SignIn
Kerala Kaumudi Online
Tuesday, 17 May 2022 1.35 PM IST

സംസ്ഥാന കോൺഗ്രസിന് വീണ്ടുമൊരങ്കത്തിന് ബാല്യമുണ്ടോ?​

vivadam

നീണ്ട മൂന്നുപതിറ്റാണ്ടിന് ശേഷം സംസ്ഥാന കോൺഗ്രസ് വീണ്ടുമൊരു സംഘടനാ തിരഞ്ഞെടുപ്പിന് കോപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. 1992 ലായിരുന്നു കേരളത്തിൽ അവസാനമായി സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ഐ, എ ഗ്രൂപ്പുകൾ, വടക്കൻപാട്ടിലെ യോദ്ധാക്കളെപ്പോലെ നേർക്കുനേർ നിന്ന് പോരാടിയ തിരഞ്ഞെടുപ്പിൽ, അന്നത്തെ ഭരണസംവിധാനത്തിന്റെ പിൻബലവും മറ്റും ഉപയോഗപ്പെടുത്തി രാഷ്ട്രീയചാണക്യനും കരുത്തനുമായ കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് സംഘടനയെ പിടിച്ചെടുത്തു. ഒരുപാട് കാഷ്വൽറ്റികൾ ഉണ്ടായി. സംഘർഷത്തിൽ പലർക്കും ഗുരുതരമായ പരിക്കുകളേറ്റു. വെട്ടും കുത്തും മുറയ്ക്ക് നടന്നു.

കരുണാകരൻ വയലാർ രവിയെ കളത്തിലിറക്കിയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എ.കെ. ആന്റണിയെ പരാജയപ്പെടുത്തിയത്. ആന്റണിയും രവിയും ഒരുമിച്ച് കെ.എസ്.യു കളിച്ച് വളർന്നവർ. ഒരേ നാട്ടുകാർ. പക്ഷേ കരുണാകരതന്ത്രം രവിയെ തന്നെ കളത്തിലിറക്കി ആന്റണിക്ക് എട്ടിന്റെ പണി കൊടുക്കുക എന്നതായിരുന്നു. ആ വിജയത്തിന് അല്പം ശൗര്യമേറും. അന്ന് ബൂത്തുതലം തൊട്ടുള്ള തിരഞ്ഞെടുപ്പുകളിൽ പൊലീസും ആൾബലവും കരുണാകരനൊപ്പമായിരുന്നു. മലപ്പുറവും പത്തനംതിട്ടയുമൊഴികെയുള്ള ജില്ലകളെല്ലാം ഐ ഗ്രൂപ്പ് തൂത്തുവാരിക്കളഞ്ഞു. എ ഗ്രൂപ്പ് നിലംപരിശായി. കോട്ടയത്ത് തർക്കം വന്നു. എ.ഐ.സി.സിയുടെ നിരീക്ഷകയായെത്തിയ പ്രഭാ റാവുവിന് ആന്റണിയോട് അല്പം ചായ്‌വുണ്ടായിരുന്നുവെന്ന് ഐ ഗ്രൂപ്പ് സംശയിച്ചു. ഒടുവിൽ നിരീക്ഷകയ്ക്ക് തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിൽ നിന്ന് വെളിയിലേക്കിറങ്ങാനാവാത്ത വിധം സംഘർഷാന്തരീക്ഷത്തെ അഭിമുഖീകരിക്കേണ്ടി വന്നു.

ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ പിടിച്ചെടുത്താണ് ഐ ഗ്രൂപ്പ് ആധിപത്യമുറപ്പിച്ചത്. ആന്റണിയെ രവി തോല്പിച്ചതോടെ, കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജി. കാർത്തികേയന്റെ എതിരാളിയായിരുന്ന വി.എം. സുധീരനടക്കം എ ഗ്രൂപ്പ് ഒന്നടങ്കം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഐ ഗ്രൂപ്പ് തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്നായിരുന്നു ആക്ഷേപം. കാർത്തികേയൻ എതിരില്ലാതെ വൈസ് പ്രസിഡന്റായി.

യഥാർത്ഥത്തിൽ അന്ന് തുടക്കത്തിൽ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് പ്രചരിച്ച പേര് കാർത്തികേയന്റേതായിരുന്നു. കരുണാകരന്റെ വത്സലശിഷ്യനായ കാർത്തികേയനെ അവസാനനിമിഷം പിന്മാറ്റിയത് ലീഡർ തന്നെ. സാമുദായികസമവാക്യം കൂടി നോക്കണമെന്ന് ലീഡർ നിർദ്ദേശിച്ചു. ലീഡർ നിൽക്കുമ്പോൾ പ്രസിഡന്റായി ഒരു ഈഴവനേതാവ് വരട്ടെയെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ വയലാർ രവിയിലേക്ക് കാര്യങ്ങളെത്തി. രവിക്കും ആന്റണിയോട് അതൊരു മധുരപ്രതികാരമായിരുന്നു.

92ലെ സംഘടനാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസിനകത്ത് കാർത്തികേയന്റെ നേതൃത്വത്തിൽ തിരുത്തൽവാദികൾ ഉദയം ചെയ്തു. രമേശ് ചെന്നിത്തലയടക്കം ലീഡറുടെ വിശ്വസ്ത ശിഷ്യഗണങ്ങൾ തിരുത്തൽവാദിയുടെ കുപ്പായമണിഞ്ഞു. എ ഗ്രൂപ്പിന് അതൊരു മികച്ച അവസരമായിരുന്നു. അവർ കരുക്കൾ നീക്കി. ചാരക്കേസ് പൊങ്ങിവന്നു. ഉയരത്തിൽ നിന്നുള്ള ലീഡറുടെ പതനം ഉറപ്പായപ്പോൾ എ.കെ. ആന്റണി ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പറന്നെത്തി മുഖ്യമന്ത്രിയായി.

ഇതെല്ലാം നടന്ന അക്കാലത്ത് കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ് ഒരു ശക്തിയായിരുന്നു. കേരളത്തിൽ താഴെത്തലം വരെ ലീഡറുടെയും മറ്റും ചടുലമായ നേതൃപാടവത്താൽ കോൺഗ്രസിന് അതിന്റേതായ കരുത്ത് നിലനിറുത്താനായിരുന്നു. എന്നാൽ ഇന്നിപ്പോൾ അതല്ല സ്ഥിതി.

കാലം മാറി, കോലം മാറി

ചന്ദ്രഗിരിപ്പുഴയിലും ഭാരതപ്പുഴയിലും മീനച്ചിലാറിലും കരമനയാറിലും വെള്ളം ഒരുപാട് പിന്നെയുമൊഴുകിയിരിക്കുന്നു. 1992ന് ശേഷം ഒന്നിലേറെ തവണ ദേശീയതലത്തിൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഒരുമ്പെട്ടിട്ടുണ്ട്. പക്ഷേ, ഒരു സംഘടനാ തിരഞ്ഞെടുപ്പിനെ കൂടി നേരിടാനുള്ള ആത്മവീര്യമോ ആത്മവിശ്വാസമോ എന്തുകൊണ്ടോ സംസ്ഥാനത്തെ കോൺഗ്രസിനില്ലാതെ പോയി. അതുകൊണ്ട് 2006ലും 2017ലും കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്ന നിലയുണ്ടായി. ലീഡറുടെ പ്രതാപകാലത്തിന് ശേഷമാണ് കേരളത്തിലെ കോൺഗ്രസിന് അങ്ങനെയൊരു ആത്മവിശ്വാസം നഷ്ടപ്പെട്ടത്.

ഇന്നിപ്പോൾ മാറിമാറി അധികാരത്തിലെത്തുന്ന രീതിക്ക് പോലും കേരളത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നു. കെ.കരുണാകരന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ടുപോയത് താഴെത്തട്ടിൽ സംഘടനയെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു എന്നതാണ് യാഥാർത്ഥ്യം. 2001-06 കാലത്തെ കോൺഗ്രസിനകത്തെ ആഭ്യന്തരകലഹത്തിനൊടുവിലാണ് ലീഡറുടെയും മറ്റും പുറത്തുപോകലും ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന പാർട്ടിയുടെ ഉദയവും. പിന്നീട് ഏതാണ്ട് അസ്തമയകാലത്ത് ലീഡറെ പാർട്ടി തിരിച്ചെടുത്തു. പക്ഷേ, താഴെത്തട്ടിലെ ലീഡറുടെ വലിയൊരു അനുയായിവൃന്ദം ഒന്നുകിൽ കോൺഗ്രസ് വിട്ടുപോവുകയോ അല്ലെങ്കിൽ രാഷ്ട്രീയമേ അവസാനിപ്പിക്കുകയോ ചെയ്തിരുന്നു. താഴെത്തട്ടിൽ കോൺഗ്രസ് തീർത്തും നിർജീവമായി.

