തൃശൂർ : ശക്തൻ മാർക്കറ്റ് വികസനത്തിന് കൂടുതൽ തുക നൽകുന്നത് പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി. എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് മത്സ്യ മാർക്കറ്റിൽ നടപ്പിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
എം.പി ഫണ്ട് വിഹിതം കൂടുതലായി ലഭിച്ചാൽ വീണ്ടും തുക നൽകുന്നത് പരിഗണിക്കും. അതുപോലെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളിൽ മിച്ചം വരുന്ന തുക ഉണ്ടോയെന്ന് പരിശോധിക്കും. മാർക്കറ്റിനുള്ളിലെ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനാണ് തുക വിനിയോഗിക്കുന്നത്. വാട്ടർ ടാങ്കിന്റെ അവസ്ഥ പരിതാപകരമാണ്. ദുരന്തമുണ്ടായ ശേഷമുള്ള തിരുത്തലല്ല, ദുരന്തം ഒഴിവാക്കുകയാണ് വേണ്ടത്. കേരളത്തിലെ മാർക്കറ്റുകളിൽ ഒരു മുദ്രയായി മാറണം ഈ പദ്ധതിയെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് ശക്തൻ മാർക്കറ്റിന് ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തത്. മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, പൂർണിമ സുരേഷ്, എൻ.പ്രസാദ്, കെ.എം.നിജി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, സർജു തൊയക്കാവ്, സുജയ് സേനൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
നോട്ടമെത്തിയത് നെയ്മീനിൽ
ഇതങ്ങെടുത്തോ
തൃശൂർ : ശക്തൻ മാർക്കറ്റ് വികസനത്തിന്റെ വിലയിരുത്തലിനിടെയാണ് മത്സ്യ മാർക്കറ്റിലെ കടയിലേക്ക് സുരേഷ് ഗോപി എം.പി കയറിച്ചെന്നത്. വിവിധ തരത്തിലുള്ള മീനുകൾ നിരത്തി വെച്ചിരിക്കുന്നു. എന്നാൽ കണ്ണെത്തിയത് ഇഷ്ടഇനമായ നെയ്മീനിൽ. ഉടനെ ഒരെണ്ണം എടുത്തുയർത്തി. ഇതൊന്ന് തൂക്കി നോക്കെന്ന് കടക്കാരനോട് പറഞ്ഞു. നല്ല നെയ്മീനാണ് സാറേയെന്ന് കടക്കാരൻ. തൂക്കി നോക്കിയപ്പോൾ ആറര കിലോ. 2500 രൂപ വരുമെന്ന് കടക്കാരൻ പറഞ്ഞു. ഉടനെ പോക്കറ്റിൽ നിന്ന് മൂവായിരം രൂപയെടുത്ത് നൽകി. സാറേ ഇത് കൂടുതലുണ്ടെന്ന കടക്കാരന്റെ മറുപടി വന്നപ്പോൾ ബാക്കി പൈസ ഇവിടെ ശുചീകരണ തൊഴിലാളികൾക്ക് ചായ വാങ്ങി നൽകണമെന്ന് പറഞ്ഞായിരുന്നു മടക്കം. ഇന്നലെ മേയർ, കൗൺസിലർമാർ, ബി.ജെ.പി നേതാക്കൾ എന്നിവർക്കൊപ്പം മത്സ്യ മാർക്കറ്റിലെത്തി ചർച്ചകൾക്ക് ശേഷം മടങ്ങുമ്പോഴാണ് മത്സ്യ മാർക്കറ്റിലെ കടയിൽ കയറി മീൻ വാങ്ങിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, പൂർണിമ സുരേഷ്, എൻ.പ്രസാദ് , എൻ.ആർ.റോഷൻ, രഘുനാഥ് സി.മേനോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൊവിഡ് 437 പേർക്ക്
തൃശൂർ : ജില്ലയിൽ 437 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 261 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,060 ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,52,613 ആണ്. 5,46,401 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 415 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |