വിറ്റുവരവിൽ വളർച്ച 61 ശതമാനം
തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ കല്യാൺ ജുവലേഴ്സ് ആകെ വിറ്റുവരവിൽ 61 ശതമാനം വളർച്ച നേടി. 1,798 കോടി രൂപയിൽ നിന്ന് 2,889 കോടി രൂപയായാണ് വളർച്ച. ഇന്ത്യയിലെ വിറ്റുവരവ് വളർച്ചയും 61 ശതമാനമാണ്. പലിശ, നികുതി തുടങ്ങിയ ബാദ്ധ്യതകൾക്ക് മുമ്പുള്ള വരുമാനം 'എബിറ്റ്ഡ" 18 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 228 കോടി രൂപയുടെ നേട്ടത്തിലെത്തി.
മുൻവർഷത്തെ സമാനപാദത്തിലെ 136 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ കല്യാൺ 69 കോടി രൂപയുടെ ലാഭത്തിലേക്കും മുന്നേറി. ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള 'എബിറ്റ്ഡ" 147 കോടി രൂപയിൽ നിന്ന് 201 കോടി രൂപയിലെത്തി; ലാഭം 29 കോടി രൂപയിൽ നിന്നുയർന്ന് 68 കോടി രൂപയായി. ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറിന്റെ വരുമാനം 22 കോടി രൂപയിൽ നിന്ന് 32 കോടി രൂപയിലെത്തി. 54 ലക്ഷം രൂപയാണ് ലാഭം. 21 ഇന്ത്യൻ സംസ്ഥാനങ്ങളിലും നാല് ഗൾഫ് രാജ്യങ്ങളിലുമായി 150 ഷോറൂമുകളെന്ന നാഴികക്കല്ലും കല്യാൺ മറികടന്നു. വരുംപാദങ്ങളിലും കമ്പനി മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് കല്യാൺ ജുവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |