ആലപ്പുഴ: ജില്ലാ പൊലീസ് കെ 9 സ്ക്വാഡിലെ ജൂഡിയുടെ രണ്ടാം പിറന്നാൾ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നുകളോടൊപ്പം ആഘോഷിച്ചു. പരിശീലകരായ തോമസ് ആന്റണിക്കും പ്രശാന്ത് ലാലിനും ഒപ്പമാണ് പൊലീസ് നായ ജൂഡി എത്തിയത്.
ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായയായ ജൂഡി പഞ്ചാബ് ഹോംഗാർഡ് കനൈൻ ബ്രീഡിംഗ് സെന്ററിൽ നിന്ന് 2020 ഫെബ്രുവരിയിലാണ് കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനത്തിന് നിയമിതയാകുന്നത്. പരിശീലന കാലയളവിൽ ഏറ്റവും മികച്ച പ്രകടനത്തിന് മുഖ്യമന്ത്രിയിൽ നിന്ന് സ്വർണമെഡൽ കരസ്ഥമാക്കിയാണ് ജൂഡി ആലപ്പുഴ കെ 9 സ്ക്വാഡിലെത്തിയത്. ഒട്ടേറെ മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കാൻ ജൂഡിക്ക് കഴിഞ്ഞിട്ടുണ്ട്.
ആലപ്പുഴ പഴവീട് റിട്ട. അദ്ധ്യാപികയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതിയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച ജൂഡിക്ക് പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. കെ9 സ്ക്വാഡ് ചാർജ് ഓഫീസർ എസ്.ഐ ബിജുരാജ്, എ.എസ്.ഐ ബിനോ ജോസഫ്, സി.പി.ഒമാരായ മനേഷ്.കെ.ദാസ്, പി.കെ.ധനേഷ്, രതീഷ്, പ്രവീൺ, സന്ദീപ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |