തൃശൂർ: ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്ക് രണ്ടാം ദിനവും തുടർന്നു. മാള, ചാലക്കുടി ഭാഗത്തേയ്ക്കുളള മൂന്ന് വീതം സർവീസുകൾ മാത്രമാണ് ഇന്നലെ ഓടിയത്. സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ്, കെ.ഐ.ടി.സി തുടങ്ങിയ സംഘടനകളാണ് പണിമുടക്കുന്നത്. ആദ്യദിനം ഒരു ബസ് പോലും സർവീസ് നടത്തിയില്ല. ബസുകൾ ഓടുമെന്ന് പ്രതീക്ഷിച്ച് നിരവധി പേർ ഇന്നലേയും ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലെത്തിയിരുന്നു. ഒടുവിൽ സ്വകാര്യ ബസുകളും ട്രെയിനുകളും ആയിരുന്നു ആശ്രയം. ട്രെയിനുകളിലും സ്വകാര്യ ബസുകളിലും ഇന്നലേയും തിരക്കേറി.