ഹൈദരാബാദ്: ഹൃദയാഘാതമുണ്ടായ രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡോക്ടർ ഹൃദയസ്തംഭനം മൂലം മരിച്ചു. തെലങ്കാനയിലെ കമാരെഡ്ഡി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംസ്ഥാനത്തെ ഗാന്ധാരി മണ്ഡൽ നഴ്സിംഗ് ഹോമിലെ ഡോക്ടറായ ലക്ഷ്മൺ ആണ് ജോലിക്കിടെ മരണത്തിന് കീഴടങ്ങിയത്. ഡോക്ടർ രക്ഷിക്കാൻ ശ്രമിച്ച രോഗിയും മരണപ്പെട്ടു.
ഹൃദയസ്തംഭനമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരനായ കെതാവത്ത് ജഗയ്യ നായിക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാൽപ്പതുകാരനായ ഡോ.ലക്ഷ്മൺ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്. ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോ.ലക്ഷ്മണും മറ്റ് ആരോഗ്യപ്രവർത്തകരും ചേർന്ന് ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഗിയായ നായിക്കിന്റെ അവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹവും മരണപ്പെടുകയായിരുന്നു.
മഹബൂബാദ് ജില്ല സ്വദേശിയായ ഡോ.ലക്ഷ്മൺ നിസാമാബാദ് മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ്റ് പ്രൊഫസറായും പ്രവർത്തിച്ചുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |