മണ്ണിടിച്ചിലിനെതുടർന്ന് ഗതാഗതം നിലച്ചു
പ്രദേശത്തെ തെരുവ് വിളക്കുകൾ നശിച്ചു
യാത്രാ ക്ലേശത്തിൽ പ്രദേശവാസികൾ
വർക്കല: താഴെവെട്ടൂർ റാത്തിക്കൽ തീരദേശറോഡിലെ പാർശ്വഭാഗങ്ങൾ ദിനംപ്രതി ഇടിഞ്ഞു വീഴുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. 30 വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ ശ്രമഫലമായി പൂർത്തീകരിച്ച വെട്ടൂർ - നെടുങ്കണ്ട തീരദേശ റോഡാണ് ശോച്യാവസ്ഥയിലുള്ളത്. ടി.എസ് കനാൽ നവീകരണത്തിന്റെ ഭാഗമായി കനാൽ വീതി കൂട്ടുന്നതിനിടെയാണ് ആദ്യഘട്ടത്തിൽ റോഡിന്റെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞുവീണത്. ഒന്നര വർഷം മുൻപായിരുന്നു ഇത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും നിറുത്തിവച്ചിരുന്നു. അടുത്തിടെ പെയ്ത ശക്തമായ മഴയിൽ റോഡ് പൂർണമായും തകരുകയും നിരവധി വീടുകൾക്കും പ്രദേശത്തെ പ്രധാന ആരാധനാലയമായ റാത്തിക്കൽ പള്ളി അപകടഭീഷണിയിലാവുകയും ചെയ്തു. താഴെവെട്ടൂർ പാലത്തിനും തൈക്കാവിന് സമീപവും മണ്ണിടിച്ചിൽ ഉണ്ടായത് പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. കനാൽ നവീകരണത്തിന്റെ ഭാഗമായി ഡ്രഡ്ജിംഗ് ചെയ്ത് നീക്കിയ മണ്ണ് കടൽത്തീരത്തെ പുരയിടങ്ങളിൽ തള്ളിയത് നീക്കാൻ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. കടലിന്റെയും കനാലിന്റെയും ഇടയിൽ താമസിക്കുന്ന നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. തീരദേശം വഴി വേഗത്തിൽ കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഭാഗത്തേക്ക് എത്താവുന്ന പ്രധാനപാതയാണ് അധികൃതരുടെ അനാസ്ഥമൂലം തകർന്നടിഞ്ഞത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോടികൾ ചെലവഴിച്ച് മത്സ്യഗ്രാമം പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ വെട്ടൂർ മേഖലയിലെ മിക്ക പദ്ധതികളും റോഡ് തകർന്നതോടെ നാമാവശേഷമായിട്ടുണ്ട്. തീരദേശ റോഡിന് കേടുപാടുകൾ സംഭവിച്ചപ്പോൾ ജനകീയ സമരം നടത്തിയിരുന്നു. അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം നിറുത്തിയതെങ്കിലും ഉറപ്പ് പാഴാവുകയായിരുന്നു.
വഴിവിളക്കുകൾ നശിച്ചു
അരിവാളം ബീച്ച് പാർക്ക്, നെടുങ്കണ്ട മുതൽ താഴെവെട്ടൂർ പൊഴി വരെ തീരത്ത് സ്ഥാപിച്ചിരുന്ന 120 എൽ.ഇ.ഡി ലൈറ്റുകൾ പൂർണമായും നശിച്ചു. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച പോസ്റ്റും കേബിളുകളും ഇല്ലാതായി. ഇതോടെ ഇവിടം കൂരിരുട്ടിലുമായി. കനാൽ നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ അശാസ്ത്രീയമായ പ്രവൃത്തിയാണ് ഇതിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ദീർഘവീക്ഷണമില്ലായ്മയും മേൽനോട്ടക്കുറവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയുമാണ് മറ്റൊരു കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.
ഗതാഗതം നിലച്ചു
തൈക്കാവ് റോഡിൽ ഇടിഞ്ഞഭാഗം തിരിച്ചറിയാനായി നാട്ടുകാർ മണൽച്ചാക്കുകൾ നിരത്തിയിരിക്കുകയാണ്. താഴെവെട്ടൂർ മുതൽ വിളഭാഗം ഒന്നാം പാലം വരെയുള്ള റോഡിലെ ഗതാഗതം മണ്ണിടിച്ചിൽ മൂലം മുടങ്ങിയിട്ട് ഒന്നരവർഷത്തോളമായി. താഴെ വെട്ടൂരിൽ നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഊറ്റുകുഴി റോഡ് വഴി രണ്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. തൈക്കാവ് ഭാഗത്തെ റോഡ് ഇടിച്ചിൽ തുടർന്നാൽ പ്രദേശം ഒറ്റപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
ഇതുവഴിയുള്ള ഗതാഗതം നിലച്ചിട്ട് - 18 മാസം
പ്രതികരണം
താഴെവെട്ടൂർ റാത്തിക്കൽ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. ശാസ്ത്രീയ പഠനം നടത്തി കനാലിന്റെയും റോഡിന്റെയും പാർശ്വഭിത്തികൾ ബലപ്പെടുത്തണം. റോഡ് പുനർനിർമ്മാണത്തിനായി ഫണ്ട് അനുവദിക്കണം.
അഡ്വ. അസീം ഹുസൈൻ,
വെട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്