ചേലക്കര: സമൂഹത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതിൽ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ചേലക്കര പഞ്ചായത്ത് കെട്ടിടത്തിൽ വനിതാ വികസന കോർപറേഷന്റെ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകൾ സ്വയം പര്യാപ്തരാകേണ്ടത് അനിവാര്യമാണ്. വനിതാ വികസന കോർപറേഷന്റെ സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചേലക്കര പഞ്ചായത്ത് കെട്ടിടത്തിൽ ഉപജില്ലാ ഓഫീസ് ആരംഭിച്ചത്. വനിതകളുടെ സമഗ്ര പുരോഗതി എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ. എസ് സലീഖ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്റഫ് എന്നിവർ മുഖ്യാതിഥികളായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കെ.എസ്.ഡബ്ല്യു.ഡി.സി മാനേജിംഗ് ഡയറക്ടർ വി. സി ബിന്ദു, മേഖലാ മാനേജർ എം. ആർ രംഗൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |