SignIn
Kerala Kaumudi Online
Friday, 26 April 2024 5.04 PM IST

തോരാമഴയ്‌ക്കിടെ റോഡുകളും ' കുളം ' നഗരത്തിലെ യാത്ര ദുരിതത്തിൽ

f

തിരുവനന്തപുരം: തോരാമഴയ്‌ക്കിടെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സ്‌മാർട്ട് റോഡ് നിർമ്മാണം തുടങ്ങിയത് നഗരത്തിൽ യാത്ര ദുരിത പൂർണമാക്കി. നഗരഹൃദയത്തിലെ അരഡസനോളം പ്രധാന റോഡുകളാണ് കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിർമ്മാണത്തിന്റെ പേരിൽ കുളമാക്കിയത്. കൊവിഡിന് ശേഷം ഇന്നലെ സ്‌കൂളുകൾ കൂടി തുറന്നതോടെ ഗതാഗതത്തിരക്ക് ഇരട്ടിയായ നഗരത്തിൽ യാത്രക്കാർ വട്ടം ചുറ്റുകയാണ്.

നിർമ്മാണങ്ങളുടെ ഭാഗമായി റോഡുകൾ അടച്ചതോടെ വഴിതിരിച്ചുവിട്ടുവരുന്ന വാഹനങ്ങൾ നഗരഹൃദയമുൾപ്പെടുന്ന പാളയം, തമ്പാനൂർ, തൈക്കാട്, കിഴക്കേകോട്ട ഭാഗങ്ങളിലെ തിരക്ക് ഇരട്ടിയാക്കി. വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതൽ റോഡുകൾ നിർമ്മാണത്തിനായി അടയ്ക്കുകയും ചെയ്യുന്നതോടെ തലസ്ഥാന നഗരം ഗതാഗതക്കുരുക്കിൽ വട്ടം കറങ്ങും.

നിർമ്മാണം തുടങ്ങിയ റോഡുകൾ

1.പനവിള- ആനിമസ്ക്രീൻ സ്ക്വയർ റോഡ് (കലാഭവൻമണി റോഡ്).

2.ബേക്കറി- ഫോറസ്റ്റ് ഓഫീസ് റോഡ്

3.സ്പെൻസർജംഗ്ഷൻ- എ.കെ.ജി റോഡ്

4.മാനവീയം റോഡ്

5.സ്റ്രാച്യൂ- ജനറൽ ആശുപത്രി റോഡ്

6.കൈതമുക്ക് - പുന്നപുരം റോഡ്

മഴ ചതിച്ചു,​ കേബിൾ തുരങ്കങ്ങളുടെ

നിർമ്മാണം ഇഴയുന്നു

റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റുകളും കേബിളുകളും ഒഴിവാക്കി റോഡ് പൂർണമായും സുരക്ഷിതമായ ഗതാഗതത്തിന് സജ്ജമാക്കുന്ന പദ്ധതിയാണ് സ്മാർട്ട് റോഡ് വിഭാവനം ചെയ്യുന്നത്. റോഡുകൾക്ക് അടിയിലൂടെ കേബിളുകൾ കടത്തി വിടുന്നതിനുള്ള തുരങ്കങ്ങളുടെ നിർമ്മാണമാണ് ഇവിടങ്ങളിൽ ആരംഭിച്ചത്. റോഡുകളുടെ ഇരുവശങ്ങളും അടച്ച് റോഡുകൾ തുരന്ന നിർമ്മാണ കമ്പനി കേബിളുകൾ കടത്തിക്കൊണ്ടുപോകുന്നതിനുള്ള കോൺക്രീറ്റ് തുരങ്കങ്ങളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. സ്‌പെൻസർ - എ.കെ.ജി സെന്റർ റോഡിലും മറ്റും ഇതിനായി കമ്പിവളച്ച് കെട്ടുന്ന ജോലികൾ ആരംഭിച്ചെങ്കിലും മഴയും മണ്ണിടിച്ചിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി. കേബിൾ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനായി മണ്ണെടുപ്പ് തുടരുന്നതിനിടെ ഇടയ്ക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടലും പൈപ്പ് പൊട്ടി കുഴികളിൽ നിറയുന്ന വെള്ളം പമ്പ് ചെയ്യുന്നതിനും ചോർച്ച പരിഹരിക്കലും ജോലി വൈകിക്കുന്നു.