കരുത്ത് ചോർന്ന കോൺഗ്രസ്

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അധികാരമേറിയത് നൂറ് സീറ്റുകൾ നേടിക്കൊണ്ടാണ്. അവിടുന്നിങ്ങോട്ട് കോൺഗ്രസിന് കര കയറാനായിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന രമേശ് ചെന്നിത്തലയെ കെ.പി.സി.സി അദ്ധ്യക്ഷനായി നിയോഗിച്ച ശേഷം ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പും എന്ന നിലയിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോയി. പാർട്ടിയിൽ അവശേഷിച്ച,​ കാര്യപ്രാപ്തിയുള്ള പലരും മേൽത്തട്ടിലെ സ്വാധീനമില്ലായ്മ കാരണം ഭ്രഷ്ടരാക്കപ്പെട്ടു. താഴേക്കിറങ്ങി പ്രവർത്തകരുടെ പൾസ് തിരിച്ചറിയാനുള്ള ശേഷിയൊന്നും പുതിയ നേതൃത്വത്തിനുണ്ടായില്ല. ലീഡറുടെ തണലിൽ മാത്രം പ്രവർത്തിച്ചവർക്ക് ലീഡറുടെ സംഘടനാവൈഭവം കിട്ടണമെന്നില്ലല്ലോ.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 72- 68 എന്ന നിലയിൽ ഭാഗ്യം കൊണ്ടാണ് യു.ഡി.എഫിന് അധികാരമേറാനായത്. അതുവരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി.ജെ. ജോസഫും കൂട്ടരും മാണിഗ്രൂപ്പിൽ ലയിച്ച തിരഞ്ഞെടുപ്പു കൂടിയായിരുന്നു 2011ലേത്. മാണിക്ക് അങ്ങനെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും സീറ്റുകൾ കൂടി സ്വന്തം അക്കൗണ്ടിലേക്ക് ചേർക്കാനായി. അല്ലായിരുന്നെങ്കിൽ ഒന്ന് ചിന്തിച്ചുനോക്കുക. 70- 70 എന്ന നിലയായേനെ. അതുമല്ലെങ്കിൽ ജോസഫിന്റെ സ്വാധീനത്താൽ മറ്റേതെങ്കിലും രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് അന്നേ ഇടതുമുന്നണി തുടർഭരണം സാദ്ധ്യമാക്കിയേനെ.

2011ൽ അങ്ങനെ കഷ്ടിച്ച് അധികാരമേറിയിട്ടും കോൺഗ്രസിന് താഴെത്തട്ടിൽ അതിന്റെ സംഘടനാബലം വർദ്ധിപ്പിക്കാനായില്ല. അതിന് പോന്ന നേതൃശേഷിയില്ലാതെ പോയതാണോ കാരണമെന്ന് നിശ്ചയമില്ല. ലീഡറില്ലാത്ത കാലമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ ജനസമ്പർക്ക പരിപാടിയൊക്കെ സംഘടിപ്പിച്ച് ഉമ്മൻ ചാണ്ടി ജനകീയപരിവേഷമുയർത്താൻ നോക്കിയെന്നത് ശരി തന്നെ. പക്ഷേ അദ്ദേഹവും എ ഗ്രൂപ്പ് മാനേജർ എന്ന നിലയിൽ നിന്ന് മുകളിലേക്കുയർന്നുവോ എന്ന് തിരിഞ്ഞുനോക്കുമ്പോൾ സംശയമാണ്.

ശരിയാണ്, ഉമ്മൻ ചാണ്ടിയുടെ മികവിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഒരു പ്രബല ശക്തിയായി. അതിനൊരു കേഡർ സ്വഭാവം കൈവന്നു. ആര്യാടൻ മുഹമ്മദിനെപ്പോലെ തന്ത്രശാലികളായ നേതാക്കളുടെ ബുദ്ധി എ ഗ്രൂപ്പിനെ വലിയ അളവിൽ തുണച്ചിട്ടുണ്ട്. ഒരുകാലത്ത് കരുണാകരനെ തളയ്ക്കുന്നതിൽ പോലും ആ ബുദ്ധിയാണ് പ്രവർത്തിച്ചതെന്ന് കരുതുന്നവർ കോൺഗ്രസിലേറെയാണ്.

