ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കുമെന്ന് അറിയിപ്പ്. നാളെ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. വി.കൃഷ്‌ണമൂർത്തി, എൻ.ആർ ഇളങ്കോ എന്നിവരാണ് തമിഴ്‌നാടിന് വേണ്ടി കേസ് വാദിക്കുന്ന സംഘത്തിലുളളത്.
മൂന്നാം നമ്പർ കോടതിയിൽ 13ാമത് ഇനമായാണ് കേസ് പരിഗണിക്കുന്നത്. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് മഴ നന്നായി ലഭിക്കുന്നതിനാൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 139 അടിയ്‌ക്ക് മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. എന്നാൽ മുൻപത്തെയത്ര ജലം തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നില്ല. മുൻപത്തേതിന്റെ പകുതി അളവ് വെളളം മാത്രമാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്.
നിലവിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ വെളളം ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ വൈകിട്ട് നാലിനോ മറ്റന്നാൾ പുലർച്ചയോ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. 2398.03 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്.