SignIn
Kerala Kaumudi Online
Friday, 26 April 2024 10.47 PM IST

സിൽവർ ലൈൻ: ആശങ്കകൾ വേണ്ട, വികസനക്കുതിപ്പേകും

rail

കൊച്ചി: അതിവേഗയാത്രാ സൗകര്യത്തിനപ്പുറം കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്ന പദ്ധതികൾ സിൽവർ ലൈന് അനുബന്ധമായി നടപ്പാക്കും. കൊച്ചിയുടെ ടൂറിസം, ഐ.ടി, വാണിജ്യ, വ്യാപാര മേഖലകളുടെ വികസനത്തിനും കുതിപ്പേകുന്നതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കെ. റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാറും വിശദീകരിച്ചു.

ആശങ്കകൾക്കപ്പുറം വികസന സാദ്ധ്യതകളും പ്രതീക്ഷകളും പങ്കിടുന്നതായിരുന്നു ടി.ഡി.എം ഹാളിൽ നടന്ന സിൽവർ ലൈൻ ജനസമക്ഷം പരിപാടി. ആശങ്കകൾക്കും സംശയങ്ങൾക്കും വി. അജിത്കുമാർ വിശദമായ മറുപടി നൽകി. ചോദ്യോത്തരത്തിൽ നിന്ന്.

അലി ഭാരിമി

ജില്ലാ പ്രസിഡന്റ്

ജമാ അത്ത് കൗൺസിൽ

ചോദ്യം: ആരാധനാലയങ്ങളോ ശ്‌മശാനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലാതാകുമോ‌?

മറുപടി: ആരാധനാലയങ്ങളെ കഴിവതും ഒഴിവാക്കിയാണ് സ്ഥലം എടുക്കുന്നത്. വലിയ ആരാധനാലയങ്ങളൊന്നും പൊളിക്കില്ല. റോഡ് പോലെ വളവുകൾ സൃഷ്ടിക്കാൻ കഴിയില്ല. ഒരു സ്ഥാപനത്തെ ഒഴിവാക്കാൻ മൂന്നു കിലോമീറ്റർ വരെ വളച്ചുമാറ്റേണ്ടിവരും. ലൈനിലെ ഒരു ശതമാനം ആരാധനാലയങ്ങൾ മാത്രമാണ് മാറ്റേണ്ടിവരിക. അവയിൽ ചിലത് നിലനിറുത്താൻ കഴിയുമോയെന്ന് പഠിക്കുന്നുണ്ട്.

ഫാ. പോൾ കരേടൻ

ഡയറക്ടർ

ലിസി ആശുപത്രി

ചോദ്യം: നഷ്ടപരിഹാര പാക്കേജ് ജനങ്ങൾക്ക് കൃത്യമായി ലഭ്യമാക്കുമോ. മറ്റിടങ്ങളിലെപ്പോലെ ഭാവിയിൽ 350 കിലോമീറ്റർ വരെ വേഗത വർദ്ധിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണോ ഉപയോഗിക്കുന്നത്?

മറുപടി: നഷ്ടപരിഹാര പാക്കേജ് കൃത്യമായി നടപ്പാക്കും. അക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.

പരമാവധി 220 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിലാണ് നിർമ്മാണം നടത്തുക. ഇത് ഭാവിയിൽ വർദ്ധിപ്പിക്കാൻ കഴിയില്ല. 350 കിലോമീറ്റർ വേഗതയിൽ ഓടിക്കുന്ന പാത നിർമ്മിക്കാൻ കിലോമീറ്ററിന് 120 മുതൽ 140 കോടി രൂപ വരെയാണ് ചെലവ്. അത്രയും വലിയ ചെലവിൽ നിർമ്മാണം നടത്താൻ കഴിയില്ല. സ്ഥലം ഉൾപ്പെടെ കൂടുതൽ ഏറ്റെടുക്കേണ്ടിയും വരും.

സി.ജെ. ജോർജ്

എം.ഡി., ജിയോജിത് ഗ്രൂപ്പ്

ചോദ്യം: സിൽവർ ലൈൻ ചരക്കുഗതാഗതത്തെ എങ്ങനെ മുതൽക്കൂട്ടാകും?

മറുപടി: യാത്രക്കാർ കുറവുള്ള സമയങ്ങളിൽ റോറോ സർവീസ് വഴി ചരക്കുനീക്കം നടത്താൻ കഴിയും. പകൽ രാവിലെ 11 മുതൽ 4 വരെയും രാത്രി 10 മുതൽ പുലർച്ചെ 5 വരെയും റോറോ സർവീസ് നടത്താൻ കഴിയുന്നത് പരിശോധിക്കും.

