കൊച്ചി: ഈ ശിശുദിനത്തിലും ചിൽഡ്രൻസ് പാർക്കിന്റെ കവാടങ്ങൾ തുറക്കില്ല. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാലാണ് പാർക്ക് തുറക്കൽ നീളുന്നത്. ട്രെയിൻ ഉൾപ്പെടെ പാർക്കിലേക്കുള്ള ഏതാനും കളിക്കോപ്പുകൾ കൂടി എത്താനുണ്ട്. ഈ മാസം ഒടുവിൽ അതെല്ലാം എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അതിനുശേഷം പാർക്ക് തുറന്നാൽ മതിയെന്ന് പൊതുവേ അഭിപ്രായമുണ്ട്. കൊവിഡ് ഭീതി നിലനിൽക്കുന്നതാണ് മറ്റൊരു ആശങ്ക. അതേസമയം, പാർക്ക് അനിശ്ചിതമായി അടച്ചിടുന്നതിൽ കളക്ടർക്ക് അതൃപ്തിയുണ്ട്. നിലവിൽ ഉള്ള കളിക്കോപ്പുകൾ വച്ച് പ്രവർത്തനം ആരംഭിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബമ്പർ കാർ, കമ്പ്യൂട്ടർ ആർക്കേഡ് ഗെയിം പ്ളാറ്റ്ഫോം, മിനി വാട്ടർ തീം പാർക്ക് എന്നിവയുടെ പണികൾ പൂർത്തിയായിട്ടില്ല. അരലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. പാർക്കിലെ പഴയകുളം വൃത്തിയാക്കി ചുറ്റും കരിങ്കല്ല് കെട്ടി ബോട്ടിംഗ് സൗകര്യം ഒരുക്കി. ഇതിനായി അഞ്ച് ഫൈബർ ബോട്ടുകൾ എത്തിക്കഴിഞ്ഞു. പഴയ കളിക്കോപ്പുകൾ പൂർണ്ണമായും നീക്കം ചെയ്തു. പകരം പുതിയ സാധനങ്ങളെത്തി. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല കുടുംബശ്രീ മിഷനെയാണ് ഏല്പിച്ചിരിക്കുന്നത്.