SignIn
Kerala Kaumudi Online
Thursday, 19 May 2022 4.30 AM IST

ആംബുലൻസുമായി അയിഷയുണ്ട്, നേരം നോക്കാതെ ജീവൻ കാക്കാൻ

ayisha
അയിഷ ആംബുലൻസുമായി ഫോട്ടോ: എ.ആർ.സി അരുൺ

കോഴിക്കോട്: ഏത് പാതിരാത്രിയിലും ആംബുലൻസുമായി വിളിപ്പുറത്തുണ്ട് അയിഷ. സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിച്ച് ബൈക്കും കാറും ബസും ലോറിയും കടന്ന് ജെ.സി.ബി വരെ ഓടിക്കാൻ പഠിച്ചപ്പോഴും കരുതിയിരുന്നില്ല, നൂറു കണക്കിന് ജീവൻ കാക്കാനുള്ള ചുമതല കാലം ഏല്പിക്കുമെന്ന്.

കൊവിഡ് പടർന്ന മാസങ്ങളിൽ ഒട്ടനവധി രോഗികൾക്കാണ് കുരുവട്ടൂരിലെ കുമ്മോട്ടുതാഴം ടി.സി.മുഹമ്മദിന്റെ ഭാര്യ അയിഷ ആശ്വാസമായത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു സേവനം. നിയോഗം പോലെ...

അയിഷ കൂടി അംഗമായ കുരുവട്ടൂരിലെ രാജീവ്ജി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങിയപ്പോൾ ഡ്രൈവറെ നിയോഗിക്കാതെ ആ ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. പൊതുപ്രവർത്തകയെന്ന നിലയിലും നാട്ടിൽ നിറഞ്ഞ സാന്നിദ്ധ്യമാണ്. മഹിള കോൺഗ്രസിന്റെ എലത്തൂർ മണ്ഡലം പ്രസിഡന്റായ അയിഷ കുരുവട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറുമാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുമുണ്ട് ഇപ്പോൾ. ഒഴിവുള്ളപ്പോഴൊക്കെ കുടുംബയോഗങ്ങളിലും മറ്റുമായി ഓട്ടത്തിലാണ്.

 19-ാം വയസിൽ ഡ്രൈവർ

ജീവിതവും രാഷ്ട്രീയവും സ്വപ്നങ്ങളുമെല്ലാം വെവ്വേറെ ആലകളിൽ കെട്ടിയിടേണ്ടതല്ലെന്ന ഉറച്ച ചിന്താഗതിക്കാരി. എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യണമെന്നാണ് മനസിൽ. 19ാം വയസ്സിലാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതെങ്കിലും 17ൽ തന്നെ വണ്ടിയോടിക്കുന്നത് വശമാക്കിയിരുന്നു. 45 -ാം വയസിലെത്തി നിൽക്കുമ്പോൾ ഹെവി വെഹിക്കിൾ ലൈസൻസ് വരെ സ്വന്തം.

ഭർത്താവിന്റെ അമ്മയ്ക്ക് അസുഖമായപ്പോഴാണ് ആദ്യമായി ആംബുലൻസ് ഓടിക്കുന്നത്. ട്രസ്റ്റിന്റെ വാഹനം വന്നതോടെ അതിന്റെ സ്ഥിരം സാരഥിയായി. പറ്റുമെങ്കിൽ വിമാനം പറത്തണമെന്നും മോഹമുണ്ടെന്നും അയിഷ പറയുന്നു.

റോഡരികിലായിട്ടും ഇവരുടെ വീടിന് ഗേറ്ര് വെച്ചിട്ടില്ല. ഏതു പാതിരാത്രിയിലും സഹായം തേടി ആർക്കും കയറി ചെല്ലാം. മുഹമ്മദ് - അയിഷ ദമ്പതികൾക്ക് മൂന്നു മക്കളാണ്; അൽഷാദാൻ, അൽറോഷൻ, നൽവ നസ്രിൻ.

സ്ത്രീകൾ സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി കഴിയേണ്ടവരല്ല. ആത്മവിശ്വാസമുണ്ടെങ്കിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം.

--അയിഷ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMEN AMBULANCE DRIVER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.