2016ലെ തകർച്ച

2016ലെ തിരഞ്ഞെടുപ്പിനെ നേരിടാറായപ്പോഴേക്കും ആരോപണങ്ങളുടെ പെരുമഴക്കാലം തന്നെയായിരുന്നു കോൺഗ്രസിന്. ഇടക്കാലത്ത് കെ.പി.സി.സി അദ്ധ്യക്ഷനായെത്തിയ വി.എം. സുധീരനോട്, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞുനിന്നത് സംഘടനാശേഷിയെ ബാധിച്ചു. എ, ഐ ചേരികളുടെ നേതാക്കളെന്ന നിലയിൽ ഉള്ളാലെ ചില നീരസങ്ങളും പാരവയ്പുകളുമൊക്കെ ആസൂത്രണം ചെയ്തപ്പോഴും പുറമേക്ക് ഉമ്മൻ ചാണ്ടിയും രമേശും ഇരുമെയ്യാണെങ്കിലും ഒരു മനസെന്ന് വരുത്തിത്തീർത്താണ് മുന്നോട്ട് പോയത്.

ബാർകോഴ, സോളാർ എന്നിങ്ങനെയുള്ള വിവാദങ്ങളും ഉമ്മൻ ചാണ്ടി ഭരണത്തിന്റെ അവസാനകാലത്ത് ആറന്മുള വിമാനത്താവളം, മെത്രാൻകായൽ കൈയേറ്റം എന്നിത്യാദി പരിസ്ഥിതിവിഷയങ്ങളും കൊണ്ടുപിടിച്ച ചർച്ചയായപ്പോൾ ജനം ആ സർക്കാരിനെ തള്ളി. 91 സീറ്റുകളോടെ ഇടതുമുന്നണി അധികാരമേറി. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നേതൃശേഷിയും പ്രചരണരംഗത്ത് ഇടതുമുന്നണിക്ക് തുണയായെങ്കിലും മുഖ്യമന്ത്രിയായത് പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനായിരുന്നു.

2016ലെ നിലയിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാൻ കോൺഗ്രസിനായില്ല. അഞ്ച് വർഷം പ്രതിപക്ഷത്തിരുന്ന് എണ്ണമറ്റ പ്രക്ഷോഭങ്ങൾ നടത്തിയിട്ടും വിസിൽ ബ്ലോവർ ആയി അഴിമതിയാരോപണങ്ങൾ അസംഖ്യം രമേശ് ചെന്നിത്തല പുറത്തുവിട്ടിട്ടും ഇതായിരുന്നു സ്ഥിതി. താഴെത്തട്ടിൽ കോൺഗ്രസുണ്ടോയെന്ന് നേതൃത്വം അന്വേഷിച്ചേയില്ല. വി.എം. സുധീരൻ രാജിവച്ച ഒഴിവിൽ, കെ.പി.സി.സി അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ അഖിലേന്ത്യാ നേതൃത്വം നിയോഗിച്ചെങ്കിലും അദ്ദേഹത്തെ അടിച്ചിരുത്തി രമേശും ഉമ്മൻ ചാണ്ടിയും അവർക്ക് അടുപ്പമുള്ളവരെയൊക്കെ ചേർത്ത് സംഘടനാനേതൃത്വത്തെ കെട്ടിപ്പടുക്കുന്ന നിലയാണുണ്ടായത്. ഫലമോ, താഴെത്തട്ട് മുതൽ ജംബോകമ്മിറ്റികൾ പാർട്ടിസംഘടനയെ നയിക്കുന്ന നിലയായി. നേതാക്കൾ മാത്രം. പ്രവർത്തകരില്ല.

തിരിച്ചുവരവ് തടഞ്ഞ്

ഇടത് തുടർഭരണം

2021ലെ നിയമസഭാതിരഞ്ഞെടുപ്പ് കോൺഗ്രസിന് ഒരു ദുരന്തമായി മാറി. അഖിലേന്ത്യാ നേതൃത്വം ഇതൊരവസരമായി കണ്ടാണ് നേതൃത്വത്തെ അടിമുടി പിഴുതെറിഞ്ഞ് പുതിയ നേതൃത്വത്തെ അവരോധിച്ചത്. എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആശീർവാദത്തോടെയാണ് തുടർന്നിങ്ങോട്ട് കാര്യങ്ങൾ. സംഘാടകനെന്ന നിലയിൽ കരുത്തുള്ള കെ. സുധാകരനും വിശാലമായ കാഴ്ചപ്പാടും ചലനാത്മകമായ നേതൃശേഷിയുമുള്ള വി.ഡി. സതീശനും നയിക്കുന്ന നേതൃത്വമാണിപ്പോൾ കോൺഗ്രസിന്.

കേരളത്തിലെ കോൺഗ്രസിനെ എങ്ങനെയും രക്ഷിച്ചെടുക്കാൻ ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുന്നു ഇവർക്ക് ഹൈക്കമാൻഡ്. ഈ പൾസ് തിരിച്ചറിഞ്ഞെന്നോണം, കാലത്തിനൊത്ത് കോലം മാറുന്ന നേതാക്കളെയാണിപ്പോൾ കോൺഗ്രസിൽ കണ്ടുവരുന്നത്. എ, ഐ ഗ്രൂപ്പുകളിലെ പ്രബലന്മാരിൽ പലരും കളം മാറി വേണുഗോപാൽ- സുധാകരൻ- സതീശൻ അച്ചുതണ്ടിനൊപ്പം ചേർന്നുകഴിഞ്ഞു.

താഴെത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളെന്ന പുതിയ തന്ത്രം പ്രയോഗിച്ച് ബൂത്തുകളിൽ അധീശത്വമുറപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. എ ഗ്രൂപ്പിന്റെ കേഡർ പരിവേഷമെല്ലാം ചോരുന്ന നിലയായി. ഐ ഗ്രൂപ്പ് പൂർണമായും രമേശിൽ നിന്ന് മാറി പുതിയ അച്ചുതണ്ടിനൊപ്പമായെന്ന് പറയാം.

ഈയൊരവസ്ഥയിൽ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുന്നു. മുപ്പതാണ്ടിന് ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഇനിയുമൊരു കലാപത്തെ നേരിടാനുള്ള ആരോഗ്യം കോൺഗ്രസിനുണ്ടെന്ന് പ്രവർത്തകരിൽ പലരും വിശ്വസിക്കുന്നില്ല. 92ലേക്കാൾ മോശമാണ് കാലാവസ്ഥയെന്ന് ഒരു കോൺഗ്രസ് നേതാവ് ഈ ലേഖകനോട് പറഞ്ഞു. 92നേക്കാൾ വലിയ അടി നടന്നേക്കാം.

എ, ഐ ഗ്രൂപ്പുകൾ- അതായത്, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നുള്ളത്- ഒരുമിച്ച് പുതിയ ഔദ്യോഗികചേരിയെ എതിരിടാനൊരുങ്ങുന്നു. അതൊരു അയ്യയ്യോ ഗ്രൂപ്പായി മാറുമോയെന്നാണ് പലരും ചോദിച്ച് തുടങ്ങിയിരിക്കുന്നത്. സുധാകരനോട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റുമുട്ടാൻ രമേശ് ചെന്നിത്തല എത്തുമോ? അതോ മറ്റാരെങ്കിലുമാകുമോ? ചിലർ പറയുന്നത്, എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് അങ്ങനെ രമേശിനെയും കൂടെ കൂട്ടുന്നതിനോടത്ര പ്രതിപത്തിയില്ലെന്നാണ്.

സാമ്പത്തിക പിൻബലം രണ്ട് ചേരികൾക്കും നല്ലപോലെയുണ്ട്. ഹൈക്കമാൻഡിന്റെ പിന്തുണയുള്ളതിനാൽ ആൾബലവും സംഘടനാബലവും അല്പം കൂടുതൽ സുധാകര-സതീശ പക്ഷത്തിനാണ്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി കഴിഞ്ഞ രണ്ടു തവണയുമുണ്ടായത് പോലെ സമവായത്തിന് അവസാന നിമിഷം സംസ്ഥാന കോൺഗ്രസ് വഴങ്ങുമോ? എല്ലാം കണ്ടറിയേണ്ടതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.