SignIn
Kerala Kaumudi Online
Wednesday, 18 May 2022 12.19 PM IST

മുല്ലപ്പെരിയാറിൽ പൊതിഞ്ഞ മുഖ്യമന്ത്രിയുടെ മൗനം

niyamasabha

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അ‌ടഞ്ഞുകിടക്കുന്ന ഷട്ടറുകൾ പോലെ വാചാലമായ മൗനത്തിന്റെ ഷട്ടർ തുറക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്നു. മുല്ലപ്പെരിയാറിൽ ബേബി ഡാമിന് കീഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുതന്നെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഈ മൗനത്തിന്റെ ഇടനാഴിയിൽവച്ച് തീർപ്പു കല്പിച്ചു. മുല്ലപ്പെരിയാറിന്മേലുള്ള സുപ്രീംകോടതിയിലെ കേസും ഇല്ലാതായെന്ന് അദ്ദേഹം വിലപിച്ചു.

മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി കൊടുക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ കിടപ്പ് ജൂൺ 11ന് അവിടെ തമിഴ്നാട്- കേരള ഉദ്യോഗസ്ഥർ നടത്തിയ സംയുക്തപരിശോധനയിൽ തുടങ്ങുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. സംയുക്തപരിശോധനയേ നടന്നിട്ടില്ലെന്ന് രണ്ട് ദിവസം മുമ്പ് സഭയിൽ പറഞ്ഞ വനംമന്ത്രി കഴിഞ്ഞ ദിവസം സംയുക്തപരിശോധന നടന്നതായി തിരുത്തിയിരുന്നു. സഭയിൽ ഒന്ന് പറയുകയും കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് മുന്നിൽവച്ച് മറ്റൊന്ന് പറയുകയും ചെയ്ത വനംമന്ത്രി എ.കെ. ശശീന്ദ്രൻ സഭയെ അവഹേളിക്കുകയും കേരളത്തെ കബളിപ്പിക്കുകയും ചെയ്തെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സംയുക്തപരിശോധന നടന്നുവെന്നുള്ള തിരുത്തൽപ്രസ്താവന ഇന്നലെ മന്ത്രി സമർപ്പിച്ചത് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ സഭയെ അറിയിച്ചു. പക്ഷേ, പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചിട്ടും ഇന്നലെ മന്ത്രി ശശീന്ദ്രനും മൗനത്തിന്റെ വാല്മീകത്തിലൊളിക്കുകയായിരുന്നു.

പ്രതിപക്ഷനേതാവിന്റെ ഉപക്ഷേപത്തിന് മറുപടി നൽകാൻ നിയോഗം ജലവിഭവമന്ത്രിയുടെ അഭാവത്തിൽ ആ മന്ത്രിക്കു വേണ്ടി വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടിക്കായിരുന്നു. അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ മുല്ലപ്പെരിയാർ സൂപ്പർവൈസറി കമ്മിറ്റി ചേർന്നത് തൊട്ട് ഇക്കഴിഞ്ഞ ദിവസം മരംമുറി ഉത്തരവിറങ്ങിയതും അത് മരവിപ്പിച്ചതും വരെയുള്ള കഥകൾ വിവരിച്ചു. വനംമന്ത്രി പറഞ്ഞതിന് നേർവിപരീത മറുപടി കൃഷ്ണൻകുട്ടിമന്ത്രിയിൽ നിന്ന് കേട്ട പ്രതിപക്ഷം എല്ലാം മുഖ്യമന്ത്രി അറിഞ്ഞെന്ന് കുറ്റപ്പെടുത്തി ഇറങ്ങിപ്പോയി.

കോൺഗ്രസുകാരുടെ ഭീഷണിയെത്തുടർന്ന് നടൻ ജോജുജോർജിന്റെ കുടുംബത്തിന് പുറത്തിറങ്ങാനാവുന്നില്ലെന്ന് ഉപക്ഷേപമായി ഉന്നയിച്ചത് നടൻ മുകേഷാണ്. എം.എസ്. സുബ്ബലക്ഷ്മിയെക്കുറിച്ച് ഇവർ രാഗങ്ങളുടെ രാജ്ഞി, ഞാൻ വെറുമൊരു പ്രധാനമന്ത്രി എന്നുപറഞ്ഞ പണ്ഡിറ്റ് നെഹ്റുവിനെ ഓർക്കാൻ മുകേഷ് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ഫാസിസ്റ്റ് മനോഭാവമുള്ള അപരിഷ്കൃതരായ സമൂഹദ്രോഹികളുടെ ഗണത്തിൽ സമരക്കാരായ കോൺഗ്രസുകാരെ മുഖ്യമന്ത്രി പെടുത്തി. മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗൊന്നും കേട്ട് കോൺഗ്രസുകാർ പേടിക്കില്ലെന്ന്, പിന്നീട് ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ഭേദഗതിബില്ലിന്റെ ചർച്ചയ്ക്കിടയിൽ മുന്നറിയിപ്പ് നൽകിയത് അൻവർ സാദത്താണ്. ബില്ലിന്റെ ചർച്ചയിൽ സാദത്ത് പറഞ്ഞതത്രയും ജോജുവിനെപ്പറ്റി. ബില്ലിലൊതുങ്ങി നിൽക്കണമെന്ന ചട്ടം മാത്യു.ടി.തോമസ് ഓർമ്മിപ്പിച്ചിട്ടും സാദത്ത് കുലുങ്ങിയില്ല. പാവപ്പെട്ട ഈറ്റത്തൊഴിലാളികളാരും സിനിമയിലഭിനയിക്കുന്നവരല്ല, സർ എന്ന് അപ്പോൾ ബില്ലവതരിപ്പിച്ച മന്ത്രി ശിവൻകുട്ടിക്ക് തന്നെ എഴുന്നേറ്റ് പറയേണ്ടിവന്നു! തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട അഞ്ച് ബില്ലുകൾ സഭ പാസാക്കി.

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി കേരളനിയമസഭയിലെത്തുന്ന ആദ്യത്തെ അടിയന്തരപ്രമേയമെന്ന മുഖവുരയോടെയാണ്, ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ചത്. പാരിസ്ഥിതികപ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിഷ്ണുനാഥ് സംശയിച്ചത് കെ-റെയിൽ പദ്ധതിക്ക് പിന്നാലെ പോകുന്നത് കണ്ടിട്ടാണ്. നമ്മുടെ കേരളം ഇപ്പോൾ ഒരുതരത്തിലും മുന്നോട്ട് പോകരുതെന്ന ദുഷ്ടചിന്തയാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി സംശയിച്ചു. കേരളത്തെ കോട്ടയാക്കി മാറ്റുന്ന സിൽവർലൈൻ പദ്ധതിയും പാരിസ്ഥിതികവികസനപരിപ്രേക്ഷ്യവും തമ്മിലെന്ത് ബന്ധമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.