പ്രതിമയുടെ ഉയരം 12 അടി, ഭാരം 35 ടൺ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ സ്ഥാപിച്ച 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമയ്ക്ക് പ്രത്യേകതകളേറെയാണ്. 130 കോടി രൂപ ചെലവഴിച്ചുള്ള കേദാർനാഥ് ധാമിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക രൂപരേഖയിലാണ് പുതിയ പ്രതിമ തയാറാക്കിയത്.
2013ലെ വെള്ളപ്പൊക്കത്തിൽ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി ഒലിച്ചുപോയിരുന്നു. ഭാവിയിൽ അങ്ങനെയുണ്ടാവാതിരിക്കാനായി കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുപിറകിലും സമാധി പ്രദേശത്തിന് നടുവിലും ഭൂമി കുഴിച്ചാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ആദി ശങ്കരാചാര്യരുടെ പ്രതിമ നിർമാണത്തിനായി നിരവധി ശില്പികൾ വിവിധ മാതൃകകൾ നല്‍കിയിരുന്നു. അന്തിമ ലിസ്റ്റിലെ 18 മാതൃകകളിൽ നിന്ന് പ്രധാനമന്ത്രിയാണ് ഈ മാതൃക തിരഞ്ഞെടുത്തത്. മൈസൂരിലെ അതിപ്രഗത്ഭനായ ശില്പി, യോഗിരാജാണ് നിർമ്മാണം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മകൻ അരുൺ അടക്കം 9 പേരടങ്ങുന്ന സംഘം ഒപ്പം പ്രവർത്തിച്ചു. 2020 സെപ്തംബറിൽ പ്രിതമ നിർമ്മാണം തുടങ്ങി. ഒരു വർഷമെടുത്താണ് പൂർത്തിയാക്കിയത്.
130 ടൺ ഭാരമുള്ള കൃഷ്ണശിലയിൽ നിന്നാണ് 35 ടൺ ഭാരവും 12 അടി ഉയരവുമുള്ള പ്രതിമ കൊത്തിയെടുത്തത്. പ്രതിമയ്ക്ക് തിളക്കം കൂട്ടാനായി ലിറ്ററുകണക്കിന് തേങ്ങാവെള്ളം ഉപയോഗിച്ചു. തീ, വെള്ളം, മഴ, കാറ്റ്, പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെയും ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിതി. കഴിഞ്ഞ സെപ്തംബറിൽ പൂർത്തിയായ പ്രതിമ, മൈസൂരിൽ നിന്ന് ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ചാണ് ഉത്തരാഖണ്ഡിലെത്തിച്ചത്.