SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 AM IST

മഹാരാഷ്‌ട്ര മന്ത്രിമാർക്കെതിരെ കേന്ദ്ര ഏജൻസികൾ: അജിത് പവാറിന്റെ 1000 കോടി സ്വത്ത് കണ്ടുകെട്ടി

ajit-pawar

ന്യൂഡൽഹി / മുംബയ്: മഹാരാഷ്‌ട്രയിൽ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയക്‌ടറേറ്റ് ജയിലിലടച്ചതിന് പിന്നാലെ അനധികൃത സ്വത്ത് കേസിൽ ഉപമുഖ്യമന്ത്രിയും എൻ.സി.പി മേധാവി ശരത് പവാറിന്റെ മരുമകനുമായ അജിത് പവാറിന്റെ 1000 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി.

ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷിച്ച നർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്‌ടർ സമീർ വാങ്ക്ഡെക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ കേസെടുത്തതും മന്ത്രിമാർക്കെതിരെയുള്ള കേന്ദ്രഏജൻസികളുടെ നടപടിയും എൻ.സി.പി-ബി.ജെ.പി പോര് രൂക്ഷമാക്കി.

അജിത് പവാറിന്റെയും കുടുംബത്തിന്റെയും പേരിൽ വിവിധ സംസ്ഥാനങ്ങളിലുള്ള സ്വത്തുക്കൾ ബിനാമി നിയമപ്രകാരമാണ് കണ്ടുകെട്ടിയത്. ഇടപാടുകൾ തെളിയിക്കാൻ അജിത് പവാറിന് 90 ദിവസം അനുവദിച്ചു.

കഴിഞ്ഞ മാസം പവാറിന്റെ സഹോദരി അടക്കമുള്ളവരുടെ വീടുകളിൽ നിന്ന് ആദായനികുതി വകുപ്പ് 184 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. സ്വത്തുക്കൾ പവാറിന്റെ ഭാര്യ, മകൻ, അമ്മ, സഹോദരി, മരുമകൻ എന്നിവരുടെ പേരിലാണെന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ ആരോപിച്ചു.

 കണ്ടുകെട്ടിയ സ്വത്തുക്കൾ

മുംബയ് നരിമാൻ പോയിന്റിലെ നിർമ്മൽ ടവർ (25 കോടി), സത്താറയിലെ ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി (600 കോടി), ഗോവയിലെ റിസോർട്ട് (250 കോടി), ഡൽഹിയിലെ ഓഫീസ് (25 കോടി), ഡൽഹിയിലെ ഫ്ളാറ്റ് (20 കോടി). മഹാരാഷ്ട്രയിലെ 500 കോടിയുടെ 27 വസ്തുവകകൾ

 അനിൽ ദേശ്‌മുഖ് 6 വരെ കസ്റ്റഡിയിൽ

തിങ്കളാഴ്ച അറസ്റ്റിലായ മന്ത്രി അനിൽ ദേശ്‌മുഖിനെ പ്രത്യേക കോടതി നവംബർ 6 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മന്ത്രിപദവി ദുരുപയോഗം ചെയ്ത് വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ വഴി ബാർ, ഹോട്ടൽ ഉടമകളിൽ നിന്ന് പിരിച്ച 4.7കോടി രൂപ സായി ശിക്ഷൺ സൻസ്‌ഥ എന്ന കുടുംബ ട്രസ്റ്റ് വഴി വെളുപ്പിച്ചെന്നാണ് കേസ്. ദേശ്‌മുഖ് ഭീഷണിപ്പെടുത്തി 100 കോടി പിരിച്ചെന്ന് മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ് ആരോപിച്ചിരുന്നു.

 ബി.ജെ.പി-എൻ.സി.പി പോര്

മന്ത്രിമാരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കുരുക്കുന്ന ബി.ജെ.പി നീക്കത്തിന് പകരമായാണ് ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്ക്ഡെയെ കോഴ ആരോപണത്തിൽ വിജിലൻസ് കേസിൽ പെടുത്തിയത്. വാങ്ക്ഡെയ്‌ക്കെതിരെ ആരോപണങ്ങൾ നിരത്തിയ മഹാരാഷ്‌ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസും തമ്മിൽ മാഫിയ-അധോലോക ബന്ധം ആരോപിച്ച് വാക്‌പോരിലുമാണ്.

'കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. ധനമന്ത്രിയായതിനാൽ സാമ്പത്തിക അച്ചടക്കം നല്ല ബോദ്ധ്യമുണ്ട്. എല്ലാ വസ്തുവകകൾക്കും കൃത്യമായ രേഖകളുണ്ട്".

- അജിത് പവാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, 1000 CRORE WORTH ASSETS ALLEGEDLY LINKED TO MAHARASHTRA MINISTER SEIZED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.