ബീജിംഗ്: വളർത്തു നായയുടെ ജന്മദിനം ആഘോഷിക്കാൻ ലക്ഷങ്ങൾ പൊടിപൊടിച്ച് ചൈനീസ് യുവതി. താൻ ഓമനിച്ചു വളർത്തുന്ന നായക്കുട്ടിയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ചൈനീസ് യുവതി ചെലവഴിച്ചത് 1,00,000 യുവാനാണ്. അതായത് ഏകദേശം 11 ലക്ഷം രൂപ. ചൈനയിലെ സിയാങ് നദിയുടെ തീരത്ത് ആകാശത്ത് വളർത്തു നായക്ക് പത്താം ജന്മദിനാശംസകളെന്ന് എഴുതി കാണിക്കാൻ 520 ഡ്രോണുകളാണ് യുവതി വാടകക്കെടുത്തത്. ജന്മദിന കേക്കിന്റെയും വളർത്തുനായയുടെയും പാറ്റേണുകൾ ഇലക്ട്രോണിക് ഫ്ളൈയിങ് മെഷീനുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്താണ് ഡ്രോണുകൾ പറത്തിയത്. 'ഐ ലവ് യു' എന്ന വാക്യത്തിന് സമാനമായി മന്ദാരിൻ ലിപിയിൽ ആകാശത്ത് എഴുതിക്കാണിക്കാനാണ് യുവതി 520 ഡ്രോണുകൾ വാടകക്കെടുത്തത്.എന്നാൽ ഡ്രോണുകൾ പറത്താൻ അനുമതിയില്ലാത്ത മേഖലയിലാണ് യുവതി പിറന്നാൾ ആഘോഷം നടത്തിയതെന്നും ഡ്രോണുകൾ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ വെടിവച്ചിടുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഡ്രോണുകൾ പറത്തുന്നതിന് മുമ്പ് എല്ലാ പൗരന്മാരും പോലീസിന്റെ അനുമതി വാങ്ങേണ്ടത് നിർബന്ധമാണെന്ന് പോലീസ് കൂട്ടിചേർത്തു. ഒക്ടോബറിൽ ഒരു ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിനുവേണ്ടി ഡ്രോണുകൾ ഉപയോഗിച്ച് ലൈറ്റ് ഷോ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകളെ തുടർന്ന് ഡ്രോണുകൾ ആൾക്കൂട്ടത്തിനിടയിലേക്ക് വീണത് പരിഭ്രാന്തി പരത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |