ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കരടിന് അന്തിമ രൂപം നല്‍കും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
അതേസമയം ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ലെങ്കിലും ബംഗാള്‍ മോഡല്‍ സഖ്യം സി.പി.എം തള്ളിയില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് സഖ്യം തുടരുമെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്ന് പി.ബിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പി.ബി യോഗം വിലയിരുത്തി.
കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്ന് കഴിഞ്ഞ പി.ബിയിൽ ധാരണയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |