ഭാവിയിൽ തമശക്തികൾക്ക് വർത്തമാനകാല ചരിത്രത്തെ വളച്ചൊടിക്കാനും തമസ്ക്കരിക്കാനുമുള്ള പഴുതുകൾ അടയ്ക്കുവാൻ കഴിയണമെങ്കിൽ ചരിത്രത്തിന്റെ തുറന്നെഴുത്ത് അനിവാര്യമായിത്തീരുന്നു. ആ തുറന്നെഴുത്ത് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് സി.ദിവാകരൻ. 'ഹ്യൂഗോഷാവേസും വെനിസുലയും" അത്തരം രചനകളിലൊന്നാണ്. ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ, ചിലിയുടെ ചരിത്രം എന്നീ കൃതികൾ സി. ദിവാകരന്റെ പ്രത്യേക രീതിയിലുള്ള ചരിത്രകഥനങ്ങളാണ്. സഞ്ചാരത്തിലും അതിന്റെ അനുഭവചരിത്രത്തിലും കുതുകിയായ എഴുത്തുകാരന്റെ രചനകളെ ചേതോഹരമാക്കുന്ന ഒരു ഘടകം അതിലുടനീളം സ്പന്ദിക്കുന്ന ചരിത്രബോധമാണ്.
ഹ്യൂഗോ ഷാവേസിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ വെനിസുലയുടെ ചരിത്രമാണ് സി. ദിവാകരൻ തന്റെ പുതിയ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളെ അട്ടിമറിക്കുന്നതിൽ യു.എസ് എന്നും ജാഗരൂകരായിരുന്നു. ഇടതുപക്ഷ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ തരംപാർത്തിരിക്കുന്ന അമേരിക്കൻ ഭരണകൂടം അങ്ങനെ ചെയ്യുന്നതിൽ പരമമായ സായൂജ്യം കണ്ടെത്തുന്നു. ചിലിയുടെ ചരിത്രം വിശദീകരിക്കുമ്പോൾ അലൻഡയെ വകവരുത്തുന്നതിനു പിന്നിലെ ഉപജാപങ്ങളും കരുനീക്കങ്ങളും സി.ദിവാകരൻ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്.. അത്തരം നീക്കങ്ങളെ അതിജീവിക്കുവാൻ വെനിസുലയിലെ ജനങ്ങൾക്കും അവരുടെ നേതാവും ഭരണാധികാരിയുമായിരുന്ന ഹ്യൂഗോഷാവേസും എങ്ങനെ വിജയിച്ചുവെന്ന് ഈ കൃതി വ്യക്തമാക്കിത്തരുന്നു.
1998 മുതൽ 2013 വരെ ഹ്യൂഗോഷാവേസ് വെനിസുല ഭരിച്ചു. വെനിസുലയുടെ വിപുലമായ എണ്ണ സമ്പത്തിൽ അമേരിക്കയുടെ നിയന്ത്രണം അയഞ്ഞുകൊണ്ടിരുന്നു. തദ്ദേശീയർക്ക് തുച്ഛമായ നിരക്കിൽ പെട്രോളും പാചക വാതകവും നൽകി പ്രകോപനം ഒഴിവാക്കാനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കം വിലപ്പോയില്ല. വെനിസുലയുടെ ഭരണകൂടം ക്രൂഡ്ഓയിലും പ്രകൃതി വാതകവും ദേശസാൽക്കരിച്ചപ്പോൾ അമേരിക്ക പ്രകോപിതരായി. അമേരിക്കൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് വെനിസുലയിലെ ജനങ്ങളും ബുദ്ധിജീവികളും ബോധവാന്മാരായിരുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളും മേൽക്കുമേൽ അവകാശബോധം ആർജിച്ചുകൊണ്ടിരുന്നു. അവരുടെ വിശ്വാസം ആർജിക്കുന്നതിൽ ഷാവേസിന്റെ ഭരണകൂടം ക്രമേണ വിജയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളുടെ പശ്ചാത്തലത്തിൽ, ഹ്യൂഗോഷാവേസിന്റെ നേതൃത്വത്തിൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുതിയൊരു ചരിത്രം എഴുതിച്ചേർക്കുകയായിരുന്നു. 'സാമ്രാജത്വ ശക്തികളോടു പൊരുതുവാൻ ഇടതുപക്ഷ പുരോഗമന ജനാധിപത്യ ഗവൺമെന്റുകളുടെ വിശാലമായ കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്നതിൽ ഷാവേസിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ പ്രധാനമാണ് "എന്ന് അവതാരികയിൽ എം.എ.ബേബി നിരീക്ഷിക്കുന്നു. വലിയ പ്രമേയങ്ങൾ ചെറിയ ശില്പങ്ങളിൽ ഒതുക്കി പ്രതിപാദിക്കുന്ന രചനാനയം ഈ കൃതിയിലും സി.ദിവാകരൻ അനുവർത്തിക്കുന്നു. പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വില ₹100
(ലേഖകന്റെ ഫോൺ : 8547430310)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |