കൊച്ചി: പമ്പയിൽ ഞുണങ്ങാറിനു കുറുകെ താത്കാലിക ബെയ്ലിപ്പാലം നിർമ്മിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കരസേന അറിയിച്ചെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബെയ്ലിപ്പാലം നിർമ്മിക്കുന്നതിനുള്ള സാമഗ്രികളും മറ്റും രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് കരസേന അധികൃതർ ഫോണിൽ അറിയിച്ചെന്നാണ് അസി. സോളിസിറ്റർ ജനറൽ പറഞ്ഞത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സ്റ്റേഷൻ കമാൻഡറോടാണ് സംസാരിച്ചതെന്നും ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണം നൽകാൻ അടുത്ത ദിവസത്തേക്ക് ഹർജി മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നുച്ചയ്ക്ക് വീണ്ടും പരിഗണിക്കാൻ മാറ്റി.