28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും
പഴക്കം കൂടുംന്തോറും വീര്യം വർദ്ധിക്കുന്ന വീഞ്ഞ് പോലെയാണ് മലയാളി പ്രേക്ഷകർക്ക് ഉർവശി. തന്റെ 700 ാംമത്തെ ചിത്രം ചെയ്യുമ്പോഴും സിനിമയോടും അഭിനയത്തോടും ഉർവശി കാണിക്കുന്ന അഭിനിവേശം തന്നെയാണ് ആ ഉയർച്ചയുടെ കാരണം.
മലയാളം ,തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ നല്ല കഥാപാത്രങ്ങളായി ഉർവശി പകർന്നാട്ടം നടത്തി.മിഥുനം സിനിമ പുറത്തിറങ്ങി 28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് താരത്തിന്റെ ഏറ്റവും പുതിയ വിശേഷം. പ്രിയദർശന്റെ പുതിയ ചിത്രം അപ്പത്തയിലാണ് ഉർവശി ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയദർശനാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.അപ്പത്ത ഉർവശിയുടെ എഴുനൂറാമത്തെ സിനിമയും.
ഹാസ്യമായാലും ഗൗരവമേറിയ കഥാപാത്രമായാലും ഉർവശി എന്ന അഭിനേത്രിയ്ക്ക് അനായാസമാണ്.മലയാളികൾക്ക് ഉർവശി മിഥുനത്തിലെ പരാതിക്കാരിയായ ഭാര്യ സുലോചന എന്ന സുലുവും കടിഞ്ഞൂൽ കല്യാണത്തിലെ അരവട്ടുള്ള ഹൃദയകുമാരിയും തലയണമന്ത്രത്തിലെ സൂത്രക്കാരിയായ കാഞ്ചനയും മഴവിൽക്കാവടിയിലെ തമിഴ് പെൺകൊടി ആനന്ദവല്ലിയും പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും യോദ്ധയിലെ ദമയന്തിയും ലാൽസലാമിലെ അന്നമ്മയും ഭാര്യയിലെ ശൈലജയും സ്ത്രീധനത്തിലെ വിന്ധ്യയും കളിപ്പാട്ടത്തിലെ സരോജവും സ്ഫടികത്തിലെ തുളസിയുമാണ് . നായികയായി ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന ഉർവശി അമ്മ വേഷങ്ങളിലും സ്വഭാവ നടിയായും ഇന്നും മലയാളത്തിലും തമിഴിലും തിളങ്ങുന്നു. അച്ചുവിന്റെ അമ്മയിലെ അമ്മയും മമ്മി ആൻഡ് മി യിലെ മമ്മിയും, എന്റെ ഉമ്മാന്റെ പേരിലെ ഉമ്മയും അരവിന്ദന്റെ അതിഥികൾ വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലെ അമ്മവേഷങ്ങളിലും ഉർവശി തിളങ്ങി. എട്ടാം വയസിൽ ബാലതാരമായാണ് അരങ്ങേറ്റം. 13ാം വയസിൽ നായികയായി. മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അതിഗംഭീരമായി അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച അത്ഭുത പ്രതിഭ. തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡും ഉർവശി സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ് ചിത്രങ്ങളിലാണ് ഇപ്പോൾ ഉർവശി കൂടുതൽ ശ്രദ്ധിക്കുന്നത്.പുത്തൻ പുതുകാലെ, സുരരൈ പോട്ര്, മൂക്കുത്തി അമ്മൻ, ഒ അന്ത നാളുകൾ എന്നീ ചിത്രങ്ങളിൽ ഉർവശി അസാധാരണമായ പ്രകടനം തന്നെ കാഴ്ചവച്ചു. പത്തു ചിത്രങ്ങളാണ് തമിഴിൽ റിലീസിന് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |