SignIn
Kerala Kaumudi Online
Friday, 26 April 2024 3.33 PM IST

പൊലീസിന് ഔചിത്യ ബോധവും വേണം

police

പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരൻ പൊലീസ് പെരുമാറ്റത്തിൽ പ്രതിഷേധിച്ച് മദ്യം റോഡ് വക്കിൽ ഒഴിച്ചുകളഞ്ഞ സംഭവം ചർച്ചാവിഷയമാണിപ്പോൾ. ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് സംഗതി ലഘൂകരിക്കാൻ ഭരണമുന്നണി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മദ്യവുമായി ബീച്ചിലേക്കു പോകാൻ തുനിഞ്ഞ വിദേശിയെ പിന്തിരിപ്പിക്കുക മാത്രമാണു ചെയ്തതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സംഭവത്തിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സംഘടന വഴി മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്. പൊലീസിനു നാണക്കേടുണ്ടാക്കിയ പരിശോധനയുടെ പേരിൽ സ്ഥലം എസ്.ഐ സസ്‌പെൻഷനിലാണിപ്പോൾ. എസ്.ഐയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പൊലീസുകാരുൾപ്പെടെ മൂന്നുപേർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവുമായെത്തിയ വിദേശി വിനോദസഞ്ചാരിയല്ലെന്നും നാലുവർഷമായി കോവളത്തെ സ്ഥിര താമസക്കാരനാണെന്നുമാണ് മുഖ്യമന്ത്രിക്കുള്ള അപേക്ഷയിൽ എസ്.ഐ പറയുന്നത്. വിദേശ ടൂറിസ്റ്റിനെ അപമാനിക്കുകയും അലോസരമുണ്ടാക്കുകയും ചെയ്തുവെന്ന ആരോപണം ഖണ്ഡിക്കാനാണിത്. പൊതുജനങ്ങളോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന് തലപ്പത്തുള്ളവർ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്ന് ഏതാനും ദിവസം മുൻപും ഹൈക്കോടതി ആവശ്യപ്പെട്ടത് ഓർത്തുപോകുന്നു. കേസന്വേഷണങ്ങൾക്കിടയിലും വാഹന പരിശോധനകൾക്കിടയിലും വി.വി.ഐ.പി ഡ്യൂട്ടിക്കിടയിലുമൊക്കെ പൊലീസിൽ നിന്ന് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കാത്ത സമീപനവും, തുടർന്ന് പരാതികളും സർവസാധാരണമാണ്. സാധാരണ മനുഷ്യരോടും കുറ്റവാളികളോടെന്നപോലെ പെരുമാറുമ്പോഴാണ് പരാതി ഉയരുന്നത്. ഒരു തെറ്റും ചെയ്യാത്തവരെയും ജനമദ്ധ്യത്തിൽ വച്ച് അപമാനിക്കാൻ പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർക്ക് വലിയ രസമാണ്. യൂണിഫോം നല്‌കുന്ന പ്രത്യേക മാനസികാവസ്ഥയാകാം ഇതിനു പ്രചോദനം. പൗരന്റെ അന്തസിനെ മുറിവേല്പിക്കുന്നതൊന്നും ചെയ്യാൻ പൊലീസിനും അധികാരമില്ലെന്ന് സർക്കാരും ഉന്നത നീതിപീഠങ്ങളുമൊക്കെ കൂടക്കൂടെ ഓർമ്മിപ്പിക്കാറുണ്ട്.

കോവളത്ത് സ്വീഡിഷ് പൗരന്റെ ബാഗിൽ ബിവറേജസ് ഔട്ട‌്‌ലെറ്റിൽ നിന്നു വാങ്ങിയ മൂന്നു കുപ്പി മദ്യമാണുണ്ടായിരുന്നത്. തെളിവായി ബിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പൊലീസ് പെരുമാറ്റത്തിൽ കുപിതനായി വിദേശി അത് റോഡുവക്കിലൊഴിച്ചു പ്രതിഷേധിച്ചത്. മദ്യം കൈയിൽ കരുതാൻ ബിൽ കൂടി ഒപ്പം വയ്ക്കണമെന്ന് നിയമമുണ്ടോ എന്നറിയില്ല. ലേബലും സീലുമൊക്കെ പരിശോധിച്ച് നിജസ്ഥിതി ഉറപ്പിക്കാൻ പൊലീസിനു കഴിയുമെന്നിരിക്കെ ബില്ലിന്റെ പേരിൽ വിദേശിയെ പ്രകോപിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പൊലീസിന്റെ അമിതാധികാരപ്രയോഗമാണ് ഇത്തരം നടപടിക്കു പിന്നിലുള്ളതെന്ന് ഒറ്റനോട്ടത്തിലറിയാം.

അകാരണമായി പൊലീസിൽ നിന്നുണ്ടാകുന്ന ഏതു നടപടിക്കെതിരെയും പൊതുജനങ്ങൾക്ക് പരാതിപ്പെടാനും ആശ്വാസം തേടാനും സംവിധാനങ്ങളുണ്ട്. ഭൂരിപക്ഷവും അതിനു തുനിയാറില്ലെന്നതാണ് വസ്തുത. പൊലീസ് കംപ്ളയിന്റ്‌സ് സെല്ലിൽ പരാതി സമർപ്പിച്ചാലും പരിഹാരം അനന്തമായി നീണ്ടുപോകുന്നതാണ് അനുഭവം. കുറ്റവാളികളെയും സാധാരണ ജനങ്ങളെയും ഒരേ കണ്ണിലൂടെയല്ല പൊലീസ് കാണേണ്ടതും സമീപിക്കേണ്ടതും. പണ്ടൊക്കെ പൊലീസ് പറയുന്നതായിരുന്നു നിയമവും നീതിയും. അവരുടെ ചെയ്തികളെ അപൂർവമായേ ജനം ചോദ്യം ചെയ്യുമായിരുന്നുള്ളൂ. ഇന്നു കാലം മാറി. കൊടിയ കുറ്റവാളികൾക്കു പോലും നിയമപരിരക്ഷ ധാരാളമുള്ള നാടാണ് നമ്മുടേത്. നിയമബോധമുള്ളവരാണ് സാധാരണ മനുഷ്യരും. പൊലീസിന്റെ മാടമ്പി മനോഭാവം അവർക്ക് ഉൾക്കൊള്ളാനാവില്ല. കാലം ഒരുപാട് മാറിയെന്ന യാഥാർത്ഥ്യം പൊലീസും മനസിലാക്കണം. കാർക്കശ്യം അവശ്യം പുറത്തെടുക്കേണ്ടിവരുന്ന അനവധി സന്ദർഭങ്ങൾ പൊലീസിന് നേരിടേണ്ടിവരും. അതിൽ ആരും തെറ്റുകാണില്ല. വെറുതേ മനുഷ്യരുടെ മെക്കിട്ടുകേറാൻ തുനിയുന്നതാണ് പരാതികൾ ക്ഷണിച്ചുവരുത്തുന്നത്. കോവളത്തെ പൊലീസ് ഉദ്യോഗസ്ഥൻ ലേശമൊരു ഔചിത്യം കാണിച്ചിരുന്നെങ്കിൽ സേനയ്ക്കു മൊത്തം നാണക്കേടുണ്ടാക്കിയ രംഗം ഒഴിവാക്കാനാകുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.