കണ്ണൂർ: കഴിഞ്ഞ ദിവസം തലശേരിയിൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ മതവിദ്വേഷകരമായ മുദ്രാവാക്യം വിളിക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജാഗ്രതാസദസ് സംഘടിപ്പിക്കുന്നു. ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീം ഫേസ്ബുക്കിലൂടെ പരിപാടിയുടെ പോസ്റ്റർ പങ്കുവച്ചു.
' ഇന്നലെ തലശ്ശേരിയിൽ ആർഎസ്എസ്,ബിജെപി പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ഇന്ന് തലശ്ശേരിയിൽ ഡിവൈഎഫ്‌ഐ ജാഗ്രതാ സദസ് സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ മതമൈത്രി തകർക്കാൻ ബോധപൂർവം സംഘപരിവാർ ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്നലത്തെ പ്രകോപന മുദ്രാവാക്യം. മത ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ, നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഘപരിവാറിന് താക്കീതായി ഇന്ന് വൈകുന്നേരം തലശേരിയിൽ യുവജന ജാഗ്രതാ സദസ് നടത്തുകയാണ്. ഇന്നലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പോലീസിൽ പരാതിയും നൽകിയിരുന്നു. ' ഇങ്ങനെയായിരുന്നു പോസ്റ്ററിനൊപ്പം റഹീം കുറിച്ചത്.
കെ ടി ജയകൃഷണൻ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയിൽ ഇന്നലെ നടത്തിയ പ്രകടനത്തിലായിരുന്നു ആർഎസ്എസ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. ഡിവൈഎഫ്‌ഐ തലശേരി ബ്ലോക്ക് പ്രസിഡന്റിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |