കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ക്വിക്ക്ലീസ് എന്ന പേരിൽ പുതിയ ലീസിംഗ്, സബ്‌സ്ക്രിപ്ഷൻ സംരംഭം അവതരിപ്പിച്ചു. വാഹനങ്ങൾ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്‌സ്ക്രിപ്ഷൻ) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങളും ഒരുക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
വാഹന ഉപയോക്താക്കൾക്ക് ഒരു വാഹനം സ്വന്തമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി പുതിയ വാഹനം ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംരംഭമാണ് ക്വിക്ക്ലീസ്. ആദ്യഘട്ടമായി ബംഗളൂരു, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബയ്, നോയിഡ, പൂനെ എന്നീ നഗരങ്ങളിലാണ് ക്വിക്ക്ലീസ് നടപ്പാക്കുന്നത്.