അജിത് മൂപ്പൻ

ടൈ കേരള

ചോദ്യം: അനിവാര്യമായ പദ്ധതിയാണ് സിൽവർ ലൈൻ. അതുമായി മറ്റു ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കുമോ‌?

ഇതരഗതാഗത മാർഗങ്ങളെ സിൽവർ ലൈനുമായി സംയോജിപ്പിക്കും. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുമായി കൊച്ചിയിലെ സ്റ്റേഷനെ ബന്ധിപ്പിക്കും. തിരുവനന്തപുരത്ത് പാർവതിപുത്തനാറുമായി ബന്ധപ്പെട്ട ബോട്ട് സർവീസുമായും ബന്ധിപ്പിക്കും. വിവിധ ഗതാഗതമാർഗങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

സി.കെ. ജലീൽ

വൈസ് പ്രസിഡന്റ്

വ്യാപാരി വ്യവസായി സമിതി

ചോദ്യം: പദ്ധതി മികച്ചതാണെന്നതിൽ സംശയമില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്താണ്? തദ്ദേശ സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടമുറികൾ പദ്ധതിക്ക് ഒഴിപ്പിക്കപ്പെടുന്ന മുറികൾ ലേലമില്ലാതെ അനുവദിക്കണം.

മറുപടി: വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കടമുറികൾ അനുവദിക്കുമ്പോൾ വ്യാപാരികൾക്ക് മുൻഗണന നൽകും.

ദീപക് എൽ. അസ്വാനി

ഫിക്കി ചെയർമാൻ

ചോദ്യം: നിലവിലെ ഗതാഗതസംവിധാനങ്ങൾ വികസിപ്പിക്കാനും പാർക്കിംഗിനും മറ്റും എന്തൊക്കെ സൗകര്യങ്ങൾ ഏർപ്പെടുത്തും?

മറുപടി: സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങൾ നവീകരിക്കും. അവസാനയാത്രയ്ക്ക് വരെ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിവിധ സൗകര്യങ്ങളുടെ സംയോജനമാണ് ലക്ഷ്യം.

ജോസ് പ്രദീപ്

കേരള ട്രാവൽ മാർട്ട്

ചോദ്യം: ടൂറിസത്തെ സഹായിക്കാൻ സ്റ്റേഷനുകളിൽ ഹോട്ടൽ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമോ‌‌?

മറുപടി: സ്റ്റേഷനുകളോട് ചേർന്ന് വാണിജ്യകേന്ദ്രങ്ങളുണ്ടാകും. അവിടെ ഹോട്ടൽ ഉൾപ്പെടെ നിർമ്മിക്കാൻ കഴിയും. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ വിനോദസഞ്ചാരത്തെയും സഹായിക്കുന്ന വിധത്തിലാകും.

കെ.എം. ഉണ്ണി

പാലക്കാട് ഐ.ഐ.ടി ഉപദേഷ്ടാവ്

ചോദ്യം: ഹൈസ്പീഡ് റെയിൽവെ ഇന്ത്യയിലും നടപ്പാക്കുന്ന കാലമാണ്. സിൽവർ ലൈൻ പദ്ധതിക്ക് റെയിൽവെയെ സമീപിച്ചിരുന്നോ, അവർ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

മറുപടി: മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതികളോടാണ് റെയിൽവെ വകുപ്പിന് താല്പര്യം. അവയുടെ നടപ്പാക്കലും വൈകാറുണ്ട്. വളരെ ദൂരെ സ്ഥിതി ചെയ്യുന്ന കേരളത്തിനോട് റെയിൽവെ മന്ത്രാലയം വലിയ താല്പര്യം കാണിക്കാറില്ല. അഞ്ചു വർഷമായി റെയിൽവെ ബഡ്‌ജറ്റിൽ കേരളത്തിന് ലഭിക്കുന്നത് 500നും 800നുമിടയിൽ കോടി രൂപയാണ്. ഇത്രയും തുക കൊണ്ട് സിൽവർ ലൈൻ പോലുള്ള പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. സംയുക്ത സംരംഭമായി നടപ്പാക്കാൻ ബഡ്‌ജറ്റ് വിഹിതം വേണ്ടിവരും. ജെയ്ക്ക പോലെ നിസാര പലിശയിൽ ലഭിക്കുന്ന വായ്പ ഉപയോഗിച്ച് കേരളത്തിന് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SILVERLINE ANSWERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.