SignIn
Kerala Kaumudi Online
Thursday, 19 September 2024 1.16 PM IST

അഭിഭാഷക രോഷം മാദ്ധ്യമ പ്രവർത്തകരോട് മാത്രമോ?

Increase Font Size Decrease Font Size Print Page

kk

കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും അഭിഭാഷക സമൂഹം വലിയ കൂട്ടായ്മയാണ്. അവരുടെ കൂട്ടായ്മ കാക്കയെപ്പോലെയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. കൂട്ടത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിക്കുകയോ അഭിഭാഷക സമൂഹത്തിനു നേരെ ഒറ്റയ്ക്കോ കൂട്ടമായോ ഏതെങ്കിലും വിഭാഗം ഇടപെടുകയോ ഒതുക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവർ വർണ, വർഗ വ്യത്യാസങ്ങളും രാഷ്ട്രീയ ചേരികളും എല്ലാം മറന്ന് ഒറ്റക്കെട്ടായി നിന്ന് നേരിടുന്നതാണ് കുറെക്കാലമായി കണ്ടുവരുന്നത്. കോടതി മുറികളിൽ നിയമത്തിന്റെ തലനാരിഴ കീറി വാദിക്കുന്നവരെങ്കിലും അവർക്കെതിരായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സ്വന്തം പക്ഷത്ത് നീതിയോ ന്യായമോ ഉണ്ടോ എന്നതിനെക്കുറിച്ച് പോലും ചിന്തിക്കാതെ നിലപാടിൽ ഒറ്റക്കെട്ടായി ഉറച്ചു നില്ക്കുന്നവരാണ് ഭൂരിഭാഗം അഭിഭാഷകരുമെന്ന് ആക്ഷേപമുണ്ട്. ഒരു സംഘടിത ശക്തിയെന്ന നിലയിൽ അഭിഭാഷക സമൂഹം ഇങ്ങനെ നിലപാടെടുക്കുമ്പോൾ പലപ്പോഴും മറുപക്ഷത്തുള്ളവർ തോറ്റ് പിൻവാങ്ങിയതാണ് ചരിത്രം. അടുത്ത കാലത്ത് ഡൽഹി കോടതിവളപ്പിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വ്യാപകമായ അക്രമവും സംഘർഷവും ഉണ്ടായി. പൊലീസാണോ അഭിഭാഷകരാണോ ജയിച്ചതെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

കേരളത്തിലെ വിവിധ കോടതികളിൽ കഴിഞ്ഞ കുറെക്കാലമായി അഭിഭാഷകർ സംഘടിതരായി മാധ്യമ പ്രവർത്തകർക്കെതിരെ നിലകൊള്ളുകയും കോടതികളിൽ മാധ്യമ പ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തുകയും ചെയ്തത് ഏറെ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയതാണ്. എന്നാൽ ഡിസംബ‌ർ 19 ന് ആലപ്പുഴയിൽ രൺജിത്ത് രവീന്ദ്രനെന്ന യുവ അഭിഭാഷകനെ ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ പട്ടാപ്പകൽ അദ്ദേഹത്തിന്റെ വീട്ടിൽ കയറി മാതാവിന്റെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് അത്യന്തം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷക സമൂഹം സ്വീകരിക്കുന്ന നിസ്സംഗ നിലപാടിനെതിരെ അഭിഭാഷകരിൽ നിന്നുതന്നെ പ്രതിഷേധം ഉയരുകയാണ്. രൺജിത്ത് രവീന്ദ്രൻ ഏതെങ്കിലും ക്രിമിനൽ കേസിലെ പ്രതിയോ എസ്.ഡി.പി.ഐ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടയാളോ ആയിരുന്നില്ലെന്നാണ് കേസന്വേഷണം നടത്തുന്ന പൊലീസ് തന്നെ പറയുന്നത്. എന്നാൽ രൺജിത്ത് രവീന്ദ്രന്റെ കൊലപാതകത്തിനെതിരെ അഭിഭാഷകരുടെ യോജിച്ചുള്ള പ്രതിഷേധവും എസ്.ഡി.പി.ഐ യോടുള്ള എതിർപ്പും വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നാണ് അഭിഭാഷകരിൽ നിന്നുതന്നെ ഉയരുന്ന വിമർശനം.

ആലപ്പുഴ നഗരത്തിൽ നിന്ന് വെറും എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള മണ്ണഞ്ചേരിയിൽ നടന്ന കൊലപാതകത്തിനു പിന്നാലെ ആലപ്പുഴ നഗരത്തിൽ തന്നെ മറ്റൊരു കൊലപാതകം നടന്നതിൽ പൊലീസ് ഇന്റലിജൻസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കേസന്വേഷിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ വെളിപ്പെടുത്തിയിരുന്നു. രൺജിത്ത് കൊല്ലപ്പെടാനുള്ള സാദ്ധ്യത സംബന്ധിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. അതിനാൽ അത് തടയാനായില്ലെന്നാണ് വിജയ് സാഖറെ പറഞ്ഞത്.

