SignIn
Kerala Kaumudi Online
Friday, 27 May 2022 11.30 PM IST

പണിമുടക്കിന്റെ ബാക്കിപത്രം

ksrtc

പൊതുജനത്തെ ബന്ദികളാക്കുന്നതിനൊപ്പം സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി പണിമുടക്ക് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. മന്ത്രി ഇതു പറയുമ്പോൾ കോർപ്പറേഷനിലെ എല്ലാ യൂണിയനുകളും പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരുമൊഴികെ ഒരൊറ്റ ജീവനക്കാരനും വെള്ളിയാഴ്ചയും ശനിയാഴ്ചയും ജോലിക്കെത്തിയില്ല. അത്യാവശ്യ സർവീസുകൾ എങ്ങനെയെങ്കിലും നടത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. എന്നാൽ ഒരൊറ്റ ട്രാൻസ്‌പോർട്ട് ബസും ഓടിയില്ല. പണിമുടക്കു ദിവസത്തെ ശമ്പളം തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പു ചർച്ചയിൽ ഈ പ്രഖ്യാപനമൊക്കെ ആവിയായിപ്പോവും. ട്രാൻസ്‌പോർട്ട് ബസുകൾ മാത്രം സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന മേഖലകളിൽ രണ്ടുദിവസം ശരിക്കും വലഞ്ഞത് സാധാരണ യാത്രക്കാരാണ്.

ശമ്പളപരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ പണിമുടക്ക്. ശമ്പള പരിഷ്കരണ ചർച്ചകൾ ഏതാണ്ട് പൂർത്തിയായെന്നാണ് കേട്ടിരുന്നത്. കൂടുതൽ ചർച്ചകളിലൂടെ പരിഹാരം കാണാനാവുന്ന പ്രശ്നത്തിൽ ഇടയ്ക്കുവച്ച് പണിമുടക്കുമായി ഇറങ്ങിത്തിരിച്ചവർക്ക് സ്ഥാപനത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ല. ബസുകൾ ഓടുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടല്ല, മറിച്ച് സാധാരണക്കാരന്റെ നികുതിപ്പണമെടുത്താണ് ഓരോ മാസവും സർക്കാർ തങ്ങൾക്കു ശമ്പളം നൽകുന്നതെന്ന യാഥാർത്ഥ്യം പോലും മറന്നുകൊണ്ടാണ് പണിമുടക്കിലേക്കുള്ള എടുത്തുചാട്ടം. ഓരോ മാസവും എൺപതോ നൂറോ കോടി രൂപ വച്ചാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്കു ശമ്പളച്ചെലവിന് നൽകുന്നത്. കൊവിഡ് നാളുകളിൽ ബസ് സർവീസുകൾ പൂർണമായി നിറുത്തിവയ്ക്കേണ്ട കാലത്തുപോലും ഒരു കുറവും വരുത്താതെയാണ് ശമ്പളം നൽകിയത്. ഭാഗികമായി സർവീസുകൾ തുടങ്ങിയപ്പോഴും ശമ്പളം നൽകാനാവശ്യമായ തുകയുടെ പത്തിലൊന്നുപോലും വരുമാനം ലഭിച്ചിരുന്നില്ല. ജീവനക്കാർക്കുള്ള ശമ്പളം മാത്രമല്ല നാല്പതിനായിരത്തിലധികം വരുന്ന മുൻ ജീവനക്കാരുടെ പെൻഷനും സർക്കാർ തന്നെയാണ് നൽകുന്നത്. ഏതു നിലയിലും സർക്കാരിനു ബാദ്ധ്യതയായി നിലനില്‌ക്കുന്ന കെ.എസ്.ആർ.ടി.സി പൊതുമേഖലാ വാദികളുടെ പോലും കണ്ണിലെ കരടായി മാറുന്നതിനിടയിലാണ് ഒന്നല്ല രണ്ടു ദിവസത്തെ പണിമുടക്കാഘോഷം. ഒൻപതുകോടി രൂപയുടെ നഷ്ടമാണ് ഇത് കോർപ്പറേഷന് വരുത്തിവച്ചത്. പണിമുടക്ക് ഒഴിവാക്കാൻ കഴിയാതെ വന്നതുകൊണ്ടാണത്രെ ഇതിന് ഇറങ്ങിയതെന്നാണ് യൂണിയനുകളുടെ വിശദീകരണം. സ്ഥാപനം എങ്ങനെ നശിച്ചാലും തങ്ങൾക്കു കിട്ടാനുള്ളതൊക്കെ കിട്ടുമെന്ന് അവർക്ക് തികഞ്ഞ ബോദ്ധ്യമുണ്ട്. സംഘടിതശക്തി ഉപയോഗിച്ച് അതു പിടിച്ചുവാങ്ങാമെന്ന ഉറപ്പുമുണ്ട്. അതുകൊണ്ടാവണമല്ലോ ദീപാവലി അവധിയുടെ തൊട്ടടുത്ത രണ്ടു ദിവസം തന്നെ പണിമുടക്കിനായി തിരഞ്ഞെടുത്തത്. സ്കൂളുകളൊക്കെ തുറക്കുകയും പലവിധ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യുകയും ചെയ്ത ദിവസങ്ങളിൽ പണിമുടക്കി ജനത്തെ ശ്വാസം മുട്ടിച്ചാൽ സർക്കാർ വഴങ്ങുമെന്നാകാം ചിന്ത. കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസായി പ്രഖ്യാപിക്കാൻ ആലോചിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞു. ഈ ആലോചന നേരത്തെ നടത്തേണ്ടതായിരുന്നു.

വേലയും കൂലിയുമൊന്നുമില്ലാതെ നാട്ടിൽ വലിയൊരു വിഭാഗം ഇപ്പോഴും കഷ്ടപ്പാടുകളുടെ നടുവിലാണ്. ദിവസങ്ങളോ ആഴ്ചകളോ മാത്രം വൈകിയേക്കാവുന്ന ശമ്പള പരിഷ്കരണത്തിന്റെ പേരിൽ സകല ജനങ്ങൾക്കും ബുദ്ധിമുട്ടാകുന്ന പണിമുടക്കിന് ഒരുങ്ങിയ യൂണിയനുകൾ ശരിക്കും യാത്രക്കാരോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഈ സമരശൈലി അപകടകരമാണെന്ന് അവർ തിരിച്ചറിയേണ്ടതാണ്. ഈ പണിമുടക്കിലൂടെ എന്തുനേടി എന്നുകൂടി ചിന്തിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC STRIKE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.