SignIn
Kerala Kaumudi Online
Monday, 14 September 2026 7.22 PM IST

മോദിയുടെ പിൻഗാമിയാവും യോഗി ? ഉത്തർപ്രദേശിൽ യോഗിസർക്കാരിന് തുടർച്ച ഉറപ്പാക്കാൻ സർവ സന്നാഹങ്ങളുമായി കളത്തിലിറങ്ങി ആർ എസ് എസ്, ഒരു മാസം നീളുന്ന പദ്ധതി ഇങ്ങനെ

yogi-adityanath-

ലക്നൗ : യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ യോഗിസർക്കാരിന് തുടർച്ച ഉറപ്പിക്കുവാനുള്ള തന്ത്രങ്ങളുമായി ആർ എസ് എസ്. ഇതിനായി സംസ്ഥാനത്തെ ഇളക്കി മറിക്കുന്ന അമൃത് മഹോത്സവ് സംഘടിപ്പിക്കുവാനാണ് നീക്കം. ദേശസ്‌നേഹം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ആർ എസ് എസ് വ്യക്തമാക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പിന് മുൻപായി അണികളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ആർ എസ് എസ് പരിപാടി പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലാവും തുടങ്ങുക. തിരംഗ യാത്ര, വന്ദേമാതരം ആലാപനം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണം, ആയിരക്കണക്കിന് സെമിനാറുകൾ തുടങ്ങിയവയാണ് യുപിയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും ഘോഷയാത്രയും നടത്തും.

1857ലെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരത്തിൽ രാജ്യത്തിനായി പോരാടിയ ഝാൻസിയുടെ രാജ്ഞി റാണി ലക്ഷ്മി ബായിയുടെ 193ാം വാർഷികം പ്രമാണിച്ച് നവംബർ 19ന് പ്രചാരണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുന്ദേൽഖണ്ഡ് സന്ദർശനത്തോടൊപ്പമായിരിക്കും ഇത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനു ശേഷം പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയതിനെ അനുസ്മരിക്കുന്ന 'വിജയ് ദിവസായ' ഡിസംബർ 16ന് ആർ എസ് എസ് പ്രചാരണം യുപിയിൽ അവസാനിക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ആർഎസ്എസ് ഉത്തർപ്രദേശ് ഘടകം എല്ലാ ജില്ലയിലും അമൃത് മഹോത്സവ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി മേഖലയിൽ മാത്രം 155 ബ്ലോക്ക് തലത്തിലും 105 നഗരതല യൂണിറ്റുകളിലും ആർഎസ്എസ് ഇത്തരം പരിപാടികൾ നടത്തും. നവംബർ 30 നും ഡിസംബർ 15 നും ഇടയിൽ നടക്കുന്ന തിരംഗ യാത്രയിൽ ത്രിവർണ പതാകയുമായി ആർഎസ്എസ് വളണ്ടിയർമാർ ഗ്രാമ ബ്ലോക്ക് തലങ്ങളിൽ റോഡ് റാലികൾ നടത്തും. സമാപന ദിവസമായ ഡിസംബർ 16 ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എല്ലാ ബ്ലോക്കുകളിലും സ്‌കൂൾ, കോളേജ് മൈതാനങ്ങളിൽ വന്ദേമാതരത്തിന്റെ കൂട്ടായ അവതരണം ആർഎസ്എസ് ആസൂത്രണം ചെയ്തിട്ടുണ്ട്.


ഇതിന് പുറമേ അമൃത് മഹോത്സവത്തിന് കീഴിലുള്ള പരിപാടികളിൽ ദേശീയ വിഷയങ്ങളെക്കുറിച്ചും, രാം മന്ദിറിനെക്കുറിച്ചും, ആർട്ടിക്കിൾ 370, പൗരത്വ നിയമങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചുകൊണ്ടുള്ള പരിപാടികളും സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RSS, YOGI MODEL, RSS YOGI, UP MODEL, MODI YOGI, UP ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360