SignIn
Kerala Kaumudi Online
Sunday, 20 September 2026 2.13 AM IST

പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേല്പിച്ചു

kk

വൈത്തിരി: പ്രണയ നൈരാശ്യത്തിൽ വിദ്യാർത്ഥിനിയെ കുത്തി പരിക്കേല്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിലായി. ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയായ പുൽപ്പള്ളി മുള്ളൻകൊല്ലി സ്വദേശിനിക്കാണ് കുത്തേറ്റത്. പെൺകുട്ടിയെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും കൈയ്ക്കും മുറിവുകളേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പാലക്കാട് മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ ദീപു (23) ആണ് പിടിയിലായത്. പ്രവാസിയായ യുവാവ് ഈയിടെ നാട്ടിലെത്തിയതായിരുന്നു. ബന്ധുവായ ജിഷ്ണു (21) വിനൊപ്പമാണ് ബൈക്കിലെത്തിയത്. ഇയാളെയും പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് നാലര കഴിഞ്ഞതോടെ ഓറിയന്റൽ കോളേജിനു സമീപത്ത് വച്ചായിരുന്നു സംഭവം. ലക്കിടി സ്‌കൂളിനടുത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. ചെറിയ പിച്ചാത്തി ഉപയോഗിച്ച് മുഖത്താകെ കുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത വയലിൽ വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. ദീപുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപുവും പെൺകുട്ടിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു.ഇരുവരും വൈകിട്ട് വൈത്തിരിയിലെ ഹോട്ടലിൽ ഒന്നിച്ചിരുന്നു ചായ കുടിച്ചതായി പറയുന്നു. പ്ലസ്ടു കാലം മുതൽ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആക്രമിച്ചതാണെന്നും മുഖം വികൃതമാക്കിയാൽ വിവാഹം കഴിക്കാനാരും എത്തില്ലെന്നു തോന്നലിലാണ് അങ്ങനെ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബൈക്കിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജിഷ്ണുവിനെ (21) അടിവാരത്തു വച്ചാണ് പൊലീസ് പിടികൂടിയത്.

വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കോറോത്താണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTACKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA