SignIn
Kerala Kaumudi Online
Wednesday, 08 May 2024 5.13 PM IST

വഴിയാത്രക്കാർ എന്തു പിഴച്ചു

joju

ഇന്ധന വിലവർദ്ധനയ്ക്കെതിരെ എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന ദേശീയപാത ഉപരോധം ജനശ്രദ്ധയാകർഷിച്ചത് അനുഗൃഹീത നടൻ ജോജു ജോർജിന്റെ ഒറ്റയാൾ പ്രതിഷേധത്തിന്റെ പേരിലാണ്. ഗതാഗതത്തിരക്കുള്ള നഗരത്തിൽ കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും വഴിതടയൽ പോലെ നീതീകരണമില്ലാത്ത സമരമുറകളെ ആരും പിന്തുണയ്‌ക്കില്ല. സംഘടിത ശക്തിക്കു മുന്നിൽ ജനങ്ങൾ നിസഹായരാകുന്ന സ്ഥിതിയാണ് . മുന്നോട്ടു പോകാനാകാതെ ഏറെനേരം വഴിയിൽ കിടക്കേണ്ടിവന്നതിന്റെ രോഷവും പ്രതിഷേധവും നിസഹായതയുമൊക്കെയാണ് നടൻ ജോജുവിന്റെ വാക്കുകളിൽ പ്രകടമായത്. സമരക്കാർ നടൻ ജോജുവിന്റെ കാർ തല്ലിത്തകർക്കുകയും അധിക്ഷേപിക്കുകയും കൈയേറ്റത്തിനു വരെ മുതിരുകയും ചെയ്തു. നടൻ സമരവേദിയിൽ അതിക്രമിച്ചു കയറി വനിതാ പ്രവർത്തകരെ അസഭ്യം പറയുകയും നിലവിട്ട് പെരുമാറുകയും ചെയ്തെന്നാണ് സമരം സംഘടിപ്പിച്ച കോൺഗ്രസ് നേതാക്കളുടെ ആരോപണം. നടൻ മദ്യലഹരിയിലാണ് ഇതൊക്കെ കാട്ടിക്കൂട്ടിയതെന്ന അടിസ്ഥാനമില്ലാത്ത ദുരാരോപണത്തിനും മുതിർന്നു. വൈദ്യപരിശോധനയിൽ നടൻ മദ്യപിച്ചിരുന്നില്ലെന്നു ബോദ്ധ്യപ്പെടുകയും ചെയ്തു.

മനുഷ്യർ രാവിലെ വാഹനങ്ങളിൽ ഓരോ അത്യാവശ്യ കാര്യങ്ങൾക്കായാണ് വീടുകളിൽ നിന്നിറങ്ങുന്നത്. എറണാകുളത്ത് തിരക്കേറിയ ഇടപ്പള്ളി - വൈറ്റില - അരൂർ ബൈപാസിൽ തങ്ങൾ റോഡ് ഉപരോധിക്കുമെന്ന് മുൻകൂർ അറിയിപ്പു നൽകിയിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. വാഹനങ്ങൾ മാറിപ്പോകണമെന്നു കാണിച്ച് പൊലീസ് വാർത്തയും നൽകിയത്രെ. എന്നാൽ ഇതൊന്നും അറിയാതെയാകുമല്ലോ നൂറുകണക്കിനു വാഹനങ്ങൾ സമരത്തെത്തുടർന്ന് റോഡിൽ അകപ്പെട്ടുപോയത്. ഇന്ധനവില കൂട്ടുന്നത് ജനങ്ങളല്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ്. അതിന് യാത്രക്കാരായ ജനങ്ങളെ റോഡിൽ തടഞ്ഞിട്ട് 'ക്ഷ" വരപ്പിക്കുന്നത് ശുദ്ധ ഭോഷ്‌‌ക്കാണ്. തെറ്റായ ഇന്ധനനയം തിരുത്തിക്കാൻ ഫലപ്രദമായ മറ്റു സമരമുറകൾ തേടുകയാണു വേണ്ടത്. കോൺഗ്രസുകാർ വഴിതടയൽ സമരത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് എല്ലാം കഴിഞ്ഞപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ പറയുന്നത്. അനുവാദം വാങ്ങാതെ പൊതുനിരത്തിൽ പന്തലൊരുക്കി സമരം നടത്തിയവരെ എന്തുകൊണ്ടാണ് പൊലീസ് തടയാതിരുന്നത് ? 1500 വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് ഉപരോധം നടത്തുമെന്ന് കാണിക്കുന്ന പ്ളക്കാർഡുകളും പോസ്റ്ററുകളുമൊക്കെ പ്രതിഷേധക്കാർ വഹിച്ചിരുന്നു എന്നതിൽ നിന്നുതന്നെ കാര്യം മനസിലാക്കാൻ പൊലീസിനു കഴിയേണ്ടതായിരുന്നു.

വികാരവിക്ഷോഭത്തിൽ നേതാക്കളിൽ ചിലരും പ്രവർത്തകരും ജോജു ജോർജിനെതിരെ നടത്തിയ അധിക്ഷേപങ്ങൾ അപലപനീയമെന്നു മാത്രമല്ല കോൺഗ്രസ് സംസ്കാരത്തിന് യോജിക്കാത്തതുമാണ്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ വരെയുണ്ട് ഇക്കൂട്ടത്തിലെന്നതാണ് നിർഭാഗ്യകരം. വസ്‌തുതകൾ മനസിലാക്കാതെയാണ് പലരും ചാടിയിറങ്ങിയത്. നടന്റെ വസതിയിലേക്കു പ്രകടനം നടത്താനും വെല്ലുവിളിക്കാനും മാത്രം എന്തു തെറ്റാണു അദ്ദേഹം ചെയ്തത്? യാത്ര ഇടയ്ക്കുവച്ചു മുടങ്ങി റോഡിൽ കിടക്കേണ്ടിവന്നാൽ ആർക്കുമുണ്ടാകുന്ന ക്ഷോഭവും പ്രതിഷേധവുമൊക്കെയാണ് നടനിൽ നിന്നുണ്ടായത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സ്വന്തം ദേഹരക്ഷയെക്കരുതി ആരും അതൊന്നും പുറത്തെടുക്കില്ലെന്നേയുള്ളൂ.

ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ ജനമുന്നേറ്റമുണ്ടാകേണ്ടത് ആവശ്യം തന്നെ. എന്നാൽ ഇതിനായി തിരഞ്ഞെടുക്കുന്ന സമരമാർഗങ്ങൾ ജനങ്ങളുടെ തന്നെ നെഞ്ചത്തു കയറിനിന്നാകരുത്. റോഡ് ഉപരോധിച്ചെന്ന് വച്ച് മന്ത്രിമാർക്കോ സർക്കാരിനോ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. സമരം നടത്തുന്നവരോട് അവർ മുഖം തിരിക്കുകയേയുള്ളൂ. യാത്രക്കാർ റോഡിൽ കിടന്നു നരകിക്കും. വഴിതടയൽ സമരത്തോട് എതിർപ്പുള്ളവർ കോൺഗ്രസിൽത്തന്നെ ഉണ്ടെന്നാണു മനസിലാക്കുന്നത്. അതു നല്ല ലക്ഷണമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD BLOCKADE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.