മൂക്കിൽ തൊടാൻ മൂന്ന് വലംവയ്ക്കണം

റോഡുകൾ അടയ്‌ക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തതോടെ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണ് നഗരവാസികൾ. ചാക്ക- പാളയം റോഡിൽ ജനറൽ ആശുപത്രി, എ.കെ.ജി സെന്റർ എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കെത്താനുള്ള എളുപ്പമാർഗമായിരുന്നു സ്പെൻസർ റോഡ്. ഈ വഴി അടച്ചതോടെ എസ്.ബി.ഐ, കനറാ ബാങ്ക്, സിഡ്കോ ഓഫീസ്,നിരവധി വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, ട്യൂട്ടേഴ്സ് ലൈൻ റസി. അസോസിയേഷനുൾപ്പെടെയുള്ള വിവിധ നഗറുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്‌കരമായി. മണ്ണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതിനാൽ തുടർച്ചയായ മഴയിൽ ചെളിക്കുളമാകുന്നതോടെ ഇതുവഴി കാൽനട പോലും അസാദ്ധ്യമാണ്. പ്രായമുള്ളവരും സ്ത്രീകളുമുൾപ്പെടെ പലരും ഇതിനോടകം ചെളിയിൽ തെന്നിവീണ് അപകടത്തിനിരയായിട്ടുണ്ട്.

നിർമ്മാണത്തിന് ഒന്നരവർഷം!

നഗരസഭയും കേരള റോഡ് ഫണ്ട് ബോ‌ർഡും കൺസൾട്ടൻസി സ്ഥാപനമായ ഐ.പി.ഇ ഗ്ളോബലും ചേർന്ന് നടത്തിവരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 18 മാസമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭാപരിധിയിലെ മറ്ര് 60 റോഡുകൾ കൂടി ഉടൻ അടയ്‌ക്കുമെന്നിരിക്കെ വരുംദിവസങ്ങളിൽ ഗതാഗതം കൂടുതൽ കുരുങ്ങുമെന്ന് ഉറപ്പായി.

പൊലീസിന് എട്ടിന്റെ പണി

നിർമ്മാണം ആരംഭിച്ച റോഡുകളിലെ ഗതാഗതം മെയിൻ റോഡുകളിലൂടെ വഴിതിരിച്ചുവിട്ടതോടെ പൊലീസിനും ട്രാഫിക് വാർഡന്മാർക്കും ഇരട്ടിപ്പണിയായി. സ്‌കൂളുകൾ ആരംഭിച്ച സാഹചര്യത്തിൽ നഗരത്തിൽ വാഹനപ്പെരുപ്പം വർദ്ധിച്ചതിന് പുറമേയാണ് ഗതാഗതം തിരിച്ചുവിട്ടതിന്റെ ഭാഗമായുള്ള വാഹനങ്ങളുടെ വരവ്. കലാഭവൻ മണി റോഡ് അടച്ചതിനെ തുടർന്ന് ഭാരവാഹനങ്ങൾ തൈക്കാട് ഗസ്റ്റ്ഹൗസ്, മേട്ടുക്കട, ഫ്ലൈഓവർ വഴിയും ചെറിയ വാഹനങ്ങൾ ബേക്കറി പനവിള തമ്പാനൂർ വഴിയുമാണ് തിരിച്ചുവിട്ടിരിക്കുന്നത്. സ്‌പെൻസർ റോഡിലെ വാഹനങ്ങൾ പാളയം വഴിയാണ് തിരിച്ചുവിട്ടത്.

പ്രതികൂല കാലാവസ്ഥ വിനയായി

മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രധാന തടസം. റോഡുകൾ അടച്ചതിനെ തുടർന്നുള്ള തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് വാർ‌ഡൻമാരെ നിയോഗിക്കാനും കരാറുകാരോട് നിർദേശിച്ചിട്ടുണ്ട്.

-പ്രോജക്ട് മാനേജർ, റോഡ് ഫണ്ട് ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.