
പീരുമേട്: ഇന്ന് അന്താരാഷ്ട്ര തേയില ദിനമാണ്. എന്നാൽ പീരുമേട്ടിലെ തേയില കർഷകർക്കും തോട്ടം തൊഴിലാളികൾക്കും ഇത് മറ്റൊരു ദുരിതദിനം മാത്രമാണ്. വില സ്ഥിരതയില്ലായ്മയും വർദ്ധിച്ച ഉത്പാദനച്ചെലവും കർഷകരെ തളർത്തുമ്പോൾ, കുറഞ്ഞ കൂലിയും ശമ്പള കുടിശ്ശികയുമാണ് തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. ഉത്പാദനം വർദ്ധിക്കുന്ന സമയങ്ങളിൽ പച്ചക്കൊളുന്തിന് വില ഗണ്യമായി കുറയുന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഉത്പാദനം കുറയുമ്പോൾ വില കൂടാറുണ്ടെങ്കിലും ചെറുകിട കർഷകർക്ക് പ്രയോജനം ലഭിക്കാറില്ല. വളം, കീടനാശിനികൾ എന്നിവയുടെ അമിതവിലയും ഉയർന്ന കൂലിയും കാരണം പച്ചക്കൊളുന്തിന് വിലസ്ഥിരത ഉറപ്പാക്കാനാകുന്നില്ല. സീസൺ സമയങ്ങളിൽ ഏജന്റുമാർ വഴി കുറഞ്ഞ വിലയ്ക്കാണ് വൻകിടക്കാർ ചെറുകിട കർഷകരിൽ നിന്ന് കൊളുന്ത് വാങ്ങുന്നത്. പീരുമേട് താലൂക്കിൽ പതിനായിരത്തിലധികം ചെറുകിട കർഷകരുണ്ടെങ്കിലും അവരെ സഹായിക്കേണ്ട ടീ ബോർഡ് നോക്കുകുത്തിയാണ്. തോട്ടം മേഖലയിൽ ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്നത് തേയിലത്തോട്ടം തൊഴിലാളികൾക്കാണ്. പീരുമേട്ടിലെ പ്രധാന തോട്ടങ്ങളിലൊന്നായ ഫോബ്സ് എസ്റ്റേറ്റിൽ കഴിഞ്ഞ 11 മാസമായി തൊഴിലാളികൾക്ക് കൃത്യമായ ശമ്പളമില്ലാതായിട്ട്. നിലവിൽ ആഴ്ചയിലെ ചെലവ് കാശ് മാത്രമാണ് നൽകുന്നത്. ഇതിനെതിരെ നിരവധി സമരങ്ങൾ നടന്നെങ്കിലും പരിഹാരമായിട്ടില്ല. മോശം സാഹചര്യങ്ങൾ കാരണം തദ്ദേശീയരായ തൊഴിലാളികൾ ഈ മേഖല ഉപേക്ഷിക്കുമ്പോൾ അസാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ ഇവിടെ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഈ അന്താരാഷ്ട്ര തേയില ദിനത്തിലെങ്കിലും കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം.
ഇടിഞ്ഞു വീഴാറായ ലയങ്ങൾ
കഴിഞ്ഞ സർക്കാർ എ.വി.ടി, പാമ്പനാർ ആർ.ആർ.ടി, മലങ്കര എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പുതിയ ലയങ്ങൾ നിർമ്മിച്ചു നൽകിയെങ്കിലും ഫോബ്സ് എസ്റ്റേറ്റിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഇപ്പോഴും ഇടിഞ്ഞു വീഴാറായ പഴയ ലയങ്ങളിലാണ് കഴിയുന്നത്. ലയങ്ങൾ സ്വന്തമായി നിർമ്മിക്കാൻ മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
തകർച്ച ഗാട്ട് കരാർ മുതൽ
1991ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഗാട്ട് കരാറോടെയാണ് തേയില വ്യവസായത്തിന്റെ തകർച്ച തുടങ്ങിയതെന്ന് തോട്ടം ഉടമകൾ പറയുന്നു. കരാറിനെ തുടർന്ന് ഇന്ത്യൻ തേയിലയ്ക്ക് വിദേശ വിപണി നഷ്ടപ്പെട്ടു. ഒപ്പം ഗുണനിലവാരം കുറഞ്ഞ തേയില ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്തു. ഇത് ആഭ്യന്തര വിപണിയിലെ വിലയെ സാരമായി ബാധിച്ചു. ഇതിന് പരിഹാരമായി തേയിലയ്‌ക്കൊപ്പം മറ്റ് വിളകൾ കൃഷി ചെയ്യുന്ന രീതി എ.വി.ടി, മലങ്കര എസ്റ്റേറ്റുകൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |