഗാധ പരിജ്ഞാനമുണ്ട്. കഴിഞ്ഞ വർഷം വത്തിക്കാനിൽ മറിയം ത്രേസ്യയുമായി ബന്ധപ്പെട്ട ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിക്കാനും അദ്ദേഹത്തിന്റെ സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ലോക രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണിത്. രണ്ട് ലോക നേതാക്കളുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമുള്ള കാര്യങ്ങൾക്കായി കാത്തിരിക്കാം. ഒപ്പം മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായും - മുരളീധരൻ പറഞ്ഞു.
ഭാരതത്തിന് വേണ്ടി - കണ്ണന്താനം
ഭാരതത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ച്ചയാണ് പ്രധാനമന്ത്രി മോദി മാർപ്പാപ്പയുമായി നടത്തിയതെന്ന് മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യയും പ്രതിരോധ സഹായവും വിദേശ നിക്ഷേപവുമൊക്കെ പ്രധാന രാഷ്ട്രങ്ങളിൽ നിന്നും ലഭ്യമാകേണ്ടതുണ്ട്. ഈ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്ന രാഷ്ട്രങ്ങളെല്ലാം ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്. മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയിലൂടെ ഈ രാഷ്ട്രങ്ങളുമായുള്ള ബന്ധം സുദൃഡമാകും. ആ നിലയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണിത്.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും - കണ്ണന്താനം പറഞ്ഞു.