SignIn
Kerala Kaumudi Online
Saturday, 22 January 2022 2.13 AM IST

അഭിമാനം ആകാശത്തോളം

dr-s-somanath

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി നിയമിതനായ ഡോ.എസ്.സോമനാഥ് പുതിയകാലത്തെ വൈവിദ്ധ്യമാർന്ന ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങൾക്ക് വലിയ കുതിപ്പേകാൻ കഴിവുള്ള ശാസ്ത്രജ്ഞനും മികച്ച ടീം ലീഡറുമാണ്. ബഹിരാകാശരംഗത്ത് രാജ്യം വലിയ സ്വപ്നങ്ങൾ കാണുമ്പോൾ, ആ പാതയിൽ ഇസ്റോയെ നയിക്കാൻ പര്യാപ്തനായ ഒരാൾ തലപ്പത്തെത്തുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. അതൊരു മലയാളി കൂടിയാണെന്നത് ആഹ്ളാദം ആകാശത്തോളമുയർത്തുന്നു. ഈ പദവിയിലെത്തിയ പത്തുപേരിൽ അഞ്ചാമത്തെ മലയാളിയാണ് സോമനാഥ്.

പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും മാതൃകയാക്കാവുന്ന ഉജ്ജ്വല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.ആലപ്പുഴ തുറവൂരിലെ സാധാരണ കുടുംബത്തിൽ അദ്ധ്യാപകനായ ശ്രീധരപ്പണിക്കരുടെയും തങ്കമ്മയുടെയും മകനായി ജനിച്ച സോമനാഥിന്റെ സ്കൂൾ വിദ്യാഭ്യാസം മലയാളം മീഡിയത്തിലായിരുന്നുവെന്ന് മാത്രമല്ല, തന്റെ വിദ്യാഭ്യാസകാലം ഏറെയും അദ്ദേഹം ചെലവഴിച്ചത് കേരളത്തിലുമായിരുന്നു. കഠിനാദ്ധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന് സോമനാഥിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

1985 ലാണ് സോമനാഥ് ഇസ്റോയിൽ ജോലിയിൽ പ്രവേശിച്ചത്. പി.എസ്. എൽ.വി പദ്ധതിയുടെ ഭാഗമായി മാറിയ അദ്ദേഹം അവിടെ സുപ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. തുടർന്ന് ജി.എസ്.എൽ.വി മാർക്ക് -3 യുടെ പ്രോജക്ട് ഡയറക്ടറായും മാറി. 2015 ൽ വലിയമല എൽ.പി.എസ്.സി സെന്ററിന്റെ ഡയറക്ടറായും 2018 ൽ വി.എസ്. എസ്.സി ഡയറക്ടറായും നിയോഗിക്കപ്പെട്ടു. റോക്കറ്റ് സാങ്കേതിക വിദ്യയിൽ അതിപ്രഗത്ഭനായ സോമനാഥ് ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‌പനയിലും സമർത്ഥനാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ടിലും നിർണായക പങ്ക് വഹിച്ചു.

ബഹിരാകാശ രംഗം വലിയൊരു ദിശാമാറ്റത്തിനു വഴിതുറന്ന വേളയിലാണ് സോമനാഥിന്റെ സ്ഥാനാരോഹണം. അമേരിക്കയുടെ നാസയടക്കമുള്ള ബഹിരാകാശ ഏജൻസികളെ പോലും പിന്നിലാക്കി സ്വകാര്യകമ്പനികൾ റോക്കറ്റ് നിർമ്മിക്കാനും ബഹിരാകാശത്തേക്കും അന്യഗ്രഹങ്ങളിലേക്കും മനുഷ്യനെ കൊണ്ടുപോകാനും കരുത്താർജ്ജിച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സ്റ്റാർട്ടപ്പുകൾ പോലും ഈ രംഗത്ത് സജീവമായി കടന്നുവരുന്നു. ഈ വെല്ലുവിളികൾ മുന്നിൽ നില്‌ക്കുമ്പോൾ പുതിയ ദൗത്യങ്ങളോടെ ഇസ്റോയെ മുന്നോട്ടു കൊണ്ടുപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സോമനാഥിനെ കാത്തിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ, ചന്ദ്രയാൻ - 3 ,സൂര്യനെ പഠിക്കാനുള്ള ആദിത്യ എന്നിവയടക്കം വലിയ പദ്ധതികളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായി സ്വപ്നം കണ്ടതിൽ നിന്നും വലിയ വളർച്ചയിലേക്ക് ഇന്ന് ഇസ്റോ എത്തിക്കഴിഞ്ഞെങ്കിലും രാഷ്ട്രത്തിന്റെ ബഡ്ജറ്റ് വിഹിതത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബഹിരാകാശ പദ്ധതികൾക്കായി നീക്കിവയ്ക്കുന്നത്. കൂടുതൽ ധനവിനിയോഗം ആവശ്യമായ ഈ വേളയിൽ സർക്കാരിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിക്കാതെ വ്യാവസായിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വികസനപദ്ധതികൾക്കുള്ള സമ്പത്ത് കണ്ടെത്തണം. ആ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപ്പുള്ള നേതൃത്വമാണ് സോമനാഥിന്റേതെന്ന് അദ്ദേഹത്തിന്റെ മുൻകാല പ്രവൃത്തികൾ തെളിയിച്ചിട്ടുണ്ട് .

ശാസ്ത്ര പരീക്ഷണങ്ങളോടൊപ്പം നമ്മുടെ നിത്യജീവിതത്തെ ഗുണകരമായി ബാധിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഇസ്റോ ചെയ്തുവരുന്നുണ്ട്. ഭൂമിയിലെ മണ്ണിൽ ചവിട്ടി നിന്നാകണം വലിയ സ്വപ്നങ്ങൾ കാണേണ്ടതെന്ന ചിന്താഗതിക്കാരനാണ് സോമനാഥ്. ഉന്നതങ്ങളിലെത്തുമ്പോഴെല്ലാം അതിനെ വിനയത്തോടെ നോക്കിക്കാണുന്ന പ്രകൃതക്കാരനാണ്. ഇസ്റോയെ വലിയ ലക്ഷ്യങ്ങളിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് രാജ്യത്തിന്റെ മുഴുവൻ പിന്തുണയുണ്ടാകും. പുതിയ ഉത്തരവാദിത്തം വിജയകരമാകാൻ ഞങ്ങൾ എല്ലാ നന്മകളും ആശംസകളും നേരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: S SOMANATH CHAIRMAN OF ISRO
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.