തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കുള്ള ബസ് വൈകിയത് ചോദ്യം ചെയ‌്തതിന് യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ട്രാവൽസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ എതിർപ്പുമായി സംഘപരിവാർ ഗ്രൂപ്പുകൾ രംഗത്തെത്തി. കല്ലടയ്‌ക്കെതിരായ നടപടികൾ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംഘപരിവാർ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ജീവനക്കാർ തെറ്റ് ചെയ്‌താൽ അവരെയാണ് ശിക്ഷിക്കേണ്ടതെന്നും അല്ലാതെ സ്ഥാപനത്തെ മുഴുവനായി തകർക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു. സ്ഥാപനത്തിനെതിരെയുള്ള നിയമ നടപടിയും ഉടമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്‌റ്റ് സർക്കാർ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് വിവിധ ഗ്രൂപ്പുകൾ വഴിയുള്ള പ്രചാരണം.
കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്ന് ഹിന്ദു ഹെൽപ്പ്ലൈന നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ ആരോപിക്കുന്നു. 'കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു ... ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ ?' എന്നും പ്രതീഷ് ചോദിക്കുന്നു. ഇതേ ആരോപണം മറ്റ് ചില ഗ്രൂപ്പുകളിലും ഉയർന്നിട്ടുണ്ട്. നെഹ്റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്ലസിനെയും തകർക്കാൻ നോക്കിയവർ തന്നെയാണ് കല്ലടയേയും തകർക്കാൻ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലിസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാൽ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസിൽ എത്തിയപ്പോൾ ഹരിപ്പാട് വെച്ചുണ്ടായ തർക്കത്തിനു പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്. ഇതോടെ സംഭവത്തിൽ കേസെടുത്ത മരട് പൊലീസ് ബസും സംഭവത്തിൽ പ്രതികളായ ജീവനക്കാരെയും കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ബസിന്റെ ഉടമയായ തൃശൂർ സ്വദേശി സുരേഷ് കല്ലടയെ വിളിച്ചു വരുത്താൻ ഇന്നലെ ദക്ഷിണ മേഖലാ എഡി.ജി.പി മനോജ് ഏബ്രഹാമിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയിരുന്നു. സുരേഷ് കുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. ഇന്നലെ കല്ലട ട്രാവൽസിന്റെ തിരുവനന്തപുരം ഓഫീസ് മാനേജരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. ബസ് സുരേഷ് കുമാറിന്റെ പേരിൽ ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്തതിനാൽ തുടർ നടപടികൾക്കായി കേസ് അവിടേക്ക് കൈമാറും. പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന് എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |