കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ജലന്ധർ രൂപതാ ആസ്ഥാനത്ത് ആഹ്ളാദപ്രകടനം. ഫ്രാങ്കോമുളയ്ക്കലിന് സിന്ദാബാദ് വിളിച്ച് നിരവധിപേരാണ് ഒത്തുകൂടിയത്. നേരത്തേ വിധി വന്നയുടൻ കോടതിക്ക് സമീപത്ത് ചിലർ മധുരം വിതരണം ചെയ്തിരുന്നു.
അതേസമയം, കേസിലെ വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ് പി ഹരിശങ്കർ വ്യക്തമാക്കി. തികച്ചും ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു'- അദ്ദേഹം പറഞ്ഞു.
'ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല' അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കോളിളക്കം സൃഷ്ടിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |