തിരുവനന്തപുരം: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്ത് എയ്ഡ്‌സ് ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ചു. കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് ഇൻഫെക്ഷ്യസ് ഡിസീസസ് (സാംക്രമിക രോഗ) വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് ക്ളാസ് നയിച്ചു. എച്ച്.ഐ.വി വ്യാപനം, എച്ച്.ഐ.വിക്ക് കാരണമാകുന്ന വൈറസ്, എച്ച്.ഐ.വി രോഗികളെക്കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു വിഷയം.
എച്ച്.ഐ.വി ബാധിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്. രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി, എയ്ഡ്‌സ് എന്നിവയാണിത്. എയ്ഡ്സ് രോഗാണുക്കൾ ശരീരത്തിലുള്ള എല്ലാവർക്കും ആദ്യമേ രോഗലക്ഷണങ്ങൾ തുടങ്ങുന്നില്ല. എന്നാൽ ലക്ഷണം ഉള്ളവരിൽനിന്നു മാത്രമല്ല എയ്ഡ്സ് രോഗാണു ബാധിതരിൽനിന്നും രോഗം പകർന്നേക്കും. എച്ച്ഐവി/എയ്ഡ്സ് ചികിത്സ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ ആരംഭിച്ചാൽ ഈ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും ഡോ.മുഹമ്മദ് നിയാസ് കൂട്ടിച്ചേർത്തു.