SignIn
Kerala Kaumudi Online
Thursday, 26 May 2022 8.46 PM IST

ലൈഫ് മാതൃകയിൽ വീട് നിർമ്മിക്കും, നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമെ 4,60,000രൂപ നൽകും, വലിയ വാഗ്‌ദാനങ്ങളുമായി സിൽവ‌ർ ലൈൻ പാക്കേജ്

cmo

തിരുവനന്തപുരം:നാടിന്റെ മുന്നോട്ടുള‌ള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് സർക്കാർ ഭാഗം വിശദീകരിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർ, ജനപ്രതിനിധികൾ, മാദ്ധ്യമ മേധാവിമാർ, പൗരപ്രമുഖർ എന്നിവരടക്കമുള‌ളവരുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.

പദ്ധതി പുനരധിവാസ പാക്കേജ് അനുസരിച്ച് വാസസ്ഥലം നഷ്‌ടമാകുന്ന ഭൂവുടമകൾക്ക് നഷ്‌ടപരിഹാര തുകയ്ക്ക് പുറമെ 4,60,000 രൂപ നൽകും. അല്ലെങ്കിൽ നഷ്‌ടപരിഹാര തുകയും 1,60,000 രൂപയും ലൈഫ് മാതൃകയിലുള‌ള വീടും നൽകും. അതിദരിദ്രരായവർക്ക് നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും വച്ചുനൽകും. അതല്ലെങ്കിൽ നഷ്‌ടമായ തുകയ്‌ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും നൽകും.

വാണിജ്യസ്ഥാപനം നഷ്‌ടപ്പെടുന്ന ഭൂവുടമകൾക്ക് നഷ്‌ടപരിഹാര തുകയും ഒപ്പം അൻപതിനായിരം രൂപയും ലഭിക്കും. അഥവാ വാടക കെട്ടിടത്തിലായാൽ രണ്ട് ലക്ഷം രൂപ ലഭിക്കും. കാലിത്തൊഴുത്തുകൾ പൊളിച്ചുനീക്കിയാൽ 25,000 മുതൽ 50,000 രൂപ വരെ നഷ്‌ടപരിഹാരം ലഭിക്കും.

സിൽവർ ലൈൻ പദ്ധതി റിപ്പോർട്ട് പ്രകാരം 9300ലധികം കെട്ടിടങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗ്രാമങ്ങളിലെ കെട്ടിടങ്ങളിലെ മാർക്കറ്റ് വിലയുടെ നാലിരട്ടി വില നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടണങ്ങളിലും രണ്ടിരട്ടി വില ലഭിക്കും. 13,000 കോടിയിലധികം രൂപ ഇത്തരത്തിൽ സർക്കാർ നഷ്‌ടപരിഹാരത്തിനായി മാറ്റി‌വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആഘാതങ്ങളുടെയും നഷ‌്ടങ്ങളുടെയും കണക്കെടുക്കും. ഏറ്റവും കുറഞ്ഞരീതിയിൽ ആഘാതമുണ്ടാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കും.

സംസ്ഥാനത്തെ ദേശീയ പാത പലയിടത്തും പഴയ പഞ്ചായത്ത് റോഡിനെക്കാൾ മോശമായിരുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് മാ‌റ്റം വേണമെന്ന് എല്ലാവരും ആഗ്രഹിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയപാത വലിയ സൗകര്യമുള‌ളതായാണ് കാണുന്നത്. മുൻ സർക്കാർ അധികാരത്തിലെത്തിയ സമയം ഇവിടെയൊന്നും നടക്കില്ലെന്ന ധാരണയായിരുന്നു കേന്ദ്ര സർക്കാരിന് വരെയുണ്ടായിരുന്നത്.എന്നാൽ 2016ൽ സർക്കാർ‌ അധികാരത്തിൽ വന്നതോടെ ഇത് മാറി. ദേശീയ പാത വികസനം ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രിയെ കാണാൻ പോയി.അന്ന് പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ഗെയിൽ പദ്ധതിയുടെ കാര്യമായിരുന്നു. അടുത്ത തവണ കാണുമ്പോൾ അത് ചർച്ച ചെയ്യുമെന്ന് താൻ മറുപടി പറഞ്ഞു. ആ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കിയതായും ആർക്കും ഭൂമി നഷ്‌ടമായില്ലെന്നും പൈപ്പ് ലൈൻ വഴി ഗ്യാസ് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നമ്മുടെ നാടിന് വികസനം വേണം. പണ്ട് അൽപം വികസനം നേടി. ഇപ്പോൾ കാലത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ നമ്മൾ പിന്നിലാകും. നാടിന്റെ പശ്ചാത്തല വികസനം നന്നായി വികസിക്കണം. അതിന് സർക്കാർ ഇടപെടൽ വേണം. ബജറ്റിനനുസരിച്ച് പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചേ കഴിയൂ. അതിന് കഴിയില്ല. അങ്ങനെയാണ് ബജറ്റിന് പുറത്ത് പദ്ധതി നടപ്പാക്കാൻ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 62,000 കോടിയുടെ പദ്ധതികൾ ഇങ്ങനെ നടപ്പാക്കുകയാണ്. ഇതുവഴി നാടിന്റെ മുഖച്ഛായ തന്നെ മാറും.' മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയ്‌ക്കായി രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കും. മൂന്ന് കൊല്ലംകൊണ്ട് നിർമ്മാണവും പൂർത്തിയാക്കും. പദ്ധതി നിർമ്മാണഘട്ടത്തിൽ 50,000 പേർക്കും പദ്ധതി പൂർത്തിയായാൽ 11,000 പേർക്കും നേരിട്ട് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ആഘാതം ഉണ്ടാകുമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഒരു പരിസ്ഥിതി ലോല പ്രദേശത്തുകൂടിയും കെ-റെയിൽ കടന്നുപോകുന്നില്ല. ഏതെങ്കിലും വന്യജീവി സങ്കേതത്തിലൂടെ ഇത് കടന്നുപോകുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നദികൾ, ജലസ്രോതസുകൾ എന്നിവയുടെ സ്വാഭാവിക ഒഴുക്ക് പദ്ധതി തടസപ്പെടുത്തുന്നില്ല. നെൽപാടങ്ങൾക്കും തണ്ണീർതടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇത്തരം ഇടങ്ങളിൽ 88 കിലോമീ‌റ്റർ തൂണുകളിലൂടെയാണ് പാത കടന്നുപോകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുക വഴി പരിസ്ഥിതിയ്‌ക്ക് നേട്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ വഴി കാർബൺ ബഹിർഗമനം കുറയും. 2,80,000 ടൺ കാർബൺ ബഹിർഗമനം കുറയ്‌ക്കാൻ 2025ഓടെ സാദ്ധ്യമാകും. ചരക്ക് വാഹനം കൊണ്ടുപോകാൻ റോറോ സംവിധാനം ഉപയോഗിക്കും. ഇതിലൂടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയും. പ്രകൃതിയെ മറന്നുള‌ള വികസനമല്ല സിൽവർ ലൈൻ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SILVERLINE PROJECT, SPECIAL MEETING, CM PINARAI, EXPLAINS ABOUT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.