രൺജിത്തിന്റെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സംഭവവുമായി നേരിട്ട് ബന്ധമുള്ള ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തെങ്കിലും ഇവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരല്ല. ആറ് ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ പ്രതികൾ കൃത്യം നി‌ർവഹിച്ച ശേഷം കേരളം വിട്ടതായും പൊലീസ് തന്നെ വെളിപ്പെടുത്തിയത് അവരുടെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ണഞ്ചേരിയിലെ കൊലപാതകത്തിനു ശേഷം ജില്ലയിൽ പൊലീസ് ജാഗരൂകരായിരിക്കെ രഞ്ജിത്ത് രവീന്ദ്രന്റെ കൊലയാളികൾ സംസ്ഥാനം വിട്ടതെങ്ങനെയെന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. ആലപ്പുഴ ബാറിലെ അഭിഭാഷകനായ രൺജിത്ത് രവീന്ദ്രന്റെ ഭാര്യയും ഇതേ ബാറിൽ അഭിഭാഷകയാണ്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രൺജിത്തിന്റെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന വിചിത്ര ന്യായമാണ് ചില അഭിഭാഷക സംഘടനകൾ പങ്കുവയ്ക്കുന്നത്. അഭിഭാഷകരുടെ പ്രശ്നങ്ങൾ ഉയർത്താനും ഒറ്റക്കെട്ടായി നിൽക്കാനും ബാർ അസോസിയേഷനുകൾക്കു പുറമേ ബാർ കൗൺസിലുമുണ്ട്. ബാർ കൗൺസിലിന്റെ യോഗം നടന്ന അതേ ദിവസമാണ് രൺജിത്തിന്റെ കൊലപാതകവും നടന്നത്. സംഭവം അറിഞ്ഞയുടൻ അതിനെ അപലപിക്കുകയും പ്രതിഷേധ പ്രമേയം പാസാക്കുകയും ചെയ്തതായി ബാർ കൗൺസിൽ അംഗവും കൊല്ലം ബാറിലെ അഭിഭാഷകനുമായ പി.സജീവ് ബാബു പറഞ്ഞു. മുഖ്യമന്ത്രി, ഗവർണർ, നിയമമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്ക് നിവേദനം നൽകുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകമാണെങ്കിലും രൺജിത്തിന്റെ കൊലപാതകികളെ കണ്ടെത്താൻ കേന്ദ്ര ഏജൻസികളിൽ ഏതിനെയെങ്കിലും അന്വേഷണം ഏല്‌പ്പിക്കണമെന്ന ആവശ്യവും ബാർ കൗൺസിൽ ഉന്നയിച്ചിട്ടുണ്ടെന്നും സജീവ് ബാബു പറഞ്ഞു.

ശാശ്വത പരിഹാരമായില്ല

കേരളത്തിൽ അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിന് താത്‌കാലിക ശമനമായെങ്കിലും പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. കേരള ഹൈക്കോടതിക്ക് മുന്നിൽ 2016 ജൂലായ് 20 നാണ് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയും പൊലീസ് ലാത്തിച്ചാർജിൽ കലാശിക്കുകയും ചെയ്തത്. തുടർന്ന് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതി പരിസരത്തും മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം ഏറ്റുമുട്ടലിൽ കലാശിച്ചു. നിരവധി മാദ്ധ്യമ പ്രവർത്തകർക്കും അഭിഭാഷകർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഹൈക്കോടതിക്ക് മുന്നിലെ സംഘർഷത്തെക്കുറിച്ച് ആദ്യമൊക്കെ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന സർക്കാർ വിവിധ കോണുകളിൽ നിന്നുയർന്ന സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണത്തിനായി റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷനെ നിയോഗിച്ചു. അന്വേഷണ കമ്മിഷന് ആദ്യം ആറുമാസ കാലാവധിയാണ് നല്‌കിയിരുന്നത്. എന്നാൽ പിന്നീട് വിജ്ഞാപനങ്ങളിലൂടെ 43 മാസവും 18 ദിവസവും നീട്ടിക്കൊടുത്തു. അതിനൊടുവിലാണ് 2020 ജൂൺ 30 ന് കമ്മിഷൻ സർക്കാരിന് റിപ്പോർ ട്ട് സമർപ്പിച്ചത്.

കേരള ഹൈക്കോടതിക്കു മുന്നിലെ സംഘർഷങ്ങൾക്കു ശേഷം മാസങ്ങളോളം ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ മാദ്ധ്യമ പ്രവർത്തകർക്ക് അഭിഭാഷകർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലടക്കം വലിയ സംഘർഷങ്ങളും ഉണ്ടായി. അഭിഭാഷക ഒന്നടങ്കം ഒറ്റക്കെട്ടായാണ് ഈ നിലപാട് സ്വീകരിച്ചത്. പിന്നീട് മറ്റു കോടതികളിൽ മാദ്ധ്യമ പ്രവർത്തകർക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചെങ്കിലും വഞ്ചിയൂർ കോടതിയിൽ ഇപ്പോഴും മാദ്ധ്യമ വിലക്ക് തുടരുകയാണ്. അടുത്തിടെയും വഞ്ചിയൂർ കോടതി വളപ്പിൽ മാദ്ധ്യമ പ്രവർത്തകരെ അഭിഭാഷകർ മർദ്ദിച്ച സംഭവമുണ്ടായി. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനും പ്രശ്നം പരിഹരിക്കാനും സർക്കാർ താത്പര്യം കാട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ഒരുഭാഗത്തുണ്ട്. മാധ്യമ പ്രവർത്തകരോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അഭിഭാഷകർ സ്വന്തം വ‌ർഗ്ഗത്തിൽ പെട്ട ഒരാൾ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാനോ പ്രതികളെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെടാനോ തയ്യാറാകാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് ഒരു വിഭാഗം അഭിഭാഷകർ തന്നെ പറയുന്നു . രൺജിത്ത് രവീന്ദ്രൻ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകനായതിനാലാണ് ഈ വിവേചന നിലപാടെന്നും ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.