മിലാൻ: തങ്ങളുടെ മുൻ താരം മാറഡോണയുടെ ചരമവാർഷികത്തിന്റെ ഓർമ്മയിൽ ഇറ്റാലിയൻ സീരി എ യിൽ കളിക്കാനിറങ്ങിയ നാപ്പോളിക്ക് തകർപ്പൻ ജയം.ഇതിഹാസതാരത്തിന് ആദരമർപ്പിച്ചുകൊണ്ട് ജഴ്‌സിയിൽ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച് കളിക്കാനിറങ്ങിയ നാപ്പോളി മറുപടിയില്ളാത്ത നാലുഗോളുകൾക്കാണ് ലാസിയോയെ തോൽപ്പിച്ചത്.
കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ നാപ്പോളി മികച്ച തിരിച്ചുവരവാണ് നടത്തിയത്. നാപ്പോളിയ്ക്ക് വേണ്ടി ഡ്രൈസ് മെർട്ടെൻസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ പിയോട്ടർ സിയെലിൻസ്‌കി, ഫാബിയാൻ റൂയിസ് എന്നിവരും ലക്ഷ്യം കണ്ടു.