ബാംബോലിം: കേരള ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ വിജയത്തിൽ ഏറെ സന്തോഷമുണ്ടെങ്കിലും ഈ ടീം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് മദ്ധ്യനിര താരം അഡ്രിയാൻ ലൂണ. ഒഡീഷ എഫ് സിക്കെതിരെ 2-1ന്റെ വിജയം സ്വന്തമാക്കിയ ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ സമൂഹ മാദ്ധ്യമ പേജിന് നൽകിയ അഭിമുഖത്തിലാണ് ലൂണ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 2-0ന് മുന്നിട്ട് നിന്ന ശേഷം അവസാന മിനിട്ടുകളിൽ ഗോൾ വഴങ്ങിയത് ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നതിന്റെ സൂചനയാണെന്ന് ലൂണ പറഞ്ഞു. ഐ എസ് എല്ലിൽ ടീമിന് മുന്നോട്ട് പോകണമെങ്കിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കണമെന്നും അതിനു വേണ്ടി പരിശീലനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം ഒഡീഷ്ക്കെതിരെ പുറത്തെടുത്ത പ്രകടനം തന്നെ തുടർന്നുള്ള മത്സരങ്ങളിലും കാഴ്ചവയ്ക്കാനാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് ലൂണ സൂചിപ്പിച്ചു. ആക്രമണ ഫുട്ബാളിനായിരിക്കും ബ്ളാസ്റ്റേഴ്സ് ഇനി പ്രാധാന്യം നൽകുകയെന്നും എതിർ കളിക്കാർ പന്ത് കൈക്കലാകുമ്പോൾ അവരെ ആക്രമിച്ച് പന്ത് തിരിച്ചുപിടിക്കാനും അതേ ആക്രമണോത്സുകത ഗോളാക്കി മാറ്റാനുമായിരിക്കും ബ്ളാസ്റ്റേഴ്സിന്രെ ശ്രമമെന്നും ലൂണ പറഞ്ഞു. താൻ മാത്രമല്ല, ബ്ളാസ്റ്റേഴ്സ് നിരയിലെ എല്ലാ താരങ്ങളും മികച്ച രീതിയിൽ തന്നെ കളിക്കാൻ ശ്രമിക്കുന്നവരാണെന്നും എല്ലാവരും ജയിക്കുന്നതിന് വേണ്ടി തന്നെയാണ് കളിക്കുന്നതെന്നും ലൂണ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |