₹സ്വാമി ആനന്ദതീർത്ഥന്റെ 35ാം സമാധി ദിനാചരണം
പയ്യന്നൂർ: ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത ജനവിഭാഗം ഇന്ത്യയിൽ ഇന്നും ജാതിയുടെതായ വലിയ കോട്ടയ്ക്ക് പുറത്ത് നിൽക്കുകയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ആനന്ദതീർത്ഥയുടെ 35-ാം സമാധി ദിനാചരണവും പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം നവതി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഹരിജന സേവന നവയുഗ ധർമ്മ" എന്ന മുദ്രാവാക്യം സ്വാമി ആനന്ദതീർത്ഥ ലോകത്തിനു സംഭാവന ചെയ്തു. സ്വാമി കത്തുകളിൽ ആദ്യം വച്ചിരുന്ന വാചകവും ഇതായിരുന്നു. ശ്രീനാരായണഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം പോലെ, കേരളീയ ജനത നെഞ്ചിലേറ്റി പ്രാവർത്തികമാക്കേണ്ട പ്രസക്തമായ സന്ദേശമാണിത്. ഗുരുദേവന്റെ തത്വദർശനങ്ങൾ പ്രാവർത്തികമാക്കിയ ഏറ്റവും വലിയ മഹാപുരുഷനാണ് സ്വാമി ആനന്ദതീർത്ഥ. ഇത്രയും മഹത്വപൂർണ്ണമായ ജീവിതം നയിച്ച ഒരു സന്യാസി ഗുരുവിന് ശേഷം കേരളക്കരയിലുണ്ടായിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആശംസാപ്രസംഗം നടത്തി. ടി.ഐ. മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയും ശ്രീനാരായണ വിദ്യാലയം പൂർവവിദ്യാർത്ഥി കൂടിയായ സജി ജോസഫ് എം.എൽ.എ വിശിഷ്ടാതിഥിയുമായി. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസു മിത്രൻ എൻജിനിയർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ, ഭക്തി സംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, പ്രമുഖ ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ എന്നിവർ സംബന്ധിച്ചു.