SignIn
Kerala Kaumudi Online
Thursday, 21 May 2026 1.21 PM IST

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാൻ കോൺഗ്രസിൽ ഒളിയുദ്ധം

mambaram
മമ്പറം ദിവാകരൻ-കെ.സുധാകരൻ

കണ്ണൂർ : കാൽ നൂറ്റാണ്ടിലേറെയായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സാരഥ്യം വഹിച്ചു കൊണ്ടിരുന്ന ചെയർമാനും കെ.പി.സി.സി അംഗവുമായ മമ്പറം ദിവാകരനെ പുറത്താക്കി ഭരണം പിടിക്കാനുള്ള ഒളിയുദ്ധത്തിന് കോൺഗ്രസിൽ അരങ്ങൊരുങ്ങി. ഡിസംബർ അഞ്ചിന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ പ്രതിരോധതന്ത്രങ്ങൾ മെനയുന്നതിനിടെയാണ് ദിവാകരനെതിരെഅച്ചടക്ക നടപടി വന്നത്.

ഏറെക്കാലമായി കണ്ണൂർ കോൺഗ്രസിലെ പ്രമുഖരായ ദിവാകരനും സുധാകരനും തമ്മിൽ അകത്തും പുറത്തും പരസ്യമായി കൊമ്പു കോർത്തുവരികയായിരുന്നു.ദിവാകരന്റെ പാനലിൽ സി.പി. എം നോമിനികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുധാകര അനുകൂലികളുടെ ആരോപണം. മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, സി.ടി. സജിത് എന്നിവർ തോറ്റതു മുതൽ സുധാകര പക്ഷം ജാഗ്രതയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരനെതിരെ ദിവാകരൻ പരസ്യമായി രംഗത്തു വന്നതും അസ്വാരസ്യം തുറന്ന പോരിലേക്ക് നീങ്ങി.

മമ്പറം ദിവാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പാനലാണ് ഡി.സി.സിയുടെ നേതൃത്വത്തിൽ മത്സരരംഗത്തുള്ളത്. തുടർന്ന് ദിവാകരൻ മറ്റൊരു പാനലുമായി രംഗത്ത് വരികയായിരുന്നു. മമ്പറത്ത് കോൺഗ്രസിന് മേൽവിലാസം നേടിക്കൊടുത്ത ദിവാകരനെ മാറ്റി നിർത്തിയാൽ തിരച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനെതിരെ മമ്പറം ദിവാകരൻ ശക്തമായ പ്രതിഷേധമുയർത്തിയത് ഔദ്യോഗികവിഭാഗത്തെ പ്രകോപിച്ചിരുന്നു. സുധാകരൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും സംഘടനാ രംഗത്ത് അതിക്രമങ്ങൾ കാണിച്ചുവെന്നും സ്വകാര്യ ടി.വി. ചാനലിൽ പറഞ്ഞത് കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു.

പുറത്താകുന്നു എതിരില്ലാത്ത സംഘാടകമികവ്

കോൺഗ്രസിന് അഭിമാനമാകുന്ന തരത്തിൽ ഇന്ദിരാഗാന്ധി ആശുപത്രിയെ ഉയർത്തിയത് ദിവാകരന്റെ സംഘാടന മികവാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു . ലിക്വിഡേഷൻ നടപടി നേരിട്ടിരുന്ന ആശുപത്രിയെ ലാഭത്തിലെത്തിച്ചതും ദിവാകരന്റെ ഇടപെടലുകളിലൂടെയായിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പത്ത് കോടിയിൽ പരം രൂപ ചെലവിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ സുധാകര പക്ഷം നേതാവ് സി.ടി. സജിത്തിന്റെ നേതൃത്വത്തിൽ പരാതിയുയർത്തിയപ്പോൾ തന്നെ മമ്പറം അപകടം മണത്തതാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം നിലച്ചതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയാണുണ്ടായത്.ദിവാകരനെ പൂട്ടാൻ തക്കം പാത്തുനിന്ന സുധാകര പക്ഷത്തിന് ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ് അവസരമായി.

സി.പി .എം നിരീക്ഷിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സി.പി. എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ദിവാകരന്റെ നീക്കം കോൺഗ്രസ് അണികൾ ആകാംക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ദിവാകരൻ സി.പി. എമ്മിലേക്കു പോകാനുള്ള സാദ്ധ്യതയും അണികൾ തള്ളിക്കളയുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL