തളിപ്പറമ്പ്: കാലം തെറ്റി പെയ്ത മഴ, ആയിരം ഏക്കറിനുള്ള ഞാറ്റടിക്കായി വിതച്ച നെൽവിത്ത് മുഴുവൻ ഒഴുക്കികൊണ്ടുപോയെങ്കിലും ചെറുതാഴത്തെ കർഷകർ ആത്മവിശ്വാസത്തോടെ രണ്ടാംവിളയ്ക്ക് ഒരുങ്ങി. 13 പാടശേഖരങ്ങളിലായി 400 ഹെക്ടർ നെൽകൃഷിയാണ് ചെറുതാഴത്ത് ഇരുവിളകളായി ചെയ്യുന്നത്.
ഇരുവിളയും ചെയ്യുന്ന കർഷകർക്ക് ഇപ്രാവശ്യം ഇരട്ടപ്രഹരമാണ് മഴ ഏൽപ്പിച്ചത്. ഒന്നാംവിളയുടെ കൊയ്ത്ത് തന്നെ പലയിടത്തും ബുദ്ധിമുട്ടിലായി. കൂട്ടത്തിൽ രണ്ടാം വിള ഞാറ്റടിക്കിട്ട വിത്തും പോയി. എന്നാൽ ഇതിന്റെ നിരാശയിൽ തളർന്നിരിക്കാതെ പാരമ്പര്യ കർഷകർ രണ്ടാം വിള നെൽകൃഷിക്ക് മുഴുവൻ പാടങ്ങളെയും സജ്ജമാക്കുകയാണ്. മിക്ക പാടശേഖരങ്ങളും ശാസ്ത്രീയമായി ഞാറ്റടികൾ തയ്യാറാക്കിയാണ് കൃഷിചെയ്യുന്നത്.
തുണയായി തദ്ദേശസ്ഥാപനങ്ങൾ
പാടശേഖരങ്ങളിലെ മുഴുവനും വയലുകളിലും അത്യുത്പാദനശേഷിയുള്ള ഉമ നെൽവിത്താണ് ഉപയോഗിക്കുന്നത്. നല്ല വിളവ് ലഭിക്കുന്നതിനാൽ നെൽകൃഷി ലാഭകരമായികൊണ്ടുപോകാൻ സാധിക്കുമെന്നാണ് ഇവരുടെ ആത്മവിശ്വാസം. വിത്ത് സൗജന്യമായും കുമ്മായം സബ്‌സിഡി നിരക്കിലും ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകുന്നുണ്ട്. ഇതിന് പുറമെ ഹെക്ടറിന് 17,000 രൂപ കൂലിചെലവ് സബ്‌സിഡിയായും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നൽകുന്നുണ്ട്. സുസ്ഥിര നെൽകൃഷിവികസന പദ്ധതി പ്രകാരം കൃഷി വകുപ്പും ഹെക്ടറിന് 5500 രൂപ നൽകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സഹായമെത്തിക്കാനും ചെറുതാഴം ഗ്രാമപഞ്ചായത്ത് തയാറായിട്ടുണ്ട്.