SignIn
Kerala Kaumudi Online
Saturday, 19 September 2026 12.33 AM IST

സ്വർണക്കവർച്ച: ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പിടിയിൽ

crime

തട്ടിയത് 1.2 കിലോ സ്വർണം

കോഴിക്കോട്: പശ്ചിമബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ കസബ പൊലീസ് പിടികൂടി. പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത് ( 37 ), കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ് (22), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ (31), കാസർകോട് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് (30)എന്നിവരെയാണ് കസബ പൊലീസ് ഇസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

സെപ്തംബർ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി ലിങ്ക് റോഡിലുള്ള സ്വർണ ഉരുക്ക് ശാലയിൽ നിന്ന് മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വർണം നാലു ബൈക്കിലെത്തിയ എട്ടുപേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവരുകയായിരുന്നു. ഇവർക്ക് സിം കാർഡുകൾ എടുത്ത് നൽകി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെകുറിച്ച് വിവരം ലഭിച്ചത്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കർണാടകയിലെ രഹസ്യകേന്ദ്രം പൊലീസ് കണ്ടെത്തിയെങ്കിലും വെളുത്ത സ്വിഫ്റ്റ് കാറിൽ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെയും പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇവരിൽ നിന്ന് മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവർ കോഴിക്കോട് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ ഗുണ്ടകളാണെന്ന് പൊലീസ് പറഞ്ഞു. ഡപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജന്റെ മേൽനോട്ടത്തിൽ ടൗൺ അസി. കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തുന്നത്.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ.മനോജ്, കെ.അബ്ദുൾ റഹിമാൻ, കെ പി മഹീഷ്, എം.ഷാലു, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, മഹേഷ്, സുമേഷ് ആറോളി,
നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥ്, കസബ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, അഭിഷേക്, അനീഷ്, സീനിയർ സി.പി.ഒ മാരായ വിഷ്ണുപ്രഭ, സജീവൻ,രഞ്ജുഷ് , പ്രണീഷ്, ടി.കെ വിഷ്ണു, രാഹുൽ മാത്തോട്ടത്തിൽ, പി രൂപേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL