വിജയം പൂർണമാകണമെങ്കിൽ പല കാര്യങ്ങൾ ഒരുമിച്ചുവരണം. ഒരു പരിപൂർണ വിജയത്തിന്റെ ഏതാണ്ട് 80 ശതമാനവും ഉണ്ടാകുന്നത് കഠിനാദ്ധ്വാനത്തിലൂടെയാണ്. ബാക്കി പത്തുശതമാനം നമ്മുടെ പോസിറ്റിവിറ്റിയാണ്. ഏത് കാര്യം ചെയ്യുന്നതിന് മുമ്പും പോസിറ്റീവ് കാഴ്ചപ്പാട് ഉണ്ടായിരിക്കണം. ബാക്കിയുള്ള പത്തുശതമാനം ഭയഭക്തിയും ആത്മീയതയുമാണ്. ചെയ്യുന്ന പ്രവൃത്തിയോടുള്ള പോസിറ്റീവ് മനോഭാവം വലിയ വിജയത്തിലേക്ക് വഴിതെളിക്കും.
പരാജയപ്പെടാത്തവരുണ്ടോ?
നാം എല്ലാകാര്യത്തിലും എപ്പോഴും വിജയിക്കണമെന്നില്ല. ആഫ്രിക്കൻ പുൽമേടുകളിൽ സൂര്യനുദിച്ചുയരുമ്പോൾ, ലോകത്തിലെ ഏറ്റവും വേഗതയുള്ള മൃഗം അതിന്റെ ഇരയെ പിടിക്കാനുള്ള പുറപ്പാടിലാണ്. വേഗതയുടെ കാര്യത്തിൽ നാലാമതോ അഞ്ചാമത്തെയോ സ്ഥാനം മാത്രമുള്ള മറ്റൊരു മൃഗമാണ് അതിന്റെ ലക്ഷ്യം. പക്ഷേ, ചീറ്റ അഥവാ പുള്ളിപ്പുലി എന്ന ഒന്നാം നമ്പർ ഓട്ടക്കാരന് വേട്ടയാടൽ അത്ര എളുപ്പമല്ല. പലതവണ അവൻ പരാജയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വേഗതയുള്ള മൃഗമാണ് പരാജയപ്പെടുന്നത് എന്നോർക്കണം. അപ്പോൾ ആ മൃഗം എന്താണ് ചെയ്യുന്നത്. നമ്മളിൽ പലരും ചെയ്യുന്നത് പോലെ മാറിയിരുന്ന് കരയുമോ? അതോ ഇരയെ കുറ്റപ്പെടുത്തുമോ? അതുമല്ലെങ്കിൽ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുമോ? എന്തായാലും പുള്ളിപ്പുലി ആത്മഹത്യ ചെയ്യില്ല. ജീവിതത്തിൽ അനേകായിരം തവണ ഒരു പുള്ളിപ്പുലി പരാജയപ്പെടുന്നു. എന്നിരുന്നാലും അവൻ ശ്രമം അവസാനിപ്പിക്കുന്നില്ല. ഇരയെ കിട്ടാതെ ആകുമ്പോൾ അവൻ ചുവടുകൾ മാറ്റിപിടിക്കുന്നു. പുതിയ തന്ത്രങ്ങൾ മെനയുന്നു. അതിലൂടെ ലക്ഷ്യം കൈവരിക്കുന്നു.
ഉണ്ണിക്കുട്ടനെ നോക്കൂ
മധ്യവേനലവധിക്കാലം. പത്തുവയസുകാരൻ ഉണ്ണിക്കുട്ടൻ രാവിലെ ഉണർന്ന് ആഹാരമൊക്കെ കഴിച്ചു പതുക്കെ വീടിന് പുറത്തേക്ക് ഇറങ്ങി. അവധിക്കാലമാണ്. പഠിക്കാൻ ഒന്നുമില്ല. കളിച്ചുനടക്കാനുള്ള സമയം.
അപ്പോഴാണ് ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള മൂവാണ്ടൻ മാവ് കണ്ടത്. നിറയെ മാങ്ങകൾ. ഒന്നും ആലോചിച്ചില്ല. മാവിലേക്ക് തുരുതുരാ കല്ലെറിയാൻ തുടങ്ങി. പക്ഷേ മാങ്ങ വീഴുന്നില്ല. ഉണ്ണിക്കുട്ടൻ പിന്മാറിയില്ല. തന്ത്രം മാറ്റാൻ തീരുമാനിച്ചു. കുറച്ചുകൂടി ഉയർന്ന സ്ഥലത്തുനിന്ന് കല്ലിന് പകരം കമ്പെടുത്ത് എറിയുന്നു. മാങ്ങകൾ വീഴുന്നു. ഉണ്ണിക്കുട്ടൻ ഹാപ്പി.
എന്തുകൊണ്ട് ജീവിത പരീക്ഷകളിൽ, വിജയിക്കും വരെ നമുക്ക് പരിശ്രമിച്ചുകൂടാ? പരാജയപ്പെടുമ്പോൾ നമുക്ക് ദിശയിൽ മാറ്റം വരുത്തേണ്ടി വരും. അത് മറ്റൊന്നുമല്ല. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ അറിവ് ഉണ്ടാക്കുക എന്നുള്ളതാണ്. അപ്പോൾ ആ കാര്യം കൂടുതൽ കൃത്യതയോടെ ചെയ്യാനും വിജയിക്കാനും കഴിയും. ഏത് വിജയത്തിന്റെ പിന്നിലും അങ്ങേയറ്റത്തെ കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും അഭിനിവേശവും ഉണ്ടായിരിക്കും. സച്ചിൻ ടെണ്ടുൽക്കറും റൊണാൾഡോയുമൊക്കെ ഒരുദിവസത്തെ ശ്രമം കൊണ്ടല്ല ഇന്നത്തെ നിലയിലെത്തിയത്.പഠിക്കുമ്പോഴും ഹോംവർക് ചെയ്യുമ്പോഴും കുട്ടികൾ വളരെപ്പെട്ടെന്ന് ക്ഷീണിതരാകുന്നു. കളിക്കുമ്പോഴും ഇഷ്ടമുള്ള സിനിമ കാണുമ്പോഴും അവർക്ക് യാതൊരു ക്ഷീണവുമില്ല. എന്താണിതിന് കാരണം? ചെയ്യുന്ന പ്രവൃത്തിയോടുള്ള ഗാഢസ്നേഹമാണ് ഓരോ പ്രവൃത്തിയേയും ഇഷ്ടമുള്ളതാക്കിമാറ്റുന്നത്. അതാണ് വിജയത്തിന്റെ രഹസ്യം.
(ലേഖകൻ കൗൺസിലിംഗ് സൈക്കോളജിസ്റ്റും കോർപ്പറേറ്റ് ട്രെയ്നറുമാണ് ഫോൺ - 9495835988)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |