മുംബയ്: ആദ്യ ടെസ്റ്റിൽ സമനില വഴങ്ങിയ ശേഷം ശക്തമായ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ 372 റണ്ണിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ സന്ദർശകരെ 62 റണ്ണിന് പുറത്താക്കിയ കൊഹ്‌ലിയും കൂട്ടരും രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡിനെ 167 റണ്ണിന് പുറത്താക്കിയിരുന്നു. 540 റണ്ണിന്റെ വിജയലക്ഷ്യമായിരുന്നു രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡിന് നൽകിയത്.
വമ്പൻ വിജയം നേടിയെങ്കിലും ഇന്ത്യ ഇന്നിംഗ്സ് വിജയത്തിനുള്ള അവസരം പാഴാക്കിയെന്ന് ആരാധകരുടെ ഇടയിൽ പരിഭവം ഉണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡിനെ 62 റണ്ണിന് പുറത്താക്കിയ ശേഷം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ ചില ആരാധകർ സന്ദർശകരെ ഫോളോ ഓൺ ചെയ്യിക്കാത്തതിലുള്ള അമർഷം സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യ ന്യൂസിലാൻഡിനെ ഫോളോ ഓൺ ചെയ്യിക്കാത്തത് ദക്ഷിണാഫ്രിക്കൻ പരമ്പര മുന്നിൽ കണ്ടിട്ടാകണമെന്ന് മുൻ ഇന്ത്യ ഓപ്പണർ വസീം ജാഫർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബാറ്റിംഗിന് കരുത്ത് പകരേണ്ട രണ്ട് പേരാണ് ചേതേശ്വർ പൂജാരയും വിരാട് കൊഹ്‌ലിയും. എന്നാൽ ഇവർക്കിരുവർക്കും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ കാര്യമായി ക്രീസിൽ ചെലവഴിക്കാൻ സാധിച്ചില്ല. അജാസ് പട്ടേലിന്റെ പന്തിൽ ഇരുവരും പൂജ്യത്തിന് പുറത്താകുകയായിരുന്നു. മാത്രമല്ല കൊഹ്‌ലി ആദ്യ ടെസ്റ്റിൽ കളിച്ചിട്ടുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇരുവർക്കും അത്യാവശ്യമായി വേണ്ട ബാറ്റിംഗ് പരിശീലനം നൽകുകയായിരുന്നിരിക്കാം ഇന്ത്യൻ ടീമിന്റെ ലക്ഷ്യമെന്ന് വസീം ജാഫർ പറഞ്ഞു.
മറ്റൊരു ഇന്ത്യൻ താരമായ ദിനേഷ് കാർത്തിക്കിന്റെ അഭിപ്രായത്തിൽ മുംബയ് പിച്ചിൽ അവസാന ദിനം ബാറ്റ് ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കളിക്കുന്തോറും സ്പിന്നർമാരെ കൂടുതൽ സഹായിക്കുന്ന പിച്ചാണ് മുംബയിലേത്. ന്യൂസിലാൻഡിനെ ഫോളോ ഓൺ ചെയ്യിച്ച് അവർ മികച്ച സ്കോർ നേടുകയും ചെയ്താൽ ഒരു പക്ഷേ അവസാന ദിവസം ബാറ്റ് ചെയ്യാൻ വരുന്ന ഇന്ത്യൻ ബാറ്റർമാർക്ക് അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങളെന്ന് കാർത്തിക്ക് പറയുന്നു. ആദ്യ ഇന്നിംഗ്സിലെ അജാസ് പട്ടേലിന്റെ പ്രകടനം കണക്കിലെടുത്താൽ മുംബയ് പിച്ചിൽ അവസാന ദിവസം ന്യൂസിലാൻഡ് സ്പിന്നർ പതിവിലും കൂടുതൽ അപകടകാരിയാകാനും ഇന്ത്യ മത്സരം തോൽക്കാനും സാദ്ധ്യതയുണ്ടെന്നും കാർത്തിക്ക് വെളിപ്പെടുത്തി.
ഇതിന് പുറമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പൊയിന്റ് ഘടനയനുസരിച്ച് നേരത്തെ കളി ജയിക്കുന്നത് കൊണ്ട് കൂടുതൽ പോയിന്റ് ഒന്നും ലഭിക്കില്ല. അതിനാൽ തന്നെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് വേണ്ടി തയ്യാറെടുക്കാനാകും ഇന്ത്യക്ക് കൂടുതൽ താത്പര്യവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |