SignIn
Kerala Kaumudi Online
Sunday, 24 May 2026 6.24 AM IST

മിന്നൽ പരിശോധന: ആർ.ടി ഓഫീസുകളിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

mvd


 അപേക്ഷകളിൽ രഹസ്യ കോഡ് ​
 ലേണേഴ്സ് മലയാളത്തിൽ എഴുതി ബംഗാളി !

തിരുവനന്തപുരം: വിവിധ ജില്ലകളിലെ ആർ.ടി ഓഫീസുകളിൽ വിജിലൻസിന്റെ "ഓപ്പറേഷൻ സ്പീഡ് ചെക്ക് " മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. പെരുമ്പാവൂരിൽ നിന്ന് 89,​620 രൂപയും പീരുമേട് നിന്ന് 65,​660 രൂപയും അടിമാലിയിൽ നിന്ന് 58,​100 രൂപയും പിടിച്ചെടുത്തു. കാട്ടാക്കട, കോതമംഗലം, ഇടുക്കി, ആലുവ, ചേർത്തല, വക്കം, കായംകുളം, എറണാകുളം എന്നിവിടങ്ങളിൽ നിന്നും പണം പിടിച്ചെടുത്തു. ചേർത്തല എം.വി.ഐയിൽ നിന്ന് 4,​120രൂപയും കോട്ടയം ഓഫീസിലെ ബാത്ത് റൂമിൽ നിന്ന് 140 രൂപയും പാലാ ജോയിന്റ് ആർ.ടി ഓഫീസിലെ ക്ലാർക്കിൽ നിന്ന് 700 രൂപയും പിടികൂടി.

ഏജന്റുമാർ വിഹിതം അതത് ദിവസം വൈകിട്ട് ഓഫീസിലെത്തി ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വെളളിയാഴ്ചത്തെ മിന്നൽ പരിശോധന. ഏജന്റുമാരുടെ പക്കൽ ലൈസൻസുകളും ആളുകളുടെ പേരും തുകയും എഴുതിയ പേപ്പറുകളും കണ്ടെത്തി.

വാഹന രജിസ്ട്രേഷൻ, ലൈസൻസ്, ഡ്രൈവിംഗ് -ഫിറ്റ്നസ് ടെസ്റ്റുകൾ തുടങ്ങിയ സേവനങ്ങളെല്ലാം ഓൺലൈനാക്കിയെങ്കിലും ഏജന്റുമാർ അടയാളപ്പെടുത്തുന്ന അപേക്ഷകളിൽ മാത്രമാണ് യഥാസമയം നടപടികൾ സ്വീകരിക്കുന്നതെന്ന് കണ്ടെത്തി. ഓൺലൈൻ അപേക്ഷകളുടെ ഹാർഡ് കോപ്പികളുടെ മറവിലായിരുന്നു ക്രമക്കേട്.

പൊൻകുന്നം ,​ മുവാറ്റുപുഴ ആർ.ടി ഓഫീസുകളിലാണ് അപേക്ഷകളിൽ ഏജന്റുമാരുടെ രഹസ്യകോഡ് കണ്ടെത്തിയത്. ഇത്തരം അപേക്ഷകൾ ഉദ്യോഗസ്ഥർ വേഗത്തിൽ തീർപ്പാക്കുന്നതായും നേരിട്ട് ലഭിക്കുന്നവയിൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നതുമായാണ് കണ്ടെത്തൽ. ലേണേഴ്സ് അപേക്ഷകർക്ക് ഓൺലൈനായി പങ്കെടുക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തന്നെ അപേക്ഷകരുടെ ഒ.ടി.പി ഉപയോഗിച്ച് ടെസ്റ്റിൽ കൃത്രിമം നടത്തുന്നതായും വ്യക്തമായി. മലയാളമറിയാത്ത അന്യ സംസ്ഥാനക്കാർ മലയാളത്തിലുള്ള പരീക്ഷ പാസായതാണ് തെളിവായി കണ്ടെത്തിയിരിക്കുന്നത്. തൊടുപുഴ ആർ.ടി ഓഫീസിലാണ് ഇൗ ക്രമക്കേട്. ഇത്തരത്തിൽ ടെസ്റ്റ് പാസായവർക്കെതിരെ നടപടിയെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.

പറവൂർ സബ് ആർ.ടി ഓഫീസിൽ 120 ഡ്രൈവിംഗ് ലൈസൻസുകളും ഇരിങ്ങാലക്കുട സബ് ആർ.ടി ഓഫീസിൽ നിരവധി ലൈസൻസുകളും വിതരണം ചെയ്യാത്ത നിലയിൽ കണ്ടെത്തി. ആർ.സി ബുക്കുകളും കണ്ടെത്തിയിട്ടുണ്ട്.മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിച്ച് അപകടങ്ങൾക്ക് ഇടയാക്കിയവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശകൾ യഥാസമയം തീർപ്പാക്കാതെ മനഃപൂർവ്വം കാലതാമസം വരുത്തുന്നതാണ് മറ്രൊരു ക്രമക്കേട്. നെടുങ്കണ്ടത്ത് കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരം യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

ക്രമക്കേടുകളിലും പണം പിടികൂടിയ സംഭവങ്ങളിലും സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും. ലേണേഴ്സ് പരീക്ഷാക്രമക്കേട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർ അന്വേഷണം നടത്തും.

എച്ച്. വെങ്കിടേഷ്,​ ഐ.ജി.

(വിജിലൻസ് ഡയറക്ടർ ഇൻ ചാർജ്)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA