തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആലപ്പുഴ വെട്ടിയാർ തണലിൽ എസ്. ഗൗരീശങ്കറിനാണ് ഒന്നാം റാങ്ക്. നീറ്റ് ദേശീയ റാങ്ക് 17 ആയിരുന്നു. തൃശൂർ പെരിങ്ങോട്ടുകര പറയങ്കാട്ടിൽ വീട്ടിൽ വൈഷ്ണ ജയവർദ്ധൻ രണ്ടാം റാങ്കും കോട്ടയം പാലാ വൈപ്പന വീട്ടിൽ ആർ.ആർ. കവിനേഷ് മൂന്നും മലപ്പുറം ചേനക്കലങ്ങാടി സോപാനത്തിൽ പി. നിരുപമ നാലും റാങ്ക് നേടി.
പട്ടികജാതി വിഭാഗത്തിൽ മലപ്പുറം കൊളത്തൂർ സരോവരത്തിൽ കെ.വി.രോഹിത്, തിരുവനന്തപുരം ചെറ്റച്ചൽ ജെ.എൻ.വി ക്വാർട്ടേഴ്സിൽ അനുരാഗ് സൗരവ് എന്നിവർ ഒന്നും രണ്ടും റാങ്ക് നേടി. പട്ടികവർഗ്ഗക്കാരിൽ എറണാകുളം പള്ളുരുത്തി നെല്ലിപ്പള്ളിൽ വീട്ടിൽ ജൊനാതൻ എസ്. ഡാനിയൽ ഒന്നാമതെത്തി.
42,059 പേരുള്ള റാങ്ക് പട്ടികയിൽ 31,722 പെൺകുട്ടികളും 10,337 ആൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യ പത്ത് റാങ്കുകളിൽ അഞ്ചുവീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 54 ആൺകുട്ടികളും 46 പെൺകുട്ടികളുമുണ്ട്. ആദ്യ ആയിരം റാങ്കിൽ 560 പെൺകുട്ടികളും 440 ആൺകുട്ടികളും. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്സുകളിൽ 37,991 കുട്ടികൾ യോഗ്യത നേടി.
മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് 42,059 പേരാണ് യോഗ്യരായത്. വിവിധ
സംവരണ വിഭാഗങ്ങൾക്കുള്ള താത്കാലിക കാറ്റഗറി ലിസ്റ്റ് 20നും അന്തിമലിസ്റ്റ് 24നും പ്രസിദ്ധീകരിക്കും. മെഡിക്കൽ കോഴ്സുകളിലേയ്ക്കുളള പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാ ഷെഡ്യൂൾ ലഭ്യമാകുന്ന മുറയ്ക്ക് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ: 0471 2525300, വെബ്ബ്സൈറ്റ്: www.cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |