SignIn
Kerala Kaumudi Online
Thursday, 02 December 2021 6.33 AM IST

കുഴിച്ച് മൂടേണ്ട നോക്കുകൂലി

photo

കയറ്റിറക്കു ജോലി നടക്കുന്ന ഇടങ്ങളിൽ നോക്കിനില്‌ക്കുന്നവർക്കും കൂലി നൽകേണ്ടിവരുന്ന പ്രാകൃത സമ്പ്രദായം ലോകത്ത് കേരളത്തിൽ മാത്രമേ കാണുകയുള്ളൂ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷണം സർക്കാരിനെ മാത്രമല്ല സമൂഹത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്. നിയമ വ്യവസ്ഥ പുലരുന്ന ഒരു നാട്ടിലും നീതിക്കും നിയമത്തിനും കേവല മര്യാദയ്ക്കും നിരക്കാത്ത ഇത്തരമൊരു ഏർപ്പാട് കാണാനാവില്ല. അതുകൊണ്ടുതന്നെയാണ് നോക്കുകൂലി ആവശ്യപ്പെടുന്നത് പിടിച്ചുപറിയായിക്കണ്ട് , കേസെടുത്ത് ഇത്തരക്കാർക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകിയത്. സാദ്ധ്യമായ മുഴുവൻ വകുപ്പുകളും ചുമത്തി വേണം നോക്കുകൂലിക്കാർക്കെതിരെ കേസെടുക്കാൻ. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്ന തൊഴിലാളികളെ മാത്രമല്ല അവരുടെ യൂണിയൻ നേതാക്കളെയും കൂട്ടുപ്രതികളാക്കണമെന്നാണ് നിർദ്ദേശം. നോക്കുകൂലി നിരോധിച്ച് സംസ്ഥാന സർക്കാർ 2018-ൽ ഇറക്കിയ ഉത്തരവ് പ്രാബല്യത്തിലുണ്ടെങ്കിലും അതു മറികടന്നാണ് നോക്കുകൂലി ഒരു മറയുമില്ലാതെ ഇപ്പോഴും നിലനില്‌ക്കുന്നത്. ശക്തമായ ചുമട്ടുതൊഴിലാളി നിയമം നടപ്പിലാക്കിയ സംസ്ഥാനമാണു കേരളം. ഓരോ ഇനം സാധനവും കയറ്റുന്നതിനും ഇറക്കുന്നതിനും കൂലിയും നിശ്ചയിച്ചിട്ടുണ്ട്. കൂലിയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഉടമസ്ഥന് നിയമ സഹായം തേടാനും വ്യവസ്ഥയുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും കയറ്റിറക്കു മേഖലയിൽ തൊഴിലാളി യൂണിയനുകൾ പറയുന്നതാണു നിയമം.

നോക്കുകൂലി പാടേ തടയാൻ പര്യാപ്തമായ പുതിയ വല്ല വകുപ്പുകളും ആവശ്യമുണ്ടെന്നു കണ്ടാൽ അവ ഉൾപ്പെടുത്തി ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാനും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നോക്കുകൂലി പ്രശ്നത്തിൽ പൊലീസ് ഇടപെടൽ ഉറപ്പാക്കി ഡി.ജി.പി ഡിസംബർ എട്ടിനകം വ്യക്തമായ സർക്കുലർ ഇറക്കുകയും വേണം. നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ കൊള്ള നടക്കുന്നതെന്നു പറയാം. സംഘടിത മേഖലകളിൽ ധാരണയുടെ അടിസ്ഥാനത്തിൽ നീക്കുപോക്കുകൾ കണ്ടേക്കാം. എന്നാൽ വ്യക്തികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ചുമട്ടുതൊഴിലാളികളുടെ സേവനം വേണ്ടിവരുമ്പോൾ നോക്കുകൂലി മാത്രമല്ല അമിത കൂലിയും പ്രശ്നമായി ഉയരാറുണ്ട്. സമീപകാലത്ത് തുമ്പ ബഹിരാകാശ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന കൂറ്റൻ യന്ത്രഭാഗങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടു വരെ നോക്കുകൂലി ചോദിച്ച കാര്യം വലിയ ചർച്ചയായതാണ്. തങ്ങളെക്കൊണ്ട് അവ ഇറക്കാനാവില്ലെന്ന് പൂർണ ബോദ്ധ്യമുണ്ടായിട്ടും നോക്കിനിന്നതിന്റെ പേരിൽ കൂലി ആവശ്യപ്പെടുകയായിരുന്നു.

ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം പിഴയും ഈടാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ഭേദഗതി ചെയ്യുമ്പോൾ ഈ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണം. ശിക്ഷ ശക്തമാണെന്നു വരികിൽ കുറച്ചൊക്കെ മാറ്റമുണ്ടാകാതിരിക്കില്ല. നിയമ ലംഘനത്തിനെതിരെ ആളുകളും സ്വമേധയാ മുന്നോട്ടുവരേണ്ടതുണ്ട്. പൊതുജനം കൂടി ബോധവാന്മാരായാലേ ഇത്തരം നിയമലംഘനങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനാവൂ. തങ്ങളുടെയിടയിൽ നടമാടുന്ന ഈ സാമൂഹ്യ തിന്മയ്‌ക്കെതിരെ വാളെടുക്കാൻ യൂണിയൻ നേതൃത്വങ്ങൾ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. എന്നാൽ പലപ്പോഴും അതുണ്ടാകുന്നില്ല. പൊതുവേദികളിൽ നോക്കുകൂലിക്കെതിരെ ശബ്ദമുയർത്തുന്നവർ സ്വകാര്യമായി അതിനെ അനുകൂലിക്കുന്നതായാണു കണ്ടുവരുന്നത്. ഈ സമീപനമാണ് നോക്കുകൂലി എന്ന മര്യാദകേട് തുടരാൻ സഹായകമാകുന്നത്. കോടതിയുടെ ഇടപെടലുകൾ കൂടാതെ തന്നെ യൂണിയനുകൾ നോക്കുകൂലി തടയാൻ നടപടി സ്വീകരിക്കേണ്ടതായിരുന്നു. അന്തസും ആഭിജാത്യവുമുള്ള സംസ്ഥാനത്തെ തൊഴിലാളികൾക്കാകമാനം കളങ്കമുണ്ടാക്കുന്നതാണ് നോക്കുകൂലി എന്ന അപരിഷ്‌കൃത സമ്പ്രദായം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOKKU KOOLI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.