കൊച്ചി: കർഷകരോടുള്ള അനുഭാവമല്ല കാലിനടയിലെ മണ്ണുചോരുന്നുവെന്ന രാഷ്ട്രീയ യാഥാർത്ഥ്യമാണ് മാപ്പുപറച്ചിലിനും കീഴടങ്ങലിനും മോദിയെ പ്രേരിപ്പിച്ചതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന എൻ.വൈ.സി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരെപ്പറ്റിയും മോദി പ്രതികരിക്കണം. നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനാടകമാണ് നടക്കുന്നതെന്നും പി.സി. ചാക്കോ പറഞ്ഞു.
എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, ദേശീയ സെക്രട്ടറി കെ.ജെ. ജോസ്‌മോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി ടി.വി. ബേബി, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, ഷെനിൽ മന്ദിരാട് എന്നിവർ സംസാരിച്